പതിനാലിൽ നിന്നു തുടങ്ങി ബെൽജിയം ഗ്രാന്റ് പ്രീ ജയിച്ചു വെർസ്റ്റാപ്പൻ, ആദ്യ ലാപ്പിൽ തന്നെ പുറത്തായി ഹാമിൾട്ടൻ

20220828 202404

ഇടവേളക്ക് ശേഷം ഫോർമുല വൺ ബെൽജിയം ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. തുടർച്ചയായ രണ്ടാം വർഷം ആണ് ഡച്ച് ഡ്രൈവർ ബെൽജിയം ഗ്രാന്റ് പ്രീ ജയിക്കുന്നത്. യോഗ്യതയിൽ ഒന്നാമത് എത്തിയെങ്കിലും പെനാൽട്ടി കാരണം റേസ് 14 സ്ഥാനത്ത് ആയാണ് വെർസ്റ്റപ്പൻ റേസ് തുടങ്ങിയത്. റേസിന്റെ ആദ്യ ലാപ്പിൽ തന്നെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ റേസിൽ നിന്നു പുറത്താവുന്നതും കാണാൻ ആയി. ഹാമിൾട്ടന്റെ കാർ ഫെർണാണ്ടോ അലോൺസോയുടെ കാറിൽ ഉരസുകയായിരുന്നു, തീർത്തും ഹാമിൾട്ടന്റെ പിഴവ് ആയിരുന്നു ഇത്. തുടർന്ന് ബോട്ടാസും റേസിൽ നിന്നു പുറത്താവുന്നത് കാണാൻ ആയി.

തുടക്കത്തിൽ തന്നെ മറ്റു കാറുകളെ പിന്നിലാക്കിയ വെർസ്റ്റപ്പൻ പതുക്കെ റേസിൽ ആധിപത്യം കണ്ടത്തി. തുടർന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഫെറാറിയുടെ കാർലോസ് സൈൻസിനെയും വെർസ്റ്റാപ്പൻ മറികടന്നു. റെഡ് ബുള്ളിന് മികച്ച ദിനം സമ്മാനിച്ചു സെർജിയോ പെരസ് സൈൻസിനെ മറികടന്നു രണ്ടാമത് എത്തി. അതേസമയം മെഴ്‌സിഡസിന്റെ ജോർജ് റസലിന്റെ അവസാന ലാപ്പുകളിലെ വെല്ലുവിളി മറികടന്ന കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും കണ്ടത്തി.

തുടക്കത്തിൽ ഹാമിൾട്ടനും ആയുള്ള ഉരസലിന് ശേഷവും റസലിന് പിറകിൽ അഞ്ചാമത് എത്താൻ ആൽഫിന്റെ ഫെർണാണ്ടോ അലോൺസോക്ക് ആയി. ഫെറാറിയുടെ ചാൾസ് ലെക്ലെർക് ആറാമത് ആയി. നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ തന്റെ മുൻതൂക്കം കൂട്ടാനും ഇന്നത്തെ ജയത്തോടെ വെർസ്റ്റാപ്പനു ആയി.