ഓൾ ബ്ലാക്സിന് മേൽ സ്പ്രിങ് ബോക്‌സ്! ദക്ഷിണാഫ്രിക്കക്ക് റെക്കോർഡ് നാലാം റഗ്ബി ലോകകപ്പ്

റഗ്ബി ലോകകപ്പ് റെക്കോർഡ് നാലാം തവണ ഉയർത്തി ദക്ഷിണാഫ്രിക്ക. റഗ്ബി ലോകകപ്പ് നാലാം തവണ നേടുന്ന ആദ്യ ടീം ആണ് സ്പ്രിങ് ബോക്‌സ്. റഗ്ബി ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകൾ ഫൈനലിൽ നേർക്കുനേർ വന്നപ്പോൾ പിറന്നത് ക്ലാസിക് ഫൈനൽ ആയിരുന്നു. ഫൈനലിൽ ന്യൂസിലാന്റിനെ 12-11 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് മറികടന്നത്. ഹാകയും ആയി എതിരാളിയെ വെല്ലുവിളിച്ചു പതിവ് പോലെ ഓൾ ബ്ലാക്സ് തുടങ്ങിയപ്പോൾ നിലവിലെ ജേതാക്കൾ കൂടിയായ ദക്ഷിണാഫ്രിക്കക്ക് വിട്ടു കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. മൂന്നാം മിനിറ്റിലും 13 മത്തെ മിനിറ്റിലും ലഭിച്ച ഫീൽഡ് പെനാൽട്ടികൾ ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്ക് 6-0 ന്റെ മുൻതൂക്കം നൽകി.

എന്നാൽ 17 മത്തെ മിനിറ്റിൽ ഫീൽഡ് പെനാൽട്ടിയിലൂടെ റിച്ചി മൗങ സ്‌കോർ 6-3 ആക്കി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ മറ്റൊരു ഫീൽഡ് പെനാൽട്ടിയിലൂടെ പൊള്ളാർഡ് സ്‌കോർ 9-3 ആക്കി മാറ്റി. 27 മത്തെ മിനിറ്റിൽ ആണ് കളി മാറിയ തീരുമാനം ഉണ്ടായത്. ജെസ്സെ ക്രിയലിനു എതിരായ അപകടകരമായ ടാക്കിളിന് ന്യൂസിലാന്റ് ക്യാപ്റ്റൻ സാം കെയിനു നൽകിയ മഞ്ഞ കാർഡ് റിവ്യൂയിന് ശേഷം ചുവപ്പ് കാർഡ് ആയി ഉയർത്തിയതോടെ ഓൾ ബ്ലാക്സ് 14 പേരായി ചുരുങ്ങി. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോകുന്ന ചരിത്രത്തിലെ ആദ്യ താരമായി ഓൾ ബ്ലാക്സ് ക്യാപ്റ്റൻ മാറി. തുടർന്ന് 34 മത്തെ മിനിറ്റിൽ പൊള്ളാർഡ് ഒരു ഫീൽഡ് പെനാൽട്ടി കൂടി ലക്ഷ്യത്തിൽ എത്തിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് 12-3 എന്ന മുൻതൂക്കം ലഭിച്ചു. നാലു മിനിറ്റിനുള്ളിൽ ഒരു ഫീൽഡ് പെനാൽട്ടി നേടി സ്‌കോർ 12-6 ആക്കിയാണ് ന്യൂസിലാന്റ് ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സിയ കൊലിസി മഞ്ഞ കാർഡ് കണ്ടതോടെ കുറച്ചു നേരം ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങി. എന്നാൽ റിവ്യൂയിൽ ഇത് ചുവപ്പ് ആയി ഉയർത്തിയില്ല. തുടർന്ന് മനോഹരമായ നീക്കത്തിലൂടെ തന്റെ അവസാന മത്സരം കളിക്കുന്ന ആരോൺ സ്മിത്ത് ഒരു ട്രെ നേടിയെങ്കിലും മുമ്പുള്ള ഫൗൾ കാരണം റഫറി ഈ ട്രെ അനുവദിച്ചില്ല. എന്നാൽ ഇതിനു തൊട്ടു പിന്നാലെ 58 മത്തെ മിനിറ്റിൽ ബൂഡൻ ബാരറ്റ് ഫൈനലിലെ ഏക ട്രെ ഓൾ ബ്ലാക്സിന് ആയി നേടിയതോടെ സ്‌കോർ 12-11 ആയി. എന്നാൽ തുടർന്ന് ലഭിച്ച കൺവെർഷൻ പെനാൽട്ടി ലക്ഷ്യം കാണാൻ റിച്ചി മൗങക്ക് ആയില്ല. അവസാന നിമിഷങ്ങളിൽ കോൽബെക്ക് മഞ്ഞ കാർഡ് കണ്ടതോടെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്ക 14 പേരായി ചുരുങ്ങി. എന്നാൽ അപ്പോൾ ലഭിച്ച ഫീൽഡ് പെനാൽട്ടിയും ലക്ഷ്യം കാണാൻ റിച്ചിക്ക് ആയില്ല.

അവസാന മിനിറ്റുകളിൽ ദക്ഷിണാഫ്രിക്കയും 14 പേരായി ചുരുങ്ങിയതിനു പിന്നാലെ ഓൾ ബ്ലാക്സ് കളി ജയിക്കാൻ ആയി ആഞ്ഞു പരിശ്രമിച്ചു എങ്കിലും സ്പ്രിങ് ബോക്‌സ് പ്രതിരോധം പിടിച്ചു നിന്നു. ഏതാണ്ട് ഒരു മണിക്കൂർ 14 പേരായി കളിച്ചിട്ടും ഓൾ ബ്ലാക്സ് മത്സരത്തിൽ അവിശ്വസനീയം ആയ പോരാട്ടം ആണ് കാഴ്ച വച്ചത്. കിരീടത്തിനു ഹാന്ദ്ര പൊള്ളാർഡിന്റെ ബൂട്ടുകൾ ആണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. മത്സരത്തിൽ 28 ടാക്കിളുകൾ നടത്തിയ ദക്ഷിണാഫ്രിക്കൻ ഫ്ലാങ്കർ പീയ്റ്റർ-സ്റ്റെഫ് ഡു ടോയ്റ്റ് ആണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. റെക്കോർഡ് നാലാം കിരീട നേട്ടത്തോടെ ലോകത്തിലെ എക്കാലത്തെയും മികച്ച റഗ്ബി ടീം ആരാണ് എന്ന ചോദ്യത്തിന് ഓൾ ബ്ലാക്സിന് മുന്നിൽ എത്തി നിലവിൽ സ്പ്രിങ് ബോക്‌സ്.

റഗ്ബി വനിത സ്വർണം നേടി കരുത്ത് കാണിച്ചു ന്യൂസിലാൻഡ്

പുരുഷ വിഭാഗത്തിൽ തങ്ങളുടെ ഏറ്റവും വലിയ ശക്തിയായ റഗ്ബി സെവൻസിൽ സ്വർണം കൈവിട്ടതിന്റെ നിരാശ വനിതകളിലൂടെ മറികടന്നു ബ്ലാക് ക്യാപ്‌സ്. ഫ്രാൻസിനെതിരെ മികച്ച ആധിപത്യം കാണിച്ച ഫൈനലിൽ 26-12 എന്ന സ്കോറിന് ആണ് ന്യൂസിലാൻഡ് വനിതകൾ സ്വർണം ഉറപ്പിച്ചത്.

രണ്ടാം സ്ഥാനക്കാർ ആയെങ്കിലും കരുത്തരായ ന്യൂസിലാൻഡ് ടീമിനോട് പൊരുതി വെള്ളി നേടാൻ ആയതിൽ ഫ്രാൻസിന് വലിയ നേട്ടമായി. അതേസമയം പുരുഷ വിഭാഗത്തിൽ സ്വർണം നേടി ചരിത്രം ആവർത്തിച്ച ഫിജി ആദ്യമായി വനിത വിഭാഗത്തിലും മെഡൽ സ്വന്തമാക്കി. ബ്രിട്ടന് എതിരെ വലിയ ആധിപത്യത്തോടെ 21-12 നു ജയം കണ്ടാണ് ഫിജി വനിതകൾ വെങ്കലം സ്വന്തമാക്കിയത്.

ഇംഗ്ലീഷ് റഗ്ബി താരത്തിന് കൊറോണ ബാധയെന്നു സംശയം

ഇംഗ്ലീഷ്‌ റഗ്ബി താരം മാകോ വുനിപോളക്ക് കൊറോണ വൈറസ് ബാധയാണ് എന്ന് സംശയം. ഇതിനെ തുടർന്ന് താരം ഡോക്ടർമാരുടെ നിർദേശപ്രകാരം കളിക്കളത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചു. താരത്തിനെ ഒറ്റക്ക് നിരീക്ഷിക്കാനും തീരുമാനിച്ചു. ഇതോടെ 6 രാജ്യങ്ങളുടെ മത്സരത്തിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം കളിക്കില്ല എന്നുറപ്പായി. ടോങ വംശജനായ താരം കഴിഞ്ഞ ആഴ്ച ടോങ സന്ദർശനത്തിനു ശേഷം മടങ്ങുമ്പോൾ ഹോങ് കോങ് വഴി ആണ് ഇംഗ്ലണ്ടിൽ എത്തിയത്.

ഇത് വരെ കൊറോണ വൈറസ് ബാധയുടെ വലിയ ലക്ഷണങ്ങൾ ഒന്നും താരം കാണിച്ചില്ല എങ്കിലും നിരവധി കൊറോണ ബാധ രോഗങ്ങൾ റിപ്പോർട്ട് ചെയ്ത ഹോങ് കോങിലൂടെ സഞ്ചരിച്ചതിനാൽ താരത്തെ നിരീക്ഷിക്കാൻ ഇംഗ്ലീഷ് റഗ്ബി യൂണിയൻ തീരുമാനിക്കുക ആയിരുന്നു. മുന്നൊരുക്കങ്ങളുടെ ഭാഗം ആയി ആണ് താരത്തെ നിരീക്ഷിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഈ നില തുടർന്നാൽ ടൂർണമെന്റിലെ മറ്റ്‌ മത്സരങ്ങളും താരത്തിന് നഷ്ടമാവും. നിലവിൽ ഇത് വരെ 51 കൊറോണ വൈറസ് രോഗങ്ങൾ ആണ് ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സഖ്യ ഇനിയും കൂടിയാൽ നിരവധി കായികമത്സരങ്ങളെ അത് ബാധിക്കും എന്നുറപ്പാണ്.

ലിവർപൂളിനെ മറികടന്ന് 2019 ലെ മികച്ച ടീം ആയി ദക്ഷിണാഫ്രിക്കൻ റഗ്ബി ടീം

ലോറിയസ് അവാർഡിൽ 2019 ലെ ഏറ്റവും മികച്ച ടീമായി ദക്ഷിണാഫ്രിക്കൻ റഗ്ബി ടീം. 2019 ൽ ആദ്യ മത്സരം തോറ്റ ശേഷം റഗ്ബി ലോകകപ്പ് ഉയർത്തിയ സ്പ്രിങ് ബോക്‌സ് 2019 ൽ ലീഗിൽ ഒരു മത്സരം പോലും തോൽക്കാത്ത യൂറോപ്യൻ ജേതാക്കൾ ആയ ലിവർപൂളിനെ ആണ് മറികടന്നത്. ലിവർപൂളിന് പുറമെ 3 തവണ ലോകകപ്പ് ഉയർത്തിയ അമേരിക്കൻ വനിത ഫുട്‌ബോൾ ടീം, സ്പെയിന്റെ ബാസ്ക്കറ്റ് ബോൾ ടീം, എൻ.ബി.എ ടീം ആയ ടൊറാന്റോ റാപിറ്റേഴ്‌സ്, ഫോർമുല വണ്ണിലെ മെഴ്‌സിഡസ് ടീം എന്നിവരെയും സ്പ്രിങ് ബോക്‌സ് മറികടന്നു. ദക്ഷിണാഫ്രിക്കയുടെ മൂന്നാം ലോകകിരീടം ആയിരുന്നു സ്പ്രിങ് ബോക്‌സ് കഴിഞ്ഞ വർഷം നേടിയത്.

അതേസമയം കൊളംബിയൻ സൈക്കിളിംഗ് താരം ഈഗൻ ബെർനൽ വർഷത്തെ പുതിയ കണ്ടത്തൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. ടെന്നീസ് താരങ്ങൾ ആയ കാനഡയുടെ ബിയാങ്ക ആന്ദ്രീസ്ക്കു, അമേരിക്കയുടെ 15 കാരി കൊക്കോ ഗോഫ്, ബോക്സിങ് താരം ആന്റി റൂയിസ് ജൂനിയർ, അമേരിക്കൻ നീന്തൽ താരം റീഗൻ സ്മിത്ത്,ലോകകപ്പിൽ സ്വപ്നകുതിപ്പ് നടത്തിയ ജപ്പാന്റെ റഗ്ബി ടീം എന്നിവയെ എല്ലാം കൊളംബിയൻ താരം മറികടന്നു. മികച്ച തിരിച്ചു വരവ് ആയി ജർമ്മൻ വനിത ഡ്രൈവർ സോഫിയ ഫ്ലോർഷ് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ നീന്തൽ താരം അഡ്രിയാൻ, ഓസ്‌ട്രേലിയൻ റഗ്ബി താരം ക്രിസ്ത്യൻ, ബ്രിട്ടീഷ് ടെന്നീസ് ഇതിഹാസം ആന്റി മറെ, അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ലനാർഡ് എന്നിവർക്ക് പിറമെ ബാഴ്‍സലോണക്ക് എതിരായ 3 ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പാതത്തിലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ തിരിച്ചു വരവിനെയും സോഫിയ മറികടന്നു.

ഫോസ്റ്റർ ഇനി ആൾ ബ്ലാക്സിന്റെ പരിശീലകൻ!!

ന്യൂസിലൻഡ് റഗ്ബി ടീമിന്റെ പുതിയ പരിശീലകനായി ഇയാൻ ഫോസ്റ്റർ ചുമതലയേറ്റെടുത്തു. മുൻ പരിശീലകനായ സ്റ്റീവ് ഹാൻസന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്നു ഇത്ര കാലവും ഇയാൻ ഫോസ്റ്റർ. അവസാന എട്ടു വർഷമായി ഹാൻസന്റെ കൂടെ ഫോസ്റ്റർ ഉണ്ടായിരുന്നു. ഹാൻസന്റെ കോച്ചിംഗ് പോളിസികളുടെ തുടർച്ചക്ക് വേണ്ടിയാണ് ഫോസ്റ്ററിനെ തന്നെ ആൾ ബ്ലാക്സ് പരിശീലകനായി നിയമിച്ചത്.

2012ൽ പരിശീലകനായി എത്തിയ ഹാൻസൻ 2 തവണ ന്യൂസിലൻഡിനെ ലോക ചാമ്പ്യന്മാരാക്കിയിരുന്നു‌. ഈ കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനൽ ഇംഗ്ലണ്ടിനോട് തോറ്റ് കിരീടം നഷ്ടപ്പെട്ടതോടെയാണ് ഹാൻസൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. ഇപ്പോൾ ഫോസ്റ്റർ രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്.

അനായാസം സ്പ്രിങ് ബോക്‌സ്, റഗ്ബി ലോകകിരീടം ദക്ഷിണാഫ്രിക്കക്ക്

2019 ലെ റഗ്ബി ലോകകിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇംഗ്ലണ്ടിനെ 32-12 നു തകർത്താണ് സ്പ്രിങ് ബോക്‌സ് തങ്ങളുടെ മൂന്നാം ലോകകിരീടം ഉയർത്തിയത്. ഇതോടെ മൂന്ന് ലോകകിരീടവുമായി ന്യൂസിലാൻഡിനു ഒപ്പമെത്തി ദക്ഷിണാഫ്രിക്ക. ചരിത്രത്തിൽ ആദ്യമായാണ് ഗ്രൂപ്പിൽ ഒരു തോൽവി വഴങ്ങിയ ടീം റഗ്ബി ലോകകപ്പ് ഉയർത്തുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോൽവി വഴങ്ങിയ ശേഷം സ്പ്രിങ് ബോക്‌സ് നടത്തിയ ഉയിർത്തെഴുന്നേൽപ്പ് കൂടിയായി ഈ കിരീടാനേട്ടം. ഇംഗ്ലണ്ടിന് ആവട്ടെ ദക്ഷിണാഫ്രിക്ക ഒരിക്കൽ കൂടി ബാലികേറാ മലയായി. സെമിഫൈനലിൽ ന്യൂസിലാൻഡിനെ മറികടന്ന ഇംഗ്ലണ്ടിനെ ആയിരുന്നില്ല ഫൈനലിൽ കണ്ടത്. ശാരീരികമായി മാറ്റുരച്ച ഫൈനലിൽ എല്ലാ നിലയിലും ആധിപത്യം നേടി ദക്ഷിണാഫ്രിക്ക.

ജപ്പാൻ കിരീടാവകാശിയിൽ നിന്നു ലോകകിരീടം സ്വീകരിച്ചു ലോകകിരീടം ഉയർത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ ആയ ദക്ഷിണാഫ്രിക്കൻ നായകൻ ആയി ചരിത്രം കുറിക്കുക കൂടി ചെയ്തു സ്പ്രിങ് ബോക്‌സ് നായകൻ സിയ കൊലിസി. ഹാരി രാജകുമാരനെയും, ജപ്പാൻ, ദക്ഷിണാഫ്രിക്ക ഭരണാധികാരികളേയും സാക്ഷിയാക്കി ദയാരഹിതമായ പ്രകടനം തന്നെയാണ് ഇരു പകുതികളിലും ദക്ഷിണാഫ്രിക്കയിൽ നിന്നുണ്ടായത്. ആദ്യ പകുതിയിൽ ലഭിച്ച 4 പെനാൽട്ടികളും ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡിനു ലഭിച്ച 2 പെനാൽട്ടികളും ലക്ഷ്യം കണ്ട ഇംഗ്ലീഷ് നായകൻ ഓവൻ ഫെരൽ മറുപടി നൽകിയപ്പോൾ ആദ്യപകുതി അവസാനിക്കുമ്പോൾ സ്‌കോർ 12-6. രണ്ടാം പകുതിയുടെ തുടക്കത്തിൽ 40 മീറ്റർ അകലെ നിന്നു വീണ്ടും പെനാൽട്ടി ലക്ഷ്യം കണ്ട പൊള്ളാർഡ് ദക്ഷിണാഫ്രിക്കയുടെ ലീഡ് വീണ്ടും ഉയർത്തി.

എന്നാൽ 6 മിനിറ്റിനുള്ളിൽ വീണ്ടുമൊരു പെനാൽട്ടി ലക്ഷ്യം കണ്ട് ലീഡ് കുറച്ചു. എന്നാൽ 3 മിനിറ്റിനപ്പുറം കിട്ടിയ പെനാൽട്ടി ഫെരൽ നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. നിമിഷങ്ങൾക്കകം ലഭിച്ച പെനാൽട്ടി പൊള്ളാർഡ് ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് പരാജയം മണത്തു. എന്നാൽ രണ്ടു മിനിറ്റിനകം ഫെരൽ പെനാൽയിലൂടെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. 63 മിനിറ്റിൽ പൊള്ളാർഡ് പെനാൽട്ടി നഷ്ടമാകുന്നത് ആണ് പിന്നീട് കണ്ടത്. 66 മിനിറ്റിൽ വിങർ മാപിമ്പി തന്റെ മികവ് പുറത്തെടുത്തപ്പോൾ ഫൈനലിലെ ആദ്യ ട്രൈ ദക്ഷിണാഫ്രിക്ക നേടി. 75 മിനിറ്റിൽ ജയം ഉറപ്പിച്ച രണ്ടാം ട്രൈ കൂടി കൊൽബെ നേടിയതോടെ ദക്ഷിണാഫ്രിക്കൻ ആരാധകർ സ്വർഗ്ഗം കണ്ടു. 30 മീറ്ററിൽ അധികം ഓടിയാണ് കൊൽബെ തന്റെ ട്രൈ പൂർത്തിയാക്കിയത്. ട്രൈ ശേഷമുള്ള എക്സ്ട്രാസ് മുതലെടുത്ത പൊള്ളാർഡ് ആവട്ടെ ലീഡ് ഉയർത്തുക കൂടി ചെയ്തു. പരിശീലകൻ റസി ഇറാസ്മസിന്റെ എഡി ജോൺസിന് മേലുള്ള ജയം കൂടിയായി ഇത്. കളിച്ച മൂന്ന് ലോകകപ്പ് ഫൈനലുകളും ജയിച്ച ദക്ഷിണാഫ്രിക്ക 1995 നും 2007 നും ശേഷം ഒരിക്കൽ കൂടി വെബ് എല്ലിസ് കപ്പിൽ മുത്തമിട്ടു. ദക്ഷിണാഫ്രിക്കക്ക് ഒപ്പം ലോകകപ്പ് മനോഹരമാക്കിയ ജപ്പാൻ കൂടി അർഹിക്കുന്നു ഈ ലോകകപ്പിലെ വലിയ കയ്യടികൾ. അഭിനന്ദനങ്ങൾ ദക്ഷിണാഫ്രിക്ക, ജപ്പാൻ.

റഗ്ബി ലോകകപ്പിൽ മൂന്നാം സ്ഥാനം നേടി ഓൾ ബ്ളാക്‌സ്

കഴിഞ്ഞ ആഴ്ച സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ഏറ്റ തോൽവിക്ക് മൂന്നാം സ്ഥാനത്തിലൂടെ ആശ്വാസം കണ്ടത്തി ന്യൂസിലാൻഡ്. കഴിഞ്ഞ രണ്ട് റഗ്ബി ലോകകപ്പുകളും ജയിച്ച ന്യൂസിലാൻഡിനു ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വെയിൽസിന് എതിരെ 40-17 എന്ന സ്കോറിന് ആണ് ഓൾ ബ്ളാക്‌സ് ജയം കണ്ടത്. ജോ മൂഡി, ബോഡൻ ബാരെറ്റ്, ബെൻ സ്മിത്ത്, റയാൻ ക്രോട്ടി, റിച്ചി മൗങ എന്നിവരിലൂടെ 6 ട്രൈകൾ ആണ് ഓൾ ബ്ളാക്‌സ് മത്സരത്തിൽ നേടിയത്.

അതേസമയം ജോഷുവ ആദംസ്, ഹല്ലൻ ആമോസ് എന്നിവരിലൂടെ 2 ട്രൈ നേടാനെ വെയിൽസിന് സാധിച്ചുള്ളൂ. മുന്നേറ്റത്തിൽ എന്ന പോലെ പ്രതിരോധം ആണ് ന്യൂസിലാൻഡിനു ജയം സമ്മാനിച്ചത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷം ന്യൂസിലാൻഡിനെ അപരാജിതർ ആക്കിയ ഇതിഹാസ പരിശീലകൻ സ്റ്റീവ് ഹാൻസന്റെ അവസാനമത്സരം കൂടിയായി ഇത്. 2 ലോകകപ്പുകൾ നേടി കൊടുത്ത ഹാൻസനു ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം ഓൾ ബ്ളാക്‌സ് നായകൻ കിരൺ റീഡും ഈ മത്സരത്തോടെ റഗ്ബിയോട് വിട പറഞ്ഞു. അതേസമയം ഈ മത്സരത്തോടെ 12 വർഷങ്ങൾക്ക് ശേഷം വെയിൽസ് പരിശീലകൻ വാരൻ ഗെറ്റ്ലാന്റും സ്ഥാനം ഒഴിഞ്ഞു.

റഗ്ബി സെമിഫൈനലിലെ ഹാക്ക പ്രതികരണത്തിനു ഇംഗ്ലണ്ടിന് പിഴ

റഗ്ബി ലോകകപ്പിൽ മത്സരത്തിനു മുമ്പ് ന്യൂസിലാൻഡിന്റെ ഹാക്ക പ്രതികരണത്തിനു ഇംഗ്ലീഷ്‌ ടീമിന് 2000 പൗണ്ട് പിഴ. ന്യൂസിലാൻഡിന്റെ ഹാക്ക ഡാൻസിന്റെ സമയത്ത് ‘വി’ ആകൃതിയിൽ അണിനിരന്ന ഇംഗ്ലണ്ട് ടീം എതിർ ടീമിന്റെ പകുതി കടന്നു എന്ന കുറ്റത്തിനാണ് പിഴ നേരിടുന്നത്. റഗ്ബി നിയമപ്രകാരം മത്സരത്തിനു മുമ്പ് വെല്ലുവിളികൾ അനുവദനീയമാണ് എങ്കിലും ഒരു ടീമിനും എതിരാളിയുടെ പകുതി മുറിച്ചു കടക്കാൻ അനുവാദം ഇല്ല. എന്നാൽ പിഴക്ക് എതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ഈ വീഡിയോ കണ്ടവർ ഏതാണ്ട് 40 ലക്ഷം പേരാണ്.

റഫറിയുടെ നിർദേശം അവഗണിച്ച ഇംഗ്ലണ്ട് സാംസ്കാരികമായ വെല്ലുവിളിയുടെ നിയമം ലംഘിച്ചു എന്നാണ് റഗ്ബി യൂണിയൻ പ്രതികരിച്ചത്. തങ്ങൾ ഒരു വെല്ലുവിളിയിലും കുലുങ്ങില്ല എന്ന സൂചനയാണ് ഇതിലൂടെ നൽകിയത് എന്നായിരുന്നു ഇംഗ്ലീഷ് നായകൻ ഓവൻ ഫെരൽ പ്രതികരിച്ചത്. അതേസമയം ഇംഗ്ലണ്ടിന്റെ പ്രതികരണം ഏറ്റവും മികച്ചത് ആയിരുന്നു എന്നാണ്‌ ഓസ്‌ട്രേലിയൻ പരിശീലകൻ സ്റ്റീവ് ഹാൻസൻ പ്രതികരിച്ചത്. ഏതായാലും മത്സരം ജയിച്ച ഇംഗ്ലണ്ട് പ്രതികരണത്തിൽ മാത്രമല്ല കളത്തിലും ന്യൂസിലാൻഡിനെ മറികടന്നു. 2011 ലോകകപ്പിൽ ഫ്രാൻസിനും സമാനമായ പിഴ ലഭിച്ചിരുന്നു.

റഗ്ബി ലോകകപ്പിൽ ആവേശപോരാട്ടത്തിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനലിൽ

റഗ്ബി ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനു ഒടുവിൽ രണ്ടാം സെമിഫൈനലിൽ വെയിൽസിനെ മറികടന്നു ദക്ഷിണാഫ്രിക്ക ഫൈനൽ പ്രവേശിച്ചു. അക്ഷരാർത്ഥത്തിൽ റഗ്ബിയുടെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിൽ 19-16 എന്ന സ്കോറിന് ആണ് സ്പ്രിങ് ബോക്‌സ് ജയം കണ്ടത്. ഇതോടെ അടുത്ത ആഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. റഗ്ബിയിൽ ഇത് വരെ ഇംഗ്ലണ്ടിനോട് തൊറ്റിട്ടില്ലാത്ത ദക്ഷിണാഫ്രിക്ക കളിച്ച രണ്ട് ലോകകപ്പ് ഫൈനലിലും ജയം കണ്ടിട്ടും ഉണ്ട്. എന്നാൽ ഓൾ ബ്ളാക്സിനെ മറികടന്നു വരുന്ന ഇംഗ്ലീഷ് പടയെ എഴുതിതള്ളാൻ ആവില്ല. സെമിഫൈനലിലെ ആവേശം ഫൈനലിൽ ആവർത്തിക്കാൻ ആവും ഇരുടീമുകളും ശ്രമിക്കുക.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയപ്പോൾ മത്സരം കടുത്തു. എന്നാൽ ലഭിച്ച 3 പെനാൽട്ടിയും ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് ദക്ഷിണാഫ്രിക്കക്കായും ലഭിച്ച പെനാൽട്ടി 2 എണ്ണവും ലക്ഷ്യം കണ്ട ഡാൻ ബിഗ്ഗറും സ്‌കോർ 9-6 എന്ന നിലയിൽ ആക്കി. ഇതിനിടയിൽ വിങർ നോർത്ത് പരിക്കേറ്റു പുറത്ത് പോയത് വെയിൽസിന് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഡാൻ ബിഗ്ഗർ മത്സരത്തിൽ വെയിൽസിനെ ഒപ്പമെത്തിച്ചു. എന്നാൽ ശേഷം മനോഹരമായി കളിച്ച ദക്ഷിണാഫ്രിക്ക ഡാമിയൻ ഡി അല്ലൻഡെയിലൂടെ ട്രൈ നേടി. ഒപ്പം തന്റെ കിക്ക് ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് സ്‌കോർ 16-9 എന്ന നിലയിൽ ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കി.

എന്നാൽ തുടർന്ന് സർവ്വം മറന്നു പൊരുതുന്ന വെയിൽസിനെ അവിശ്വസനീയമായ നിലക്ക് പ്രതിരോധിക്കുന്ന ദക്ഷിണാഫ്രിക്കയെ ആണ് കാണാൻ ആയത്. എന്നാൽ ജോഷ് ആദംസിലൂടെ ട്രൈ നേടിയ വെയിൽസ് മത്സരത്തിൽ തിരിച്ചെത്തി. ലഭിച്ച കിക്ക് ലക്ഷ്യം കണ്ട ലേ ഹാഫ്പെന്നി സ്‌കോർ 16-16 ആക്കി. എന്നാൽ വിട്ട് കൊടുക്കാതെ പൊരുതിയ ദക്ഷിണാഫ്രിക്ക മത്സരം തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹാന്ദ്ര പൊള്ളാർഡ് മത്സരം സ്പ്രിങ് ബോക്സിനു സമ്മാനിച്ചു. മത്സരത്തിൽ തന്റെ അഞ്ചാം കിക്ക് ആയിരുന്നു പൊള്ളാർഡിനു ഇത്. 5 കിക്കുകളിലും അസാധാരണമായ കൃത്യത പുലർത്തിയ ഹാന്ദ്ര പൊള്ളാർഡ് തന്നെയാണ് സെമിഫൈനലിലെ താരമായത്. രണ്ട് സെമിഫൈനലുകളിലും കണ്ട ആവേശപോരാട്ടം തന്നെയാവും ഫൈനലിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോരാട്ടത്തിലും ജപ്പാൻ കാത്തിരിക്കുക. തങ്ങളുടെ മൂന്നാം ലോകകിരീടം ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുമ്പോൾ ഇംഗ്ലണ്ടിന്റെ ലക്ഷ്യം 2003 നു ശേഷമുള്ള രണ്ടാം ലോകകിരീടം ആണ്.

റഗ്ബിയിൽ യുഗാന്ത്യം! ഓൾ ബ്ളാക്സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട്

റഗ്ബി ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്. റെക്കോർഡ് ജേതാക്കളും നിലവിലെ ജേതാക്കളും ആയ ന്യൂസിലാൻഡ് 2007 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് മത്സരം തോൽക്കുന്നത്. പലരും ഒരവസരവും മത്സരത്തിൽ നൽകാതിരുന്ന ഇംഗ്ലണ്ട് 19-7 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 1987 ലെ ആദ്യ ലോകകപ്പിന് ശേഷം 32 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഓൾ ബ്ളാക്സിനെ മറികടക്കുന്നത്. പരിശീലകൻ എഡി ജോൺസിന്റെ തന്ത്രങ്ങൾ ആണ് ഇംഗ്ലീഷ് ജയത്തിൽ നിർണായകമായത്. 2011, 2015 ലോകകപ്പുകൾ ഉയർത്തിയ ഓൾ ബ്ളാക്സിന്റെ ഈ പതിറ്റാണ്ടിലെ സമഗ്രാധിപത്യം ആണ് ഇതോടെ അവസാനിക്കുന്നത്. മത്സരശേഷം രണ്ട് ലോകകപ്പുകളും നേടിയ ഇതിഹാസപരിശീലകൻ സ്റ്റീവ് ഹാൻസൻ നായകനും ഇതിഹാസതാരവും ആയ കിരൻ റീഡ് എന്നിവർ തങ്ങളുടെ കരിയറിനോട് തന്നെ വിട പറഞ്ഞത് റഗ്ബിയിലെ പുതുയുഗ പിറവിയുടെ സൂചനയും ആയി.

കഴിഞ്ഞ 15 വർഷങ്ങളായി ന്യൂസിലാൻഡ് പരിശീലകൻ ആയ സ്റ്റീവ് ഹാൻസൻ റഗ്ബി കണ്ട എക്കാലത്തെയും മഹത്തായ പരിശീലകൻ ആയി ആണ് അറിയപ്പെടുന്നത്. രണ്ടാം മിനിറ്റിൽ തന്നെ മനു തുലിയാഗിയിലൂടെ ട്രൈ നേടി ന്യൂസിലാൻഡിനെ ഞെട്ടിച്ച എഡി ജോൺസിന്റെ ടീം പിന്നീട് തിരിഞ്ഞു നോക്കിയില്ല. ഫ്‌ളൈ ഹാഫ് ജോർജ് ഫോർഡ് 4 പെനാൽട്ടികളുമായി കളം വാണപ്പോൾ ആദ്യപകുതിയിൽ 10-0 ത്തിനു ഇംഗ്ലണ്ട് മുന്നിൽ. രണ്ടാം പകുതിയിൽ 13-0 ത്തിനു പിറകെ നിന്ന ശേഷം ആർഡി സെർവിന്റെ ട്രൈ ന്യൂസിലാൻഡിനു പ്രതീക്ഷ നൽകി. എന്നാൽ വിട്ട് കൊടുക്കാൻ ഇംഗ്ലണ്ട് ഒരുക്കമായിരുന്നില്ല.

വീണ്ടും ഒരു ടീം ട്രൈ നേടിയ അവർ അർഹിച്ച ജയം സ്വന്തമാക്കി. ലോകാവസാനം എന്നു ലോകമെമ്പാടുമുള്ള റഗ്ബി ആരാധകർ വിളിച്ച മത്സരത്തിൽ ജയം ഇംഗ്ലണ്ട് അർഹിച്ചത് തന്നതായിരുന്നു. 2003 ലെ ലോകകപ്പ് ജേതാക്കൾ ആയ ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ലോകകപ്പ് നേടാൻ ആവും ഫൈനലിൽ ശ്രമിക്കുക. ഇത് നാലാം തവണയാണ് ഇംഗ്ലണ്ട് റഗ്ബി ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഓൾ ബ്ളാക്സിനെ മറികടന്നതോടെ കിരീടം നേടാൻ ഏറ്റവും അധികം സാധ്യത ഇംഗ്ലണ്ടിന് തന്നെയാണ്. ഈ തോൽവിയിൽ നിന്നു ഓൾ ബ്ളാക്‌സ് എങ്ങനെയാവും കരകയറുക എന്നാവും വരും ദിനങ്ങളിൽ ഉത്തരം കിട്ടേണ്ട ചോദ്യം. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ വെയിൽസ് ദക്ഷിണാഫ്രിക്ക മത്സരവിജയികളെ ആവും ഇംഗ്ലീഷ് പട റഗ്ബി ലോകകപ്പിൽ നേരിടുക.

റഗ്ബി ലോകകപ്പിൽ രണ്ടാം സെമിഫൈനൽ വെയിൽസും ദക്ഷിണാഫ്രിക്കയും തമ്മിൽ

റഗ്ബി ലോകകപ്പിലെ ജപ്പാന്റെ സ്വപ്നതുല്യമായ കുതിപ്പിന് സ്പ്രിങ് ബോക്‌സ് അന്ത്യം കുറിച്ചു. രണ്ടാം പകുതിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ആണ് അവർക്ക് 26-3 ന്റെ വമ്പൻ ജയം സമ്മാനിച്ചത്. ഒന്നാം പകുതിയിൽ നന്നായി പൊരുതിയ ജപ്പാന് പക്ഷെ 2015 ലെ പ്രകടനം ആവർത്തിക്കാൻ ആയില്ല. 2 ട്രൈ നേടിയ മാപിമ്പിപ്പി തിളങ്ങിയ മത്സരത്തിൽ 2 തവണ ജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയുടെ ജയം ഏതാണ്ട് അനായാസമായി.

അതേസമയം ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിൽ വെയിൽസ് ഫ്രാൻസിനെ 20-19 എന്ന സ്കോറിന് തോൽപ്പിച്ച് സെമിഫൈനൽ ഉറപ്പിച്ചു. തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാതിരുന്ന വെയിൽസിന് എതിരെ ഫ്രാൻസ് മികച്ച ആധിപത്യം ആണ് മത്സരത്തിൽ ഉടനീളം പുലർത്തിയത്. എന്നാൽ അപകടകരമായ ഫോൾ ചെയ്ത ഫ്രാൻസ് താരം മത്സരം അവസാനിക്കാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുതലെടുത്ത വെയിൽസ് അവസാനനിമിഷം ജയം പിടിച്ചെടുത്തു. ഇതോടെ റഗ്ബി ലോകകപ്പ് സെമിഫൈനലുകളിൽ വെയിൽസ് ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് ന്യൂസിലാൻഡിനേയും നേരിടും. അടുത്ത ആഴ്ചയാണ് സെമിഫൈനൽ മത്സരങ്ങൾ.

റഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ട്- ന്യൂസിലാൻഡ് സെമിഫൈനൽ

റഗ്ബി ലോകകപ്പിൽ ആദ്യ സെമിഫൈനൽ ലൈനപ്പ് ആയി. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചപ്പോൾ അയർലൻഡിനെ തകർത്തായിരുന്നു ഓൾ ബ്ളാക്‌സിന്റെ സെമിഫൈനൽ പ്രവേശനം. ആദ്യ ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയക്ക് എതിരായ തങ്ങളുടെ സമീപകാല മികച്ച റെക്കോർഡ് തുടർന്ന ഇംഗ്ലണ്ട് 40-16 എന്ന സ്കോറിന് ആണ് ജയം കണ്ടത്. തുടർച്ചയായ 7 മത്സരത്തിലും ഓസ്‌ട്രേലിയയെ തകർത്ത ഇംഗ്ലണ്ട് ശക്തമായി ആണ് മത്സരം തുടങ്ങിയത്. ജോണി മേ തന്റെ 50 താമത്തെ മത്സരത്തിൽ രണ്ട് ട്രൈകളുമായി തിളങ്ങിയപ്പോൾ പ്രതിരോധത്തിൽ കളിയിലെ താരമായ ടോം കറി നടത്തിയ പ്രകടനം ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായി.

കഴിഞ്ഞ ലോകകപ്പിൽ നാട്ടിൽ വച്ച് തങ്ങളെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കിയ ഓസ്‌ട്രേലിയക്ക് എതിരായ മധുര പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന് ഇത്. പെനാൽട്ടി, കൺവേർഷൻ എന്നിവയിലൂടെ 20 പോയിന്റ് നേടിയ ഓവൻ ഫെരെലും ഇംഗ്ലീഷ് പ്രകടനത്തിൽ നിർണായകമായി. അതേസമയം രണ്ടാം ക്വാർട്ടർ ഫൈനലിൽ ന്യൂസിലാൻഡ് അയർലൻഡിനെ തകർത്തു തങ്ങളുടെ നാലാം ലോകകപ്പ് ലക്ഷ്യമാക്കി സെമിഫൈനലിലേക്ക് മുന്നേറി.  46-14 എന്ന സ്കോറിന് ആണ് ഓൾ ബ്ളാക്‌സ് ജയം കണ്ടത്. അയർലൻഡിനു എതിരെ മികച്ച റെക്കോർഡ് ഉണ്ടെങ്കിലും കഴിഞ്ഞ 3 ൽ രണ്ടിലും തോറ്റതിന് മറുപടി കൂടിയായി ന്യൂസിലാൻഡിനു ഈ ജയം.

മത്സരത്തിൽ 7 ട്രൈ സ്‌കോർ ചെയ്ത ഓൾ ബ്ളാക്‌സിനായി ആരോൺ സ്മിത്ത് 2 ട്രൈ നേടി. മത്സരത്തിൽ ഉടനീളം ഓൾ ബ്ളാക്‌സിന് വെല്ലുവിളി ആവാൻ അയർലൻഡിനു ആയില്ല. നമീബിയക്ക് എതിരായ മത്സരത്തിനു ശേഷം 2 ആഴ്ചകൾക്ക് ശേഷം കളത്തിൽ ഇറങ്ങിയത് പുറത്ത് കാണിക്കാത്ത പ്രകടനം ആണ് ഓൾ ബ്ളാക്‌സ് നടത്തിയത്. ഇത് വരെ ലോകകപ്പിൽ വലിയ പരീക്ഷണങ്ങങ്ങൾ നേരിടാത്ത ഓൾ ബ്ളാക്‌സിന് ഒരു വെല്ലുവിളി ആവാനുള്ള ശ്രമം ആവും ഇംഗ്ലണ്ട് നടത്തുക. അടുത്ത ശനിയാഴ്ച ആണ് ഇംഗ്ലണ്ട് ന്യൂസിലാൻഡ് സെമിഫൈനൽ മത്സരം. റഗ്ബി ലോകകപ്പിൽ നാളെ നടക്കുന്ന മൂന്നും നാലും ക്വാർട്ടർ ഫൈനലുകളിൽ വെയിൽസ് ഫ്രാൻസിനെയും ആതിഥേയരായ ജപ്പാൻ ദക്ഷിണാഫ്രിക്കയെയും നേരിടും.

Exit mobile version