ഇതിഹാസതാരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു, കണ്ണീരോടെ ലോകം

Photo: Reuters
- Advertisement -

ബാസ്‌കറ്റ്‌ബോൾ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാളും എൻ.ബി.ഐ ഇതിഹാസവും ആയ കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കാലിഫോർണിയയിൽ ഉണ്ടായ അപകടത്തിൽ 41 കാരനായ കോബിക്ക് ഒപ്പം 13 കാരി മകൾ ജിയാനെയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും കൊല്ലപ്പെട്ടു. മകളുടെ ബാസ്‌കറ്റ്‌ബോൾ മത്സരത്തിനായുള്ള യാത്രക്ക് ഇടയിൽ ആണ് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു കോബിയും സഹയാത്രികരും കൊല്ലപ്പെടുന്നത്. ജിയാനെയുടെ സഹതാരം ആലിസ്സയും മാതാപിതാക്കളും അപകടത്തിൽ പെട്ടവരിൽ പെടുന്നു. കനത്ത മൂടൽ മഞ്ഞ് ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ആരാധകരുടെ പ്രിയപ്പെട്ട ബ്ളാക്ക് മാമ്പയുടെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. എൻ.ബി.ഐ യിലെ സഹതാരങ്ങളും പരിശീലകരും കണ്ണീരോടെയാണ് തങ്ങളുടെ പ്രിയസുഹൃത്തിന്റെ മരണം ഉൾക്കൊണ്ടത്. തന്റെ ഇളയസഹോദരൻ എന്നാണ് ഇതിഹാസതാരം മൈക്കൾ ജോർദാൻ കൊബിയെ വിളിച്ചത്.

1978 ൽ ജനിച്ച കോബി 1996 ൽ ആണ് എൻ.ബി.ഐ താരം കൂടിയായ അച്ഛൻ ജോ ബ്രയാന്റിന്റെ പാത പിന്തുടർന്ന് കോളേജിൽ നിന്ന് നേരെ എൻ.ബി.ഐയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1996 മുതൽ 2016 വരെ 20 കൊല്ലം ലോസ് ആഞ്ചൽസ് ലേക്കേഴ്സിന് മാത്രം കളിച്ച കോബി ബാസ്‌കറ്റ്‌ബോളിലെ തന്നെ ഇതിഹാസതാരം ആയി മാറി. തുടക്കം മുതൽ തന്നെ മൈക്കൾ ജോർദാനുമായി താരതമ്യം ചെയ്യപ്പെട്ട കോബി ആ താരതമ്യം അക്ഷരാർത്ഥത്തിൽ ശരി വച്ചു. ലേക്കേഴ്സിനെ 5 തവണ എൻ.ബി.ഐ ജേതാക്കൾ ആക്കിയ കോബി 2008 ലും 2012 ലും അമേരിക്കക്ക് ആയി ഒളിമ്പിക് സ്വർണമെഡലും നേടി. 18 തവണ ആൾ സ്റ്റാർ ടീമിൽ ഇടം കണ്ട കോബി, 15 തവണ ആൾ എൻ.ബി.ഐ ടീമിലും ഇടം കണ്ടു. 2008 ൽ എൻ.ബി.ഐയിലെ ഏറ്റവും വിലകൂടിയ താരമായ കോബി 2 തവണ എൻ.ബി.ഐ ടോപ്പ് സ്കോററും ആയി. നിലവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലാമത്തെ എൻ.ബി.ഐ താരം ആണ് കോബി.

ഷൂട്ടിങ് ഗാർഡ് ആയി എൻ.ബി.ഐയിൽ 20 വർഷം കളിക്കുന്ന ആദ്യ താരവും ആയി കോബി. കരിയറിൽ 30,000 പോയിന്റുകൾ ഏറ്റവും വേഗത്തിൽ സ്വന്തമാക്കിയ താരം കൂടിയാണ് കോബി. കൂടാതെ കായികരംഗത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആയ കോബിയുടെ പ്രസക്തി ബാസ്‌കറ്റ്‌ബോളിനും അപ്പുറം തന്നെയാണ്. ആഗോള കായികപ്രതീകം ആയി തന്നെയാണ് കോബിയെ ലോകം കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ മരണം ലോകത്തെ ഒന്നാകെ കണ്ണീരിൽ ആഴ്‌ത്തി. തങ്ങളുടെ പ്രിയതാരം ഉപയോഗിച്ച 8, 24 ജേഴ്‌സി നമ്പറുകൾ ഇനി ഉപയോഗിക്കില്ല എന്നു ലേക്കേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ കോബിക്ക് ആദരമായി 24 നമ്പർ ജേഴ്‌സി തങ്ങളും ഉപയോഗിക്കില്ല എന്നു പ്രഖ്യാപിച്ചു മറ്റൊരു എൻ.ബി.ഐ ടീം ആയ ഡല്ലാസ് മാവറിക്സ്.

സാമൂഹിക മാധ്യമങ്ങളിൽ അടക്കം സഹതാരങ്ങളും പ്രമുഖരും ആരാധകരും അടക്കം ലോകം മുഴുവൻ കോബിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ, ഫുട്‌ബോൾ താരങ്ങൾ ആയ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ടെന്നീസ്‌താരം റാഫേൽ നദാൽ, മറ്റ് കായികതാരങ്ങൾ നിരവധി ക്ലബുകൾ, പ്രമുഖ സിനിമ, കായിക താരങ്ങൾ തുടങ്ങി പലരും ആദരാഞ്ജലികൾ നേർന്നപ്പോൾ ഗ്രാമി അവാർഡ് വേദിയിൽ പാട്ടുകാർ പലരും കോബിക്ക് ആദരാഞ്ജലികൾ നേർന്നു. പി.എസ്.ജിക്കായി കളിക്കുമ്പോൾ കളത്തിൽ കോബിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ബ്രസീലിയൻ താരം നെയ്മർ. കായികരംഗത്തെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നിനെ തന്നെയാണ് ഇന്ന് ലോകത്തിനു നഷ്ടമായത്. എന്നാൽ കോബി ആരാധകരുടെ ഓർമ്മയിൽ ജീവിക്കും എന്നുറപ്പാണ്. ബാസ്‌ക്കറ്റ്ബോൾ ഇതിഹാസത്തിനു കായിക രംഗത്തെ ഏറ്റവും വലിയ നായകരിൽ ഒരാൾക്ക് ഫാൻപോർട്ടും ആദരാഞ്ജലികൾ നേരുന്നു. വിട ബ്ളാക്ക് മാമ്പ

Advertisement