ടോക്കിയോ ഒളിമ്പിക്‌സിലും 100 മീറ്ററിൽ സ്വർണം നേടാൻ ആവുമെന്ന് ഷെല്ലി ആൻ പ്രൈസ്

- Advertisement -

ദോഹയിലെ ലോക ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടം ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിലും ആവർത്തിക്കാൻ ആവും എന്നു ജമൈക്കൻ ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ്. ദോഹയിൽ തന്റെ 33 മത്തെ വയസ്സിൽ ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടിയ ഷെല്ലി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ആയിരുന്നു. 2017 ൽ മകൻ സിയോണ് ജന്മം നൽകിയ ശേഷം 2 വർഷം അത്‌ലറ്റിക്സിൽ നിന്ന് വിട്ട് നിന്ന ശേഷം തിരിച്ചു വന്നായിരുന്നു ഷെല്ലിയുടെ ദോഹയിലെ അവിസ്മരണീയ നേട്ടം. അതിനാൽ തന്നെ ടോക്കിയോയിൽ പുതുതലമുറക്ക് എതിരെ ഈ നേട്ടം ആവർത്തിക്കാൻ ആവും എന്ന ശുഭപ്രതീക്ഷയാണ് ഷെല്ലി പങ്ക് വച്ചത്.

സ്വർണം നേടണം എങ്കിൽ തനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്ന് വ്യക്തമാക്കിയ ഷെല്ലി താൻ അതിനായി പരമാവധി ശ്രമിക്കും എന്നും വ്യക്തമാക്കി. 2008 ൽ ബെയ്ജിംഗ്, 2012 ൽ ലണ്ടൻ ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഷെല്ലി 2016 റിയോ ഒളിമ്പിക്‌സിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഉസൈൻ ബോൾട്ടിനൊപ്പം ജമൈക്കൻ കായികരംഗത്ത് പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഷെല്ലി 100 മീറ്ററിന് പുറമെ 200 മീറ്ററിലും താൻ ടോക്കിയോയിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കി. ഈ വർഷത്തെ ലോറസ് മികച്ച വനിത താരം ആവാൻ മത്സരിക്കുന്ന ഷെല്ലിക്ക് ഒളിമ്പിക്‌സിൽ ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണം നേടിയ ബ്രിട്ടന്റെ 24 കാരി ഡിന ആഷർ സ്മിത്തിനെ പോലെയുള്ള പുതുതലമുറയെ മറികടന്ന് സ്വർണം നേടാൻ ആവുമോ എന്ന് കാത്തിരുന്നു കാണാം.

Advertisement