ഹോക്കി ലോകകപ്പ് ഗ്രൂപ്പുകളായി, ഇന്ത്യയ്ക്ക് എതിരാളികള്‍ സ്പെയിന്‍, വെയിൽസ്, ഇംഗ്ലണ്ട്

ഹോക്കി ലോകകപ്പ് ഗ്രൂപ്പുകള്‍ക്കുള്ള ഡ്രോ തയ്യാര്‍. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പിന് മാറ്റുരയ്ക്കുന്നത്. പൂള്‍ ഡിയിൽ ഇംഗ്ലണ്ട്, സ്പെയിന്‍, വെയിൽസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്.

അടുത്ത വര്‍ഷം ഭുവനേശ്വറിലും റൂര്‍ക്കിലയിലുമായി ജനുവരി13 മുതൽ 29 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം ജര്‍മ്മനിയ്ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ്. ജപ്പാനും ദക്ഷിണ കൊറിയയും ഗ്രൂപ്പ് ബിയിൽ കളിക്കും.

Hockeywcപൂള്‍ എയിൽ ഓസ്ട്രേലിയ, അര്‍ജന്റീന, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവരും ഗ്രൂപ്പ് സിയിൽ നെതര്‍ലാണ്ട്സ്, ന്യൂസിലാണ്ട്, മലേഷ്യ, ചിലി എന്നിവരും ഉള്‍പ്പെടുന്നു.

പാക്കിസ്ഥാന്‍ വിരാമം കുറിച്ചത് 11 തുടര്‍തോല്‍വികളുടെ പരമ്പര

വിന്‍ഡീസിനെതിരെയുള്ള പാക്കിസ്ഥാന്റെ ദയനീയമായ പരാജയം ടീമിന്റെ ഏകദിനത്തിലെ പതിനൊന്നാം തോല്‍വിയായിരുന്നു. ആദ്യ മത്സരത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 12ാം തോല്‍വിയിലേക്ക് വീഴുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ അപ്രവചനീയമായ സ്വഭാവം ഇന്നലെ അവര്‍ പുറത്തെടുത്തപ്പോള്‍ തിരിച്ചടി കിട്ടിയത് ഇംഗ്ലണ്ടിനായിരുന്നു.

തുടര്‍ച്ചയായ 11 മത്സരങ്ങള്‍ തോറ്റെത്തിയ പാക്കിസ്ഥാന് ഇത് ഏറെ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ്. ഇംഗ്ലണ്ടിനെ പോലെ കരുത്താര്‍ന്ന ബാറ്റിംഗ് ലൈനപ്പുള്ള ടീമിനു 348 എന്ന സ്കോറൊന്നും പൊതുവേ തലവേദന സൃഷ്ടിക്കാത്തതാണ്, എന്നാല്‍ ലോകകപ്പ് മത്സരത്തിന്റെ സമ്മര്‍ദ്ദത്തില്‍ ടീം വീണപ്പോള്‍ പാക്കിസ്ഥാന്‍ തങ്ങളുടെ വലിയൊരു നാണക്കേടിനാണ് അറുതി വരുത്തിയത്.

ചരിത്രം കുറിച്ച് ബെല്‍ജിയം, ലോകകപ്പ് ജേതാക്കള്‍

നെതര്‍ലാണ്ട്സിനെ കീഴടക്കി പുരുഷ ഹോക്കി ലോകകപ്പിന്റ കിരീടം ചൂടി ബെല്‍ജിയം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനു കീഴടക്കിയാണ് ബെല്‍ജിയം ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മൂന്ന് വട്ടം ലോക ജേതാക്കളായ നെതര്‍ലാണ്ട്സിനെതിരെയാണ് ടീമിന്റെ വിജയം.

നിലവില്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനു വേണ്ടി ഫ്ലോറെന്റ് വാന്‍ ഔബെല്‍, വിക്ടര്‍ വെഗെന്സ് എന്നിവര്‍ ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്തപ്പോള്‍ നെതര്‍ലാണ്ട്സിനായി ജോരെന്‍ ഹെര്‍ട്സ്ബെര്‍ഗറും ജോനാസ് ഡു ഗ്യൂസുമായിരുന്നു സ്കോറര്‍മാര്‍.

അങ്കകലി പൂണ്ട് ഓസ്ട്രേലിയ, ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കി വെങ്കലം സ്വന്തമാക്കി

ഫൈനലിലേക്കുള്ള യോഗ്യത തലനാരിഴയ്ക്ക് നഷ്ടമായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ഉഗ്രരൂപം പൂണ്ടു. ഇന്ന് നടന്ന വെങ്കല മത്സരത്തില്‍ ഇംഗ്ലണ്ടിനെ 8-1 എന്ന സ്കോറിനു നിഷ്പ്രഭമാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസ്ട്രേലിയ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. ടോം ക്രെയിഗ് മൂന്ന് ഗോള്‍ നേടിയപ്പോള്‍ ജെറിമ ഹേവര്‍ഡ് രണ്ടും ടിം ബ്രാന്‍ഡ്, ട്രെന്റ് മിട്ടണ്‍, ബ്ലേക്ക് ഗോവേഴ്സ് എന്നിവര്‍ ഓരോ ഗോള്‍ നേടി. ബാരി മിഡില്‍ട്ടണ്‍ ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നേടി.

ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു ഓസ്ട്രേലിയ രണ്ടാം പകുതിയില്‍ ഗോള്‍ വര്‍ഷം ഉതിര്‍ക്കുകയായിരുന്നു. 9ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആരംഭിച്ച ഗോള്‍ സ്കോറിംഗ് ഓസ്ട്രേലിയ അവസാനിപ്പിച്ചത് 60ാം മിനുട്ടിലാണ്.

പിതാവ് മരിച്ച വാര്‍ത്തയെത്തി മണിക്കൂറിനുള്ളില്‍ ബെല്‍ജിയത്തിനു വേണ്ടി ഗോളുമായി താരം

ഇംഗ്ലണ്ടിനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞപ്പോള്‍ ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടി സൈമണ്‍ ഗൗഗ്നാര്‍ഡ് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി. താന്‍ നേടിയ ഗോള്‍ തന്നെ വിട്ട് പോയ തന്റെ പിതാവിനാണ് താരം സമര്‍പ്പിച്ചത്. ഈ നിലയില്‍ നിലകൊള്ളുകയായിരുന്നു സൈമണിനെ ടീമംഗങ്ങള്‍ ആശ്ലേഷിച്ച് അല്പ നേരം കഴിഞ്ഞ് ടീമംഗങ്ങള്‍ വീണ്ടും ഗോള്‍ വേട്ടയ്ക്കായി മടങ്ങുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് തന്റെ പിതാവിന്റെ മരണവാര്‍ത്ത 27 വയസ്സുകാരന്‍ താരം അറിയുന്നത്. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായിരുന്ന പിതാവ് പിയറിയുടെ വിയോഗത്തില്‍ താരം ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് സൈമണിന്റെ റൂം മേറ്റും ടീമിന്റെ ഒന്നാം ഗോള്‍ നേടിയ താരവുമായ ടോം ബൂണ്‍ പറഞ്ഞത്.

മത്സരത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചെത്തിയാണ് ബെല്‍ജിയം താരങ്ങള്‍ സഹതാരത്തിന്റെ പിതാവിന്റെ വിയോഗത്തില്‍ പ്രണാമം അര്‍പ്പിച്ചത്. തങ്ങള്‍ വര്‍ഷങ്ങളോളം കളിച്ചു വരുന്ന സംഘമാണെന്നും ഒരു കുടുംബം പോലെയാണ് ബെല്‍ജിയം ടീമെന്നുമാണ് അവര്‍ പറയുന്നത്.

ദുഃഖിതനാണെങ്കിലും ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് തന്റെ പിതാവിനൊപ്പം ഏറെ സമയം ചെലവഴിക്കാനായതിന്റെ സമാധാനത്തിലാണ് സൈമണ്‍. ഫൈനലില്‍ കടന്നുവെങ്കിലും സഹതാരത്തിന്റെ വിയോഗത്തില്‍ ടീം ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് നേടി സൈമണിന്റെ പിതാവിനു ആദരം അര്‍പ്പിക്കുവാന്‍ ആകട്ടെയെന്നാണ് ടീമിലെ സര്‍വ്വ താരങ്ങളുടെയും പ്രാര്‍ത്ഥന.

അവസാന മിനുട്ടില്‍ ജീവശ്വാസമായി സമനില ഗോള്‍, എന്നിട്ടും ഷൂട്ടൗട്ടില്‍ തോല്‍വിയേറ്റു വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി ലോകകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു തുല്യത പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം 4-3നു നെതര്‍ലാണ്ട്സിനൊപ്പം നിന്നു. മത്സരം 2-1നു നെതര്‍ലാണ്ട്സ് ജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി എഡ്ഡി ഒക്കെന്‍ഡെന്‍ സമനില ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയ രണ്ട് ഗോളുകളും നേടിയത്.

ഒമ്പതാം മിനുട്ടില്‍ ഗ്ലെന്‍ ഷൂറ്മാനും 20ാം മിനുട്ടില്‍ സെവേ വാന്‍ ആസുമാണ് നെതര്‍ലാണ്ട്സിന്റെ സ്കോറര്‍മാര്‍. ടിം ഹോവാര്‍ഡ് 45ാം മിനുട്ടില്‍ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ നേടി.

നാളെ നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ആണ് നെതര്‍ലാണ്ട്സിന്റെ ഫൈനലിലെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ആറെണ്ണമടിച്ച് ബെല്‍ജിയം, ഇംഗ്ലണ്ടിനെ ഗോളില്‍ മുക്കി ഫൈനലിലേക്ക്

ഹോക്കി ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ബെല്‍ജിയം. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ ആറ് ഗോള്‍ ജയമാണ് ബെല്‍ജിയം ഇന്ന് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 4 ഗോളുകള്‍ കൂടി നേടി ബെല്‍ജിയം ഫൈനല്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ടോം ബൂണ്‍ എട്ടാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ സ്കോറിംഗ് 53ാം മിനുട്ടില്‍ സെബാസ്റ്റ്യന്‍ ഡോക്കിയര്‍ ആണ് അവസാനിപ്പിച്ചത്. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് രണ്ട് ഗോള്‍ നേടിയപ്പോള്‍(42, 45) സൈമണ്‍ ഗോഗ്നാര്‍ഡ്(19), സെഡ്രിക് ചാര്‍ളിയര്‍(45) എന്നിവരും ഓരോ ഗോളുകള്‍ നേടി.

ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് നെതര്‍ലാണ്ട്സ്, ക്വാര്‍ട്ടറില്‍ പൊരുതി തോറ്റു ആതിഥേയര്‍

ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ കാണാതെ ഇന്ത്യയുടെ മടക്കം. കാണികളുടെ ആവേശ്വോജ്ജ്വലമായ പിന്തുണയുടെ ബലത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയാണ് മത്സരത്തില്‍ ലീഡ് നേടിയതെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ നെതര്‍ലാണ്ട്സ് ഒപ്പമെത്തി. അടുത്ത രണ്ട് ക്വാര്‍ട്ടറില്‍ ഗോള്‍ പിറക്കാതിരുന്നുവെങ്കിലും മത്സരം അവസാനത്തോടടുത്തപ്പോള്‍ നെതര്‍ലാണ്ട്സ് മുന്നിലെത്തി. 2-1 എന്ന സ്കോറിനായിരുന്നു മൂന്ന് വട്ടം ലോക ചാമ്പ്യന്മാരായ നെതര്‍ലാണ്ട്സിനോട് ഇന്ത്യ തോറ്റ് മടങ്ങിയത്.

മത്സരത്തിന്റെ 12ാം മിനുട്ടില്‍ ഇന്ത്യയ്ക്ക് ലഭിച്ച പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഹര്‍മ്മന്‍പ്രീത് സിംഗ് തൊടുതത് ഷോട്ട് ഹോളണ്ട് പ്രതിരോധം തടഞ്ഞുവെങ്കിലും ആകാശ്ദീപ് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെയാണ് ഇന്ത്യയ്ക്കെതിരെ സമനില ഗോള്‍ നേടുവാന്‍ നെതര്‍ലാണ്ട്സിനു കഴിഞ്ഞത്. തിയറി ബ്രിങ്ക്മാന്‍ ആണ് ഗോള്‍ സ്കോറര്‍.

50ാം മിനുട്ടില്‍ മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ ആണ് ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ഗോളിനുടമ.

ജര്‍മ്മനിയെ കെട്ടുകെട്ടിച്ച് ബെല്‍ജിയം

ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ബെല്‍ജിയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. 2-1 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

14ാം മിനുട്ടില്‍ ഡിറ്റെര്‍ ലിന്നേകോഗെല്‍ ആണ് ജര്‍മ്മനിയെ മുന്നിലെത്തിച്ചത്. എന്നാല്‍ മിനുട്ടുകള്‍ക്കകം അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ടാം പകുതി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ടോം ബൂണ്‍ 50ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ വിജയ ഗോള്‍ നേടി.

ഫ്രാന്‍സിന്റെ പടയോട്ടത്തിനു വിരാമം കുറിച്ച് ഓസ്ട്രേലിയ

ഇന്ന് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി ഫ്രാന്‍സിനു മടക്കം. ഓസ്ട്രേലിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കീഴടക്കിയത്. ജെറിമി ഹേവാര്‍ഡ്, ബ്ലേക്ക് ഗോവേഴ്സ്, ആരന്‍ സാല്‍േവ്‍സ്കി എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോള്‍ സ്കോറര്‍മാര്‍. ആദ്യ പകുതിയില്‍ ഓസ്ട്രേലിയ 2-0നു മുന്നിലായിരുന്നു.

4ാം മിനുട്ടില്‍ ജെറിമി ഓസ്ട്രേലിയയുടെ ഗോള്‍ സ്കോറിംഗ് ആരംഭിയ്ക്കുകയായിരുന്നു. 19ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സും 37ാം മിനുട്ടില്‍ ആരനും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

അര്‍ജന്റീനയെ വീഴത്തി ഇംഗ്ലണ്ട് സെമിയില്‍

പുരുഷ ഹോക്കി ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കൊയ്ത് ഇംഗ്ലണ്ട്. വിജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടന്നു. അര്‍ജന്റീനയെ 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. മത്സരത്തില്‍ പെയിലാട്ട് ഗൊണ്‍സാലോയിലൂടെ 17ാം മിനുട്ടില്‍ അര്‍ജന്റീനയാണ് മുന്നിലെത്തിയതെങ്കിലും ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കി ഇംഗ്ലണ്ട് ഒപ്പമെത്തി. ബാരി മിഡില്‍ട്ടണായിരുന്നു ഗോള്‍ സ്കോറര്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു.

45ാം മിനുട്ടില്‍ വില്‍ കാല്‍നന്‍ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. മൂന്നു മിനുട്ടുകള്‍ക്കകം പെയിലാട്ട് വീണ്ടും അര്‍ജന്റീനയ്ക്കായി ഗോള്‍ സ്കോര്‍ ചെയ്തുവെങ്കിലും അടുത്ത മിനുട്ടില്‍ തന്നെ ഹാരി മാര്‍ട്ടിന്‍ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കുന്ന ഗോള്‍ നേടി.

ഇന്ത്യ കരുതിയിരിക്കുക, നെതര്‍ലാണ്ട്സ് എത്തുന്നത് ഗോളുകള്‍ വാരിക്കൂട്ടിയ ശേഷം

നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഗോളുകള്‍ വാരിക്കൂട്ടിയാണ് നെതര്‍ലാണ്ട്സ് പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നെതര്‍ലാണ്ട്സ് ക്രോസ് ഓവര്‍ മത്സരത്തില്‍ 5-0 എന്ന സ്കോറിനു കാനഡയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്കെതിരെ ക്വാര്‍ട്ടര്‍ പോരിനു കളമൊരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് മുന്നിലായിരുന്നു.

തിജ്സ് വാന്‍ ഡാം രണ്ട് ഗോള്‍ നേടിയപ്പോള്‍ ലാര്‍സ് ബാല്‍ക്ക്, റോബര്‍ട്ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവര്‍ ഓരോ ഗോളുകളും നേടി.

Exit mobile version