ന്യൂസിലാണ്ടിനോടുള്ള അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ജപ്പാനെതിരെ മികച്ച വിജയവുമായി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ അവസാന നിമിഷം പിണഞ്ഞ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം ജപ്പാനെ 6-3ന് പരാജയപ്പെടുത്തി ഇന്ത്യ. റെഡി സ്റ്റെഡി ടോക്കിയോ എന്ന ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ഇതോടെ ഇന്ത്യ യോഗ്യത നേടി. ന്യൂസിലാണ്ട് ആണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ ദിവസം ഇന്ത്യ ന്യൂസിലാണ്ടിനോട് 1-2 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിലുടനീളം ഇന്ത്യയാണ് ലീഡ് ചെയ്തതെങ്കിലും അവസാന ക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ നേടിയാണ് ന്യൂസിലാണ്ട് ഇന്ത്യയെ ഞെട്ടിച്ചത്. മത്സരത്തിന്റെ 60ാം മിനുട്ടിലാണ് ന്യൂസിലാണ്ട് വിജയ ഗോള്‍ നേടിയത്.

ഇന്ന് ജപ്പാനെതിരെ മൂന്നാം മിനുട്ടില്‍ നീലകണ്ഠ ശര്‍മ്മയാണ് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയത്. ഏഴാം മിനുട്ടിലും 9ാം മിനുട്ടിലും ഗോളുകള്‍ നേടി ഇന്ത്യ ആദ്യം തന്നെ ലീഡ് കൈവരിച്ചു. നീലം സെസ്സും മന്‍ദീപ് സിംഗുമായിരുന്നു ഗോള്‍ സ്കോറര്‍മാര്‍. 17ാം മിനുട്ടില്‍ കെന്റാരോ ഫുക്കൂഡയിലൂടെ ജപ്പാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും മന്‍ദീപ് സിംഗ് ആദ്യ പകുതിയുടെ അവസാനത്തോടെ രണ്ട് ഗോളുകള്‍ കൂടി നേടി ഇന്ത്യയ്ക്ക് 5-1ന്റെ ലീഡ് നല്‍കി. 41ാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ഇന്ത്യയുടെ ആറാം ഗോള്‍ നേടിയപ്പോള്‍ കെന്റ് തനാക, കസുമ മുറാട്ട എന്നിവര്‍ ജപ്പാന് വേണ്ടിയും ഗോളുകള്‍ നേടി.

ആദ്യ മത്സരത്തില്‍ മലേഷ്യയെ ഇന്ത്യ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണ്ണമെന്റില്‍ അപരാജിതരായി ആണ് ന്യൂസിലാണ്ട് ഫൈനലിലേക്ക് എത്തിയത്.

Previous articleവില്യംസണും ബോൾട്ടുമില്ല, ശ്രീലങ്കക്കെതിരെയുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാൻഡ്
Next articleലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ക്യാമ്പ് ആരംഭിച്ചു