അത്ലറ്റിക്സിൽ കാര്യമായ തിരിച്ചടി നേരിടുന്ന അമേരിക്കക്ക് പുരുഷന്മാരുടെ ഷോട്ട് പുട്ടിനു പിറകെ സ്വർണം സമ്മാനിച്ചു കെയ്‌റ്റി നഗോറ്റെ. 4.90 മീറ്റർ ഉയരം താണ്ടിയാണ് 30 കാരിയായ അമേരിക്കൻ താരം സ്വർണം സ്വന്തമാക്കിയത്. ആദ്യ ഉയരം ആയ 4.50 മീറ്റർ അവസാന ശ്രമത്തിൽ മാത്രം മറികടന്ന കെയ്‌റ്റി 4.70 മീറ്ററും രണ്ടാം ശ്രമത്തിൽ ആണ് മറികടന്നത്. അതിനു ശേഷം 4.80, 4.85 മീറ്റർ ഉയരങ്ങൾ ആദ്യ ശ്രമത്തിൽ തന്നെ അമേരിക്കൻ താരം മറികടന്നു.
രണ്ടാം ശ്രമത്തിൽ 4.90 മീറ്ററും താണ്ടിയ കെയ്‌റ്റി സ്വർണം ഉറപ്പിക്കുക ആയിരുന്നു. തുടർന്നു 5.01 മീറ്റർ താണ്ടാനുള്ള അമേരിക്കൻ താരത്തിന്റെ ശ്രമം വിജയിച്ചില്ല. അതേസമയം ആദ്യ അവസരത്തിൽ 4.85 മീറ്റർ വരെയുള്ള എല്ലാ ഉയരവും താണ്ടി വന്ന റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ലോക ചാമ്പ്യൻ അനസെലിഹ സിന്ദരോവക്ക് പക്ഷെ 2 ശ്രമത്തിലും 4.90 മീറ്റർ താണ്ടാൻ ആയില്ല. മൂന്നാം ശ്രമത്തിൽ 4.95 മീറ്റർ ആവശ്യപ്പെട്ടു ആ ഉയരം മറികടക്കാനുള്ള താരത്തിന്റെ ശ്രമവും പരാജയപ്പെട്ടു. ബ്രിട്ടീഷ് റെക്കോർഡുകൾക്ക് ഉടമയായ ഹോളി ബ്രാഡ്ഷാ ആണ് വെങ്കലം നേടിയത്. 4.80 മീറ്റർ ആണ് താരം താണ്ടിയത്.