ഓൾ ബ്ലാക്സിന് മേൽ സ്പ്രിങ് ബോക്‌സ്! ദക്ഷിണാഫ്രിക്കക്ക് റെക്കോർഡ് നാലാം റഗ്ബി ലോകകപ്പ്

റഗ്ബി ലോകകപ്പ് റെക്കോർഡ് നാലാം തവണ ഉയർത്തി ദക്ഷിണാഫ്രിക്ക. റഗ്ബി ലോകകപ്പ് നാലാം തവണ നേടുന്ന ആദ്യ ടീം ആണ് സ്പ്രിങ് ബോക്‌സ്. റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ഫൈനലിൽ നേർക്കുനേർ വന്നപ്പോൾ പിറന്നത് ക്ലാസിക് ഫൈനൽ ആയിരുന്നു. ഫൈനലിൽ ന്യൂസിലാന്റിനെ 12-11 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് മറികടന്നത്. ഹാകയും ആയി എതിരാളിയെ വെല്ലുവിളിച്ചു പതിവ് പോലെ ഓൾ ബ്ലാക്സ് തുടങ്ങിയപ്പോൾ നിലവിലെ ജേതാക്കൾ കൂടിയായ ദക്ഷിണാഫ്രിക്കക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. മൂന്നാം മിനിറ്റിലും 13 മത്തെ മിനിറ്റിലും ലഭിച്ച ഫീൽഡ് പെനാൽട്ടികൾ ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്ക് 6-0 ന്റെ മുൻതൂക്കം നൽകി.

എന്നാൽ 17 മത്തെ മിനിറ്റിൽ ഫീൽഡ് പെനാൽട്ടിയിലൂടെ റിച്ചി മൗങ സ്‌കോർ 6-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മറ്റൊരു ഫീൽഡ് പെനാൽട്ടിയിലൂടെ പൊള്ളാർഡ് സ്‌കോർ 9-3 ആക്കി മാറ്റി. 27 മത്തെ മിനിറ്റിൽ ആണ് കളി മാറിയ തീരുമാനം ഉണ്ടായത്. ജെസ്സെ ക്രിയലിനു എതിരായ അപകടകരമായ ടാക്കിളിന് ന്യൂസിലാന്റ് ക്യാപ്റ്റൻ സാം കെയിനു നൽകിയ മഞ്ഞ കാർഡ് റിവ്യൂയിന് ശേഷം ചുവപ്പ് കാർഡ് ആയി ഉയർത്തിയതോടെ ഓൾ ബ്ലാക്സ് 14 പേരായി ചുരുങ്ങി. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഓൾ ബ്ലാക്സ് ക്യാപ്റ്റൻ മാറി. തുടർന്ന് 34 മത്തെ മിനിറ്റിൽ പൊള്ളാർഡ് ഒരു ഫീൽഡ് പെനാൽട്ടി കൂടി ലക്ഷ്യത്തിൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് 12-3 എന്ന മുൻതൂക്കം ലഭിച്ചു. നാലു മിനിറ്റിനുള്ളിൽ ഒരു ഫീൽഡ് പെനാൽട്ടി നേടി സ്‌കോർ 12-6 ആക്കിയാണ് ന്യൂസിലാന്റ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിയ കൊലിസി മഞ്ഞ കാർഡ് കണ്ടതോടെ കുറച്ചു നേരം ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങി. എന്നാൽ റിവ്യൂയിൽ ഇത് ചുവപ്പ് ആയി ഉയർത്തിയില്ല. തുടർന്ന് മനോഹരമായ നീക്കത്തിലൂടെ തന്റെ അവസാന മത്സരം കളിക്കുന്ന ആരോൺ സ്മിത്ത് ഒരു ട്രെ നേടിയെങ്കിലും മുമ്പുള്ള ഫൗൾ കാരണം റഫറി ഈ ട്രെ അനുവദിച്ചില്ല. എന്നാൽ ഇതിനു തൊട്ടു പിന്നാലെ 58 മത്തെ മിനിറ്റിൽ ബൂഡൻ ബാരറ്റ് ഫൈനലിലെ ഏക ട്രെ ഓൾ ബ്ലാക്സിന് ആയി നേടിയതോടെ സ്‌കോർ 12-11 ആയി. എന്നാൽ തുടർന്ന് ലഭിച്ച കൺവെർഷൻ പെനാൽട്ടി ലക്ഷ്യം കാണാൻ റിച്ചി മൗങക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ കോൽബെക്ക് മഞ്ഞ കാർഡ് കണ്ടതോടെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്ക 14 പേരായി ചുരുങ്ങി. എന്നാൽ അപ്പോൾ ലഭിച്ച ഫീൽഡ് പെനാൽട്ടിയും ലക്ഷ്യം കാണാൻ റിച്ചിക്ക് ആയില്ല.

അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങിയതിനു പിന്നാലെ ഓൾ ബ്ലാക്സ് കളി ജയിക്കാൻ ആയി ആഞ്ഞു പരിശ്രമിച്ചു എങ്കിലും സ്പ്രിങ് ബോക്‌സ് പ്രതിരോധം പിടിച്ചു നിന്നു. ഏതാണ്ട് ഒരു മണിക്കൂർ 14 പേരായി കളിച്ചിട്ടും ഓൾ ബ്ലാക്സ് മത്സരത്തിൽ അവിശ്വസനീയം ആയ പോരാട്ടം ആണ് കാഴ്ച വച്ചത്. കിരീടത്തിനു ഹാന്ദ്ര പൊള്ളാർഡിന്റെ ബൂട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മത്സരത്തിൽ 28 ടാക്കിളുകൾ നടത്തിയ ദക്ഷിണാഫ്രിക്കൻ ഫ്ലാങ്കർ പീയ്റ്റർ-സ്റ്റെഫ് ഡു ടോയ്റ്റ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. റെക്കോർഡ് നാലാം കിരീട നേട്ടത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച റഗ്ബി ടീം ആരാണ് എന്ന ചോദ്യത്തിന് ഓൾ ബ്ലാക്സിന് മുന്നിൽ എത്തി നിലവിൽ സ്പ്രിങ് ബോക്‌സ്.

തുടക്കം ഗംഭീരമാക്കി ഓൾ ബ്ളാക്‌സ്, ജയം കണ്ട് ഫ്രാൻസ്, ഓസ്‌ട്രേലിയ

റഗ്ബി ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് നിലവിലെ ജേതാക്കൾ ആയ ന്യൂസിലാൻഡ് തുടക്കം ഗംഭീരമാക്കി. 23-13 എന്ന സ്കോറിന് ആയിരുന്നു ഓൾ ബ്ളാക്‌സ് ജയം കണ്ടത്. ആദ്യ പകുതിയിൽ 5 മിനിറ്റിനുള്ളിൽ 17 പോയിന്റുകൾ നേടിയ പ്രകടനം ആണ് ന്യൂസിലാൻഡിനു നിർണായകമായത്. തിരിച്ചു വരവിനുള്ള സകലശ്രമവും സ്പ്രിങ് ബോക്‌സ് നടത്തിയെങ്കിലും ഓൾ ബ്ളാക്‌സിന്റെ കരുത്തിനു മുന്നിൽ അതൊന്നും വിലപോയില്ല. സ്‌കോട്ട് ബാരെറ്റിന്റെ മൂന്നും പ്രകടനം ആണ് ന്യൂസിലാൻഡ് ജയത്തിൽ നിർണായകമായത്. സ്‌കോട്ട് തന്നെയായിരുന്നു കളിയിലെ കേമനും. ഇതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമത് ആവുക എന്ന കടമ്പയിലേക്ക് ന്യൂസിലാൻഡ് അടുത്തു. 2007 നു ശേഷം ലോകകപ്പിൽ തോൽവി അറിയാത്ത ന്യൂസിലാൻഡിന്റെ തുടർച്ചയായ 15 മത്തെ ജയം ആണ് ലോകകപ്പിൽ ഇത്.

അതേസമയം ഗ്രൂപ്പ് സിയിലെ കരുത്തർ തമ്മിലുള്ള മുഖാമുഖത്തിൽ ഫ്രാൻസ് അർജന്റീനയെ 23-21 എന്ന സ്കോറിന് മറികടന്നു. ആവേശകരമായ മത്സരത്തിൽ അർജന്റീനയുടെ കടുത്ത വെല്ലുവിളിയാണ് ഫ്രാൻസ് നേരിട്ടത്. 20-3 ൽ നിന്നു തിരിച്ചു വന്ന അർജന്റീന സകല കരുത്തും ഉപയോഗിച്ച് പൊരുതി നോക്കിയെങ്കിലും ഫ്രാൻസ് വിട്ട് കൊടുത്തില്ല. ഇതോടെ മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ അർജന്റീനയുടെ നില പരുങ്ങലിൽ ആയി. ഇംഗ്ലണ്ട് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ മുന്നോട്ടു പോവാൻ അർജന്റീന ഇനി നന്നായി വിയർക്കേണ്ടി വരും. അതിനാൽ തന്നെ വളരെ നിർണായകജയം ആണ് ഫ്രാൻസിന് ഇത്.

ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയ ഫിജിയെ തകർക്കുന്നതും ഇന്ന് കണ്ടു. 39-21 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയ ജയം കണ്ടത്. വെയിൽസ് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ അപകടകാരികൾ ആയ ഫിജിക്ക് എതിരെയുള്ള ജയം ഓസ്‌ട്രേലിയക്ക് നിർണായകമാണ്. ലോകകപ്പിൽ നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ 10.15 നു ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇറ്റലി നമീബിയെ നേരിടുമ്പോൾ രണ്ടാം മത്സരം ഗ്രൂപ്പ് എയിലെ ആധിപത്യം നേടാനായുള്ള അയർലൻഡ് സ്‌കോട്ട്‌ലൻഡ് പോരാട്ടം ആവും. ലോകകപ്പിലെ തന്നെ ആവേശപോരാട്ടം ആവും 12.15 നു തുടങ്ങുന്ന ഈ മത്സരം. ലോകകപ്പ് നേടാൻ പലരും വലിയ സാധ്യത ആണ് അയർലൻഡിനു നൽകുന്നത്. നാളത്തെ അവസാനമത്സരം 3.15 നു മുൻജേതാക്കൾ ആയ ഇംഗ്ലണ്ടും ടോങോയും തമ്മിൽ ആണ്. മരണഗ്രൂപ്പിൽ ജയം കാണേണ്ടതിനാൽ ജയത്തിൽ കുറഞ്ഞ ഒന്നും ഇംഗ്ലണ്ട് മത്സരത്തിൽ നിന്നു പ്രതീക്ഷിക്കുന്നില്ല.

വമ്പന്‍ തിരിച്ചുവരവ് നടത്തി ഓള്‍ ബ്ലാക്ക്സ്, ദക്ഷിണാഫ്രിക്കയോട് തോല്‍വിയ്ക്ക് പകരം വീട്ടി

51ാം മിനുട്ട് വരെ 6 -23 നു പിന്നിലായിരുന്ന ന്യൂസിലാണ്ട് 32-30 ന്റെ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയോട് കണക്ക് തീര്‍ത്തു. ന്യൂസിലാണ്ടിന്റെ നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിത തോല്‍വി ടീം ഏറ്റുവാങ്ങിയെങ്കിലും അവസാന റൗണ്ട് മത്സരത്തിനു മുമ്പ് തന്നെ റഗ്ബി കിരീടം ന്യൂസിലാണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിയ്ക്ക് കണക്ക് തീര്‍ക്കാനായി എത്തിയ ന്യൂസിലാണ്ടിനു ഇത്തവണയും തുടക്കത്തില്‍ തിരിച്ചടിയായിരുന്നു ഫലം.

എന്നാല്‍ മത്സരത്തിന്റെ അവസാനത്തോടു കൂടി അചഞ്ചലമായ പോരാട്ട വീര്യം പ്രകടിപ്പിച്ച ഓള്‍ ബ്ലാക്ക്സ് അവസാന മിനുട്ടിലാണ് വിജയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് തട്ടിയെടുത്തത്. മത്സരം അവസാനിക്കുവാന്‍ അഞ്ച് മിനുട്ടുള്ള 30-25നു ദക്ഷിണാഫ്രിക്കയായിരുനനു മുന്നില്‍. 59ാം മിനുട്ടില്‍ 30-13നു മുന്നിലായിരുന്ന ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഒരു പോയിന്റു പോലും നേടാനായില്ലെങ്കിലും 19 പോയിന്റുകളുമായി ന്യൂസിലാണ്ട് ജയം ഉറപ്പാക്കി.

ആറാം റഗ്ബി ചാമ്പ്യന്‍ഷിപ്പ്സ് കിരീടം ഉയര്‍ത്തി ഓള്‍ ബ്ലാക്ക്സ്

അര്‍ജന്റീനയെ കീഴടക്കി ആറാം റഗ്ബി കിരീടം ഉയര്‍ത്തി ന്യൂസിലാണ്ട്. തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ന്യൂസിലാണ്ട് ഈ നേടുന്നത്. എസ്റ്റാഡിയോ ജോസ് അമാല്‍ഫിറ്റാനിയില്‍ നടന്ന മത്സരത്തില്‍ 35-17 എന്ന സ്കോറിനായിരുന്നു ന്യൂസിലാണ്ടിന്റെ ജയം. ഓസ്ട്രേലിയയെ കീഴടക്കിയെത്തിയ അര്‍ജന്റീനയ്ക്ക് എന്നാല്‍ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ മുമ്പില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനാകാതെ വന്നപ്പോള്‍ ന്യൂസിലാണ്ട് അനായാസം തങ്ങളുടെ കിരീടം ഉറപ്പാക്കി.

മെച്ചപ്പെട്ട് വരുന്ന ടീമായ അര്‍ജന്റീനയ്ക്കെതിരെ തങ്ങളുടെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തുവാനും ഇതോടെ ന്യൂസിലാണ്ടിനു സാധിച്ചു. അടുത്താഴ്ച പ്രിട്ടോറിയയില്‍ അവസാന റൗണ്ട് മത്സരത്തിനു മുമ്പ് തന്നെ ന്യൂസിലാണ്ട് കിരീടം ഉറപ്പാക്കി കഴിഞ്ഞുവെന്നതും ടീമിന്റെ ശക്തി വ്യക്തമാക്കുന്നു. 34-36 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരത്തെ ന്യൂസിലാണ്ടിനു നാട്ടില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.

Exit mobile version