ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചത്. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ബോട്ടാസ് ആണ് മത്സരത്തിലുടനീളം ലീഡ് കൈവരിച്ചത്.

ടീമിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഹാമിള്‍ട്ടണിനെ മുന്നിലേക്ക് പോകുവാന്‍ അനുവദിച്ച ബോട്ടാസ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും നാലാം സ്ഥാനത്ത് ഫെരാരിയുടെ തന്നെ കിമി റൈക്കണനും മത്സരം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് അഞ്ചാം സ്ഥാനം.

സീസണില്‍ അഞ്ച റേസുകള്‍ മാത്രം ശേഷിക്കെ 50 പോയിന്റിന്റെ ലീഡ് നേടിയ ഹാമിള്‍ട്ടണിനു സീസണ്‍ വിജയി ആകുവാനുള്ള സാധ്യതയ്ക്ക് വേണ്ടിയാവും മെഴ്സിഡസ് ഈ തീരുമാനം എടുത്തതെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ തീരുമാനത്തിനു ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഹാമിള്‍ട്ടണ്‍ മുന്നോട്ട്, ലീഡ് 40 പോയിന്റിന്റെ

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം തുടര്‍ന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 40 പോയിന്റിന്റെ ലീഡ് നേടുവാന്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരത്തിനു സാധിച്ചു. ആറ് റേസുകള്‍ മാത്രം ശേഷിക്കെ ഹാമിള്‍ട്ടണ്‍ തന്റെ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിയ്ക്കുകയാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ രണ്ടാമതും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമതായും റേസ് അവസാനിപ്പിച്ചു. വാള്‍ട്ടേരി ബോട്ടാസ് നാലാമതും കിമ്മി റൈക്കണന്‍ അഞ്ചാമനായും സിംഗപ്പൂരില്‍ റേസ് അവസാനിപ്പിച്ചു.

ഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍

കിമി റൈക്കണന്‍ പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിള്‍ട്ടണ്‍ ഒന്നാമനായത്. റൈക്കണനന്റെ സഹതാരം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു 4ാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കുവാനേ സാധിച്ചുള്ളു. മെഴ്സിഡസ് താരം വാള്‍ട്ടേരി ബോട്ടാസിനാണ് മൂന്നാം സ്ഥാനം.

വെറ്റലിനെക്കാളും ചാമ്പ്യന്‍ഷിപ്പില്‍ 30 പോയിന്റിന്റെ ലീഡ് ഈ മത്സരത്തിലൂടെ ഹാമിള്‍ട്ടണ് സ്വന്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ ലാപ്പില്‍ ഇരുവരും കൂട്ടിയിച്ചപ്പോള്‍ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വെറ്റല്‍ തിരിച്ചുവന്ന് നാലാം സ്ഥാനം കരസ്ഥമാക്കിയത് അഭിമാനപൂര്‍വ്വമായ നേട്ടമാണെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെ മറികടക്കുക കൂടുതല്‍ പ്രയാസകരമായി മാറിയിട്ടുണ്ട്.

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജേതാവായി വെറ്റല്‍

ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ആവേശകരമായ ജയത്തിലൂടെ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ലൂയിസ് ഹാമിള്‍ട്ടണിന്റെ ലീഡ് 17 പോയിന്റായി കുറയ്ക്കുവാനും വെറ്റലിനു സാധിച്ചു. ഫെരാരിയുടെ വെറ്റല്‍ ബെല്‍ജിയത്തില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണിനാണ് രണ്ടാം സ്ഥാനം. പോള്‍ പൊസിഷനില്‍ റേസ് തുടങ്ങിയ ഹാമിള്‍ട്ടണിനെ ആദ്യ ലാപ്പില്‍ തന്നെ വെറ്റല്‍ പിന്തള്ളിയിരുന്നു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ മൂന്നാം സ്ഥാനക്കാരനായി റേസ് അവസാനിപ്പിച്ചു.

റേസിന്റെ തുടക്കത്തില്‍ തന്നെ മക്ലാരന്റെ ഫെര്‍ണാണ്ടോ അലോന്‍സോയുടെ കാറില്‍ നിക്കോ ഹള്‍ക്കെന്‍ബര്‍ഗ് ഇടിച്ചതോടെ ഒരു കൂട്ട ഇടി നടക്കുകയായിരുന്നു. സൗബറിന്റെ ചാള്‍സ് ലെക്ലെര്‍ക് തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡാനിയേല്‍ റിക്കിയാര്‍ഡോയും കിമി റൈക്കണനും ആദ്യ ലാപ്പില്‍ തന്നെ കൂട്ടിയിടിയെ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിരുന്നു.

ഫോര്‍മുല വണ്‍ റേസില്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ അലോന്‍സോയില്ല

ഫോര്‍മുല വണ്‍ റേസില്‍ നിന്ന് റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് ഫെര്‍ണാണ്ടോ അലോന്‍സോ. ഈ സീസണ്‍ അവസാനത്തോടെ താന്‍ ഫോര്‍മുല വണ്‍ റേസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് ഫെര്‍ണാണ്ടോ അലോന്‍സോ പ്രഖ്യാപിക്കുകയായിരുന്നു. മക്ലാരന്റെ സ്പാനിഷ് താരം 2001ല്‍ ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയിലാണ് അരങ്ങേറ്റം കുറിച്ചത്. തന്റെ 17ാം സീസണില്‍ പങ്കെടുക്കുന്ന അലോന്‍സോ 2005, 2006 ചാമ്പ്യന്‍ഷിപ്പുകള്‍ റെനോള്‍ട്ടിനു വേണ്ടി വിജയിക്കുകയും ചെയ്തിരുന്നു.

ചില മാസങ്ങള്‍ക്ക് മുമ്പ് തന്നെ താന്‍ ഈ തീരുമാനമെടുത്തിരുന്നുവെന്നും ഈ സീസണിലെ ബാക്കി റേസുകളില്‍ ഇതുവരെ പ്രകടിപ്പിച്ച അതേ ആവേശത്തോടെ ശേഷിക്കുന്ന മത്സരങ്ങളിലും പങ്കെടുക്കുമെന്ന് അലോന്‍സോ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെഡ് ബുള്ളിനോട് വിട പറഞ്ഞ് ഡാനിയേല്‍ റിക്കിയാര്‍ഡോ, അടുത്ത സീസണ്‍ റെനോള്‍ട്ടില്‍

റെഡ് ബുള്ളിന്റെ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ ‍ഡാനിയേല്‍ റിക്കിയാര്‍ഡോ സീസണ്‍ അവസാനത്തോടു കൂടി റെഡ് ബുള്‍ വിടുമെന്ന് അറിയിച്ചു. റെനോള്‍ട്ടുമായി പുതിയ കരാര്‍ താരം ഒപ്പുവയ്ക്കുമെന്ന് റെനോള്‍ട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റെഡ് ബുള്ള തന്നെയാണ് താരത്തിന്റെ വിട വാങ്ങല്‍ തീരുമാനി അറിയിച്ചത്. ഈ സീസണില്‍ രണ്ട് റേസുകളില്‍ വിജയിച്ച താരത്തിനു പിന്നാലെ റെനോള്‍ട്ടും മക്ലാരെനുമുണ്ടെന്നാണ് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

താരത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഭാവിയിലെ മത്സരങ്ങളില്‍ താരത്തിനു എല്ലാവിധ ആശംസകളും നല്‍കുന്നുവെന്നാണ് റെഡ് ബുള്ളിന്റെ ബോസ് ക്രിസ്റ്റ്യന്‍ ഹോര്‍ണര്‍ അറിയിച്ചത്. 2014ല്‍ റെഡ് ബുള്ളില്‍ എത്തിയ റിക്കിയാര്‍ഡോ 7 റേസുകളില്‍ വിജയിക്കുകയും 29 പോഡിയം ഫിനിഷുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

മാക്സ് വെര്‍സ്റ്റാപ്പനു പകരം ടീമില്‍ പുതുതായി ആരെ എത്തിക്കുമെന്നതിനെക്കുറിച്ച് റെഡ് ബുള്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭിക്കാവുന്ന താരങ്ങളെയെല്ലാം അവലോകനം ചെയ്ത് മാത്രമേ ഉചിതമായ തീരുമാനം എടുക്കുകയുള്ളുവെന്നും റെഡ് ബുള്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹംഗറിയിലും ഹാമിള്‍ട്ടണ്‍, വെറ്റല്‍ രണ്ടാമത്

ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഴ്സിഡസ് താരത്തിന്റെ വിജയം. ഫെരാരിയുടെ തന്നെ കിമി റൈക്കണന്‍ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ നാലാമതും മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസ് അഞ്ചാം സ്ഥാനത്തുമായി റേസ് അവസാനിപ്പിച്ചു.

ഇത് ആറാം തവണയാണ് ഹാമിള്‍ട്ടണ്‍ ഹംഗറിയില്‍ കിരീടം സ്വന്തമാക്കുന്നത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ 24 പോയിന്റിന്റെ ലീഡ് ഹാമിള്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിനിടെ റെഡ്ബുള്ളുമായി കൂട്ടിയിടിച്ച ബോട്ടാസിനു തന്റെ മൂന്നാം സ്ഥാനമാണ് നഷ്ടമായത്. ആദ്യം വെറ്റലിനെ ഇടിച്ചുവെങ്കിലും അധികം പരിക്കില്ലാതെ വെറ്റല്‍ രക്ഷപ്പെട്ടുവെങ്കിലും ബോട്ടാസ് ഡാനിയേല്‍ റിക്കിയോര്‍ഡോയുമായി കൂട്ടിയിടിച്ചത് റൈക്കണിനു ബോട്ടാസിനെ മറികടക്കുവാന്‍ സഹായിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജര്‍മ്മനിയില്‍ ഹാമിള്‍ട്ടണ്‍, വെറ്റല്‍ പുറത്ത്

ജര്‍മ്മനിയില്‍ ആവേശകരമായ വിജയം സ്വന്തമാക്കി ലൂയിസ് ഹാമിള്‍ട്ടണ്‍. അപകടത്തില്‍ പെട്ട് സെബാസ്റ്റ്യന്‍ വെറ്റല്‍ പുറത്തായ മത്സരത്തില്‍ ഹാമിള്‍ട്ടണ് വെല്ലുവിളി ഉയര്‍ത്തിയത് സഹതാരം വാള്‍ട്ടേരി ബോട്ടാസ് ആയിരുന്നു. ബോട്ടാസ് തന്നെയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാം സ്ഥാനത്തെത്തി.

നാല് അഞ്ച് സ്ഥാനങ്ങളില്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെനും റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗും ഫിനിഷ് ചെയ്തു. 14ാം സ്ഥാനത്ത് നിന്നാണ് റേസ് ഹാമിള്‍ട്ടണ്‍ ആരംഭിച്ചത്. റേസ് ആരംഭിച്ച സ്ഥാനത്ത് നിന്ന് വിജയം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് മത്സര ശേഷം ലൂയിസ് ഹാമിള്‍ട്ടണ്‍ പറഞ്ഞത്.

ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിനെക്കാള്‍ 17 പോയിന്റ് മുന്നിലായാണ് ഇപ്പോള്‍ ലൂയിസ് സ്ഥിതി ചെയ്യുന്നത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ചുവെങ്കിലും വെറ്റലിന്റെ കാര്‍ അപകടത്തില്‍ പെട്ട് പുറത്ത് പോകുകയായിരുന്നു. ഹാമിള്‍ട്ടണ് 188 പോയിന്റും വെറ്റലിനു 171 പോയിന്റുമാണ് 11 റേസുകള്‍ക്ക് ശേഷമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റൈക്കണെന്റെ ഇടി തകര്‍ത്തത് ഹാമിള്‍ട്ടണിന്റെ സ്വപ്നങ്ങളെ, ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീയില്‍ വിജയം വൈറ്റലിനു

തുടര്‍ച്ചയായ ആറാം ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രീ കിരീടമെന്ന ലൂയിസ് ഹാമിള്‍ട്ടണിന്റെ മോഹങ്ങളെ ഇടിച്ച് നശിപ്പിച്ച് കിമി റൈക്കണന്‍. റേസിന്റെ തുടക്കത്തില്‍ തന്നെ നടന്ന ഇടിയില്‍ നിന്ന് കരകയറി ഹാമിള്‍ട്ടണ്‍ റേസ് പുനരാരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍ വെറ്റലിനു പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തുവാനെ ഹാമിള്‍ട്ടണു സാധിച്ചുള്ളു. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവായതോടു കൂടി ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെക്കാള്‍ 8 പോയിന്റ് ലീഡ് സ്വന്തമാക്കുവാന്‍ വെറ്റലിനു സാധിച്ചിട്ടുണ്ട്.

ഹാമിള്‍ട്ടണെ ഇടിച്ച ഫെരാരിയുടെ തന്നെ കിമി റൈക്കണനാണ് മൂന്നാം സ്ഥാനം. മെഴ്സിഡേഴ്സിന്റെ വാള്‍ട്ടേരി ബോട്ടാസ് നാലാമതും റെഡ് ബുള്ളിന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോ അഞ്ചാമതും ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി റൈക്കണനും സെബാസ്റ്റ്യന്‍ വെറ്റലും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.

ഇന്ന് ജന്മദിനം ആഘോഷിച്ച മറ്റൊരു റെഡ് ബുള്‍ താരത്തിനും ഗിയര്‍ബോക്സിന്റെ തകരാര്‍ കാരണം മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. മത്സരത്തില്‍ പോള്‍ പൊസിഷനില്‍ റേസ് ആരംഭിച്ച ബോട്ടാസിനു 16ാം റൗണ്ടിലും 64ാം റൗണ്ടില്‍ ലൂയിസ് ഹാമിള്‍ട്ടണും പിന്മാറിയതോടെ മെഴ്സിഡസിനു തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രിയയില്‍ പോള്‍ പൊസിഷനില്‍ ബോട്ടാസ്, രണ്ടാമതായി റേസ് ആരംഭിക്കുക ഹാമിള്‍ട്ടണ്‍

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ക്ക്. വാള്‍ട്ടേരി ബോട്ടാസ് പോള്‍ പൊസിഷന്‍ സ്വന്തമാക്കിയപ്പോള്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ആണ് രണ്ടാം സ്ഥാനത്ത് റേസ് ആരംഭിക്കുക. ഫെരാരിയുടെ കിമി റൈക്കണന്‍ മൂന്നാമതും റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ നാലാമതുമായി യോഗ്യത റൗണ്ടില്‍ സമയം കണ്ടെത്തി.

ഇത് 2018 സീസണില്‍ ബോട്ടാസിന്റെ ആദ്യ പോള്‍ പൊസിഷന്‍ ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version