തലൈവാസിനെ പരാജയപ്പെടുത്തുവാന്‍ ബംഗാളിനെ സഹായിച്ച് ജാംഗ് കുന്‍ ലീ

കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൊ കബഡി ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 27-24 എന്ന നേരിയ വ്യത്യാസത്തില്‍ തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ ആതിഥേയരായ ബംഗാള്‍ വാരിയേഴ്സ്. ഇടവേള സമയത്ത് ഇരു ടീമുകളും 15 വീതം പോയിന്റ് നേടി ഒപ്പം നിന്ന ശേഷമാണ് തലൈവാസിനെ മറികടന്ന് രണ്ടാം പകുതിയില്‍ ബംഗാള്‍ വിജയം കൊയ്തത്.

18-17 എന്ന സ്കോറിനു റെയ്ഡിംഗില്‍ തമിഴ് തലൈവാസാണ് മുന്നില്‍ നിന്നതെങ്കില്‍ 10-6നു പ്രതിരോധത്തില്‍ വ്യക്തമായ ആധിപത്യം ബംഗാള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഇരു ടീമുകളും ഓള്‍ഔട്ട് ആകാതെ പിടിച്ചു നിന്നു. 12 പോയിന്റ് നേടിയ ജാംഗ് കുന്‍ ലീയും 7 പോയിന്റുമായി മനീന്ദര്‍ സിംഗുമാണ് ബംഗാള്‍ നിരയില്‍ തിളങ്ങിയത്. തലൈവാസിനു വേണ്ടി സുകേഷ് ഹെഗ്ഡേ 9 പോയിന്റും അജയ് താക്കൂര്‍ 5 പോയിന്റും നേടി.