സംസ്ഥാന റഗ്ബി ചാംപ്യൻഷിപ് നാളെ മുതൽ

സംസ്ഥാന സീനിയർ റഗ്ബി ടൂർണമെന്റിന് നാളെ തുടക്കമാവും. കൊടുവള്ളി ക്രെസന്റ് കൊട്ടക്കാവയൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ചാംപ്യൻഷിപ് ചക്കാലക്കൽ ഹൈസ്കൂളിന്റെയും ക്രെസന്റ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

റഗ്ബി അസോസിയേഷന് കേരള സ്പോർട്സ് കൗൺസിലിൽ അംഗീകാരം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ സീനിയർ ചാംപ്യൻഷിപ് ആണിത്.  കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള പുരുഷ വനിതാ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘടനം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ നിർവഹിക്കും.

വമ്പന്‍ തിരിച്ചുവരവ് നടത്തി ഓള്‍ ബ്ലാക്ക്സ്, ദക്ഷിണാഫ്രിക്കയോട് തോല്‍വിയ്ക്ക് പകരം വീട്ടി

51ാം മിനുട്ട് വരെ 6 -23 നു പിന്നിലായിരുന്ന ന്യൂസിലാണ്ട് 32-30 ന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയോട് കണക്ക് തീര്‍ത്തു. ന്യൂസിലാണ്ടിന്റെ നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി ടീം ഏറ്റുവാങ്ങിയെങ്കിലും അവസാന റൗണ്ട് മത്സരത്തിനു മുമ്പ് തന്നെ റഗ്ബി കിരീടം ന്യൂസിലാണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിയ്ക്ക് കണക്ക് തീര്‍ക്കാനായി എത്തിയ ന്യൂസിലാണ്ടിനു ഇത്തവണയും തുടക്കത്തില്‍ തിരിച്ചടിയായിരുന്നു ഫലം.

എന്നാല്‍ മത്സരത്തിന്റെ അവസാനത്തോടു കൂടി അചഞ്ചലമായ പോരാട്ട വീര്യം പ്രകടിപ്പിച്ച ഓള്‍ ബ്ലാക്ക്സ് അവസാന മിനുട്ടിലാണ് വിജയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തട്ടിയെടുത്തത്. മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ള 30-25നു ദക്ഷിണാഫ്രിക്കയായിരുനനു മുന്നില്‍. 59ാം മിനുട്ടില്‍ 30-13നു മുന്നിലായിരുന്ന ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയിന്റു പോലും നേടാനായില്ലെങ്കിലും 19 പോയിന്റുകളുമായി ന്യൂസിലാണ്ട് ജയം ഉറപ്പാക്കി.

ആറാം റഗ്ബി ചാമ്പ്യന്‍ഷിപ്പ്സ് കിരീടം ഉയര്‍ത്തി ഓള്‍ ബ്ലാക്ക്സ്

അര്‍ജന്റീനയെ കീഴടക്കി ആറാം റഗ്ബി കിരീടം ഉയര്‍ത്തി ന്യൂസിലാണ്ട്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ന്യൂസിലാണ്ട് ഈ നേടുന്നത്. എസ്റ്റാഡിയോ ജോസ് അമാല്‍ഫിറ്റാനിയില്‍ നടന്ന മത്സരത്തില്‍ 35-17 എന്ന സ്കോറിനായിരുന്നു ന്യൂസിലാണ്ടിന്റെ ജയം. ഓസ്ട്രേലിയയെ കീഴടക്കിയെത്തിയ അര്‍ജന്റീനയ്ക്ക് എന്നാല്‍ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ മുമ്പില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനാകാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് അനായാസം തങ്ങളുടെ കിരീടം ഉറപ്പാക്കി.

മെച്ചപ്പെട്ട് വരുന്ന ടീമായ അര്‍ജന്റീനയ്ക്കെതിരെ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തുവാനും ഇതോടെ ന്യൂസിലാണ്ടിനു സാധിച്ചു. അടുത്താഴ്ച പ്രിട്ടോറിയയില്‍ അവസാന റൗണ്ട് മത്സരത്തിനു മുമ്പ് തന്നെ ന്യൂസിലാണ്ട് കിരീടം ഉറപ്പാക്കി കഴിഞ്ഞുവെന്നതും ടീമിന്റെ ശക്തി വ്യക്തമാക്കുന്നു. 34-36 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരത്തെ ന്യൂസിലാണ്ടിനു നാട്ടില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍ ലോക റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിനുടമയായതും ന്യൂസിലാണ്ട് ടീം ആണ്. റഗ്ബി ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ 19 വര്‍ഷ കാലയളവില്‍ 13 വട്ടം വിജയികളായി കരുത്ത് തെളിയിച്ചതാണ് ഓള്‍ ബ്ലാക്ക്സ് ടീം. 1905 വരെ കറുത്ത ജഴ്സിയും വെള്ള ഷോര്‍ട്സുമായിരുന്ന ന്യൂസിലാണ്ട് ടീം അതിനു ശേഷം പൂര്‍ണ്ണമായ കറുപ്പിലേക്ക് മാറി. അന്ന് മുതല്‍ ഓള്‍ ബ്ലാക്ക്സ് എന്ന നാമവും അവര്‍ക്കൊപ്പമുണ്ട്.

https://twitter.com/TomHall/status/893271501469765632

ലോക ജേതാക്കളായ ഈ ടീമിന്റെ കറുത്ത ജഴ്സിയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായൊരു ആചാരമുണ്ട് – ഹാക്ക എന്ന യുദ്ധഭേരി. മത്സരം തുടങ്ങുന്നതിനു മുമ്പ് എതിര്‍ ടീമിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഹാക്ക നൃത്തം. ന്യൂസിലാണ്ടിലെ മാവോരി ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവട്, അല്ലേല്‍ വെല്ലുവിളിയാണ് ഹാക്ക. യുദ്ധത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും അതുവഴി എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായാണ് പൊതുവേ പോരാളികള്‍ ഹാക്ക നടപ്പിലാക്കിയിരുന്നത്. 1888-89 കാലഘട്ടത്തില്‍ ന്യൂസിലാണ്ട് റഗ്ബി ടീം ആദ്യമായി തങ്ങളുടെ മത്സരത്തിനു മുമ്പ് ഹാക്ക ചുവട് വയ്ക്കുകയും 1905 മുതല്‍ തുടര്‍ച്ചയായി അത് ചെയ്തു പോരുകയും ചെയ്യുന്നു.

https://twitter.com/elbloqueado/status/892438925171621892

ഹാക്കയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്, ആദ്യ ഭാഗം ടീമിന്റെ നായകനാണ് നടത്തുന്നത്, തുടര്‍ന്ന് മറ്റംഗങ്ങളും അദ്ദേഹത്തിനോടൊപ്പം ഹാക്ക ചുവടുകള്‍ വയ്ക്കുവാന്‍ കൂടുന്നു. കാലുകള്‍ ശക്തിയായി തറയിലിടിച്ചു, കൈകള്‍ തുടകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും, കണ്ണുരുട്ടുക, നാക്ക് പുറത്തേക്ക് നീട്ടുക, ആക്രോശങ്ങളും ഗര്‍ജ്ജനങ്ങളും അടങ്ങിയ ചടുല നീക്കങ്ങളുമാണ് ഹാക്കയുടെ പ്രത്യേകത. രണ്ട് തരം പ്രധാന ഹാക്ക ഇനങ്ങളാണ് ഓള്‍ ബ്ലാക്ക്സ് ചുവട് വയ്ക്കുന്നത് – കാ മാറ്റേയും കാപ്പ ഒ പാംഗോയും. ഒരു മികച്ച ഹാക്കയില്‍ ഏറ്റവും പ്രധാനം കാലുകളും കൈകളും ഒരു പോലെ എല്ലാവരും ചലിപ്പിക്കുക എന്നതാണ്. പരമ്പരാഗതമായി ഹാക്ക സ്ത്രീകളും പുരുഷന്മാരും (ഗോത്ര സമൂഹം) ചെയ്യുമെങ്കിലും, വെതേരോ എന്നറിയപ്പെടുന്ന നാക്ക് പുറത്തേക്ക് നീട്ടി നടത്തുന്ന പ്രകടനം പുരുഷന്മാര്‍ മാത്രമാണ് പൊതുവേ ചെയ്ത് പോരുന്നത്.

ഹാക്ക പൊതുവേ റഗ്ബി പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും, അത് എതിരാളികളെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ഒരു അടവായി പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവില്‍ ടീമുകളെല്ലാം തന്നെ ഇത് ന്യൂസിലാണ്ട് റഗ്ബി ടീമിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് ഹാക്കയ്ക്ക് മതിയായ ബഹുമാനം കൊടുക്കാറുണ്ട്, എന്നാല്‍ ചില അവസരങ്ങളില്‍ ചില ടീമുകള്‍ ഹാക്കയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതു പോല തന്നെ കാപ്പ ഒ പാംഗോയില്‍ കഴുത്തിനു കുറുകെ തള്ള വിരല്‍ നീക്കുന്ന ഹാക്ക ചലനം സൂചിപ്പിക്കുന്നത് കഴുത്തറുക്കുന്നതിനെയാണെന്ന് പറഞ്ഞൊരു വിവാദവും ഏറെക്കാലം നിലനിന്നിരുന്നു. എന്നാല്‍ അതിനു മവോരികള്‍ നല്‍കിയ വിശദീകരണം ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ജീവവായു എത്തിക്കുന്നതിനെയാണ് ആ അംഗചലനം സൂചിപ്പിക്കുന്നതെന്നാണ്.

ഹാക്കയെ പ്രശസ്തമാക്കിയത് ന്യൂസിലാണ്ട് റഗ്ബി ടീമാണെങ്കിലും ഇന്ന് ന്യൂസിലാണ്ടുകാര്‍ അതിഥികളെ സ്വീകരിക്കാനും, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അത് ചെയ്തു പോരുന്നു.

Exit mobile version