400 മീറ്ററിൽ 2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നേട്ടം ആവർത്തിച്ചു ബഹാമാസ് താരം സ്റ്റീഫൻ ഗാർഡിനർ. ഇതോടെ ബഹാമാസിന് ആയി ചരിത്രത്തിൽ ആദ്യമായി അത്ലറ്റിക്സിൽ സ്വർണം നേടുന്ന പുരുഷ താരമായി ഗാർഡിനർ മാറി. മികച്ച തുടക്കം ലഭിച്ച ശേഷം റേസിൽ ഉടനീളം ആധിപത്യം പുലർത്തിയ താരം അവസാന 50 മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുക ആയിരുന്നു. 43.85 സെക്കന്റിൽ ആണ് ഗാർഡിനർ 400 മീറ്റർ പൂർത്തിയാക്കിയത്.
കൊളംബിയൻ താരം ആന്റണി സബ്രാനോ ആണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 44.08 സെക്കന്റിൽ ആണ് കൊളംബിയൻ താരം 400 മീറ്റർ പൂർത്തിയാക്കിയത്. 400 മീറ്ററിലെ 2011 ലെ ലോക ജേതാവും 2012 ലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ ഗ്രനാഡയുടെ കിറാനി ജയിംസ് ആണ് വെങ്കലം നേടിയത്. 44.19 സെക്കന്റിൽ ആണ് ഗ്രനാഡ താരം 400 മീറ്റർ പൂർത്തിയാക്കിയത്. മെഡൽ പ്രതീക്ഷിച്ച അമേരിക്കൻ താരങ്ങൾ നാലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.