കാറിനു ഭാരം കുറവ്, ജോർജ് റസൽ അയോഗ്യൻ! ലൂയിസ് ഹാമിൾട്ടൻ ബെൽജിയം ഗ്രാന്റ് പ്രീ ജേതാവ്!

ബെൽജിയം ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ. റേസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മെഴ്‌സിഡസ് ജയം ആഘോഷിച്ച ശേഷമാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. റേസിന് ശേഷം നടന്ന പരിശോധനയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ജോർജ് റസലിന്റെ കാറിന് ഉണ്ടാവേണ്ട ഭാരം ആയ 798.00 കിലോഗ്രാം ഭാരം അല്ല എന്ന് അധികൃതർ കണ്ടത്തുക ആയിരുന്നു. റസലിന്റെ കാറിനു 796.5 കിലോഗ്രാം ഭാരം ആണ് ഉണ്ടായിരുന്നത്.

ഇതോടെ റേസ് നിയമ ലംഘനം കാരണം ജോർജ് റസലിന്റെ കാറിന് അധികൃതർ അയോഗ്യത പ്രഖ്യാപിക്കുക ആയിരുന്നു. ഇതോടെ രണ്ടാം സ്ഥാനത്ത് എത്തിയ മെഴ്‌സിഡസിന്റെ തന്നെ ലൂയിസ് ഹാമിൾട്ടൻ റേസിൽ വിജയി ആവുക ആയിരുന്നു. റെക്കോർഡ് 105 മത്തെ ഗ്രാന്റ് പ്രീ വിജയം ആണ് ഹാമിൾട്ടനു ഇത്. ഇതോടെ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി രണ്ടാം സ്ഥാനവും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനവും നേടി.

ബെൽജിയം ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ആധിപത്യം, റസൽ ഒന്നാമത്

ഫോർമുല 1 ബെൽജിയം ഗ്രാന്റ് പ്രീയിൽ മെഴ്‌സിഡസ് ആധിപത്യം. ജോർജ് റസൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ലൂയിസ് ഹാമിൾട്ടൻ രണ്ടാം സ്ഥാനത്ത് എത്തി. സീസണിൽ ബ്രിട്ടീഷ് ഡ്രൈവർ നേടുന്ന ആദ്യ ഗ്രാന്റ് പ്രീ ജയം ആണ് ഇത്. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച ഫെറാറിയുടെ ചാൾസ് ലെക്ലെർകിനു പോഡിയത്തിൽ ഇടം കണ്ടെത്താൻ പറ്റിയില്ല. നാലാം സ്ഥാനം ആണ് താരം നേടിയത്.

മക്ലാരൻ ഡ്രൈവർ ഓസ്കാർ പിയാസ്ട്രി മൂന്നാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ അഞ്ചാം സ്ഥാനത്ത് എത്തി. നിലവിലും മാക്‌സ് വെർസ്റ്റാപ്പൻ തന്നെയാണ് ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത്. മക്ലാരന്റെ ലാന്റോ നോറിസ് രണ്ടാം സ്ഥാനത്തും ഫെറാറിയുടെ ചാൾസ് ലെക്ലെർക് മൂന്നാം സ്ഥാനത്തും ആണ്.

ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ലൂയിസ് ഹാമിൾട്ടൻ

ഫോർമുല 1 ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ലൂയിസ് ഹാമിൾട്ടൻ. കരിയറിലെ 104 മത്തെ ഗ്രാന്റ് പ്രീ ജയം ആണ് മെഴ്‌സിഡസ് ഡ്രൈവർ ഇന്ന് കുറിച്ചത്. 945 ദിവസങ്ങൾക്ക് ശേഷമുള്ള ബ്രിട്ടീഷ് താരത്തിന്റെ ആദ്യ റേസ് ജയം ആണ് ഇത്. ബ്രിട്ടനിൽ ഒമ്പതാം ജയം കുറിച്ച ഹാമിൾട്ടൻ ഒരു സർക്യൂട്ടിൽ ഏറ്റവും അധികം ജയങ്ങൾ നേടുന്ന നേട്ടത്തിൽ ശുമാർക്കറിന്റെ റെക്കോർഡും മറികടന്നു.

300 ൽ അധികം റേസുകളിൽ പങ്കെടുത്ത ശേഷം ഒരു റേസ് ജയം നേടുന്ന ആദ്യ ഡ്രൈവർ കൂടിയാണ് ഹാമിൾട്ടൻ. നിലവിലെ ലോക ചാമ്പ്യനും നിലവിൽ ഒന്നാം സ്ഥാനത്തും ഉള്ള റെഡ് ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മക്ലാരന്റെ ലാന്റോ നോറിസ് മൂന്നാമത് എത്തി. അടുത്ത സീസണിൽ ഫെറാറിയിലേക്ക് മാറുന്ന ഹാമിൾട്ടന്റെ മെഴ്‌സിഡസിലെ അവസാന സീസൺ കൂടിയാണ് ഇത്.

ബ്രിട്ടനിലും മാക്‌സ് വെർസ്റ്റാപ്പൻ, ഫോർമുല വണ്ണിൽ വെർസ്റ്റാപ്പൻ മാത്രം

ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും ജയം കണ്ടു റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന തുടർച്ചയായ ആറാം റേസ് ജയം ആണ് ഇത്‌. ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം ഇല്ല എന്ന പതിവും ഇത്തവണ വെർസ്റ്റാപ്പൻ തിരുത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനു ഇടക്ക് മക്ലാരന്റെ ലാന്റോ നോറിസ് വെല്ലുവിളി ഉയർത്തി എങ്കിലും ഡച്ച് ഡ്രൈവർ പിന്നീട്‌ മുൻതൂക്കം തിരിച്ചു പിടിച്ചു.

നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ ഒരാൾ പോലും വെർസ്റ്റാപ്പനു അടുത്ത് പോലും ഇല്ല. മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യനും ബ്രിട്ടീഷ് ഡ്രൈവറും ആയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ മൂന്നാമത് എത്തി. മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി നാലാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മെഴ്‌സിഡസിന്റെ ജോർജ് റസൽ അഞ്ചാം സ്ഥാനത്ത് എത്തി.

ഹാമിൾട്ടന്റെ ഹൃദയം അവസാന ലാപ്പിൽ തകർത്തു വെർസ്റ്റാപ്പൻ ലോക ചാമ്പ്യൻ, മെഴ്‌സിഡസ് യുഗത്തിന് അന്ത്യം

അബു ദാബി ഗ്രാന്‍ഡ് പ്രീയിലെ അവസാന ലാപ്പിലെ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്ക് ശേഷം ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാക്സ് വെര്‍സ്റ്റാപ്പന്‍. അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹാമിള്‍ട്ടണിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് റെഡ് ബുള്‍ താരം ഹാമിള്‍ട്ടണെ പിന്തള്ളി ലോക ചാമ്പ്യനായി മാറിയത്.

വെര്‍സ്റ്റാപ്പന്‍ എഫ് 1 വിജേതാകുന്ന ആദ്യത്തെ ഡച്ച് താരം കൂടിയാണ്. സേഫ്ടി കാര്‍ വന്ന സമയത്ത് പിറ്റിലേക്ക് വെര്‍സ്റ്റാപ്പനെ വിളിച്ച് സോഫ്ട് ടയറിലേക്ക് മാറിയാണ് വിജയം റെഡ് ബുള്‍ ടീം സ്വന്തമാക്കിയത്.

സേഫ്ടി കാര്‍ വന്ന ശേഷം പാലിക്കേണ്ട നിയമങ്ങള്‍ യഥാവിധം പാലിച്ചില്ലെന്ന മെഴ്സിഡസിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മാക്സിന്റെ ലോക കിരീടം. അഞ്ച് കാറുകള്‍ക്ക് മാത്രം അൺലാപ് ചെയ്യുവാനുള്ള അവസരം നല്‍കിയത് വെര്‍സ്റ്റാപ്പനെ അവസാന ലാപ്പിന് തൊട്ടുമ്പ് ഹാമിൽട്ടണിന് തൊട്ടുമുമ്പിലെത്തിച്ചത് വിവാദ തീരുമാനം ആണെന്നാണ് ഹാമിൽട്ടൺ പക്ഷം ഉയര്‍ത്തുന്ന വാദം.

അവിശ്വസനീയം ഹാമിൾട്ടൻ! ഇതാണ് ചാമ്പ്യൻ! സീസണിലെ ആദ്യ ഗ്രാന്റ് പ്രീയിൽ ജയം!

ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ഏഴാം തവണ ലോക ജേതാവ് ആയ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ. പോൾ പൊസിഷനിൽ തുടങ്ങിയ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് രണ്ടാമത് റേസ് തുടങ്ങിയ ഹാമിൾട്ടൻ ജയം കണ്ടത്. റെഡ് ബുള്ളിന്റെ സെർജിയോ പെരസിന്റെ കാറിനു തുടക്കത്തിൽ നേരിട്ട പ്രശ്നങ്ങൾ കാരണം 56 ലാപ്പുകൾ ആയി നടന്ന റെസിൽ വെർസ്റ്റാപ്പൻ തുടക്കത്തിൽ തന്നെ മികച്ച ആധിപത്യം പിടിച്ചു. എന്നാൽ ഹാമിൾട്ടൻ മികച്ച പോരാട്ടം ആണ് വെർസ്റ്റാപ്പനു നൽകിയത്. മൂന്നാം സ്ഥാനത്തിനായി കടുത്ത മത്സരം ആണ് മെഴ്സിഡസിന്റെ ബോട്ടാസും നേരിട്ടത്. എന്നാൽ മക്ലാരന്റെ ലാന്റോ നോറിസ്, റെഡ് ബുള്ളിന്റെ സെർജിയോ പെരസ് എന്നിവരെ മറികടന്ന ബോട്ടാസ് ലാപ്പ് പൊസിഷൻ പിടിച്ചെടുത്തു. റേസിൽ ഫെരാരിയുടെ ചാൾസ് ലേക്ലെർക്ക് ആറാമത് ആയപ്പോൾ ആദ്യമായി ഫെരാരിക്ക് ആയി കാറോടിച്ച കാർലോസ് സെയിൻസ് എട്ടാം സ്ഥാനത്ത് എത്തി. അതേസമയം ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ച ഇതിഹാസ ജർമ്മൻ ഡ്രൈവർ മൈക്കിൾ ഷുമാർക്കറിന്റെ മകൻ ഹാസ് ഫെരാരിയുടെ മിക് ഷുമാർക്കർ പതിനാറാം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്.

പുതിയ സീസണിനു മുന്നോടിയായുള്ള വലിയ പോരാട്ടത്തിനുള്ള സൂചന ഇന്നത്തെ ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ കാണാൻ ആയി. ആവേശകരമായ റേസിൽ വെർസ്റ്റാപ്പൻ കൂടുതൽ സമയം ആധിപത്യം നേടിയെങ്കിലും ബുദ്ധിപൂർവ്വം പിറ്റ് ബ്രൈക്ക് എടുത്ത മെഴ്സിഡസിന്റെ തീരുമാനം ഹാമിൾട്ടനു സഹായം ആയി. പഴകിയ ടയറുകളുമായി റേസിന്റെ അവസാന ലാപ്പുകളിൽ കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടൻ വെർസ്റ്റാപ്പനിൽ നിന്നു നേരിട്ടത്. എന്നാൽ തന്റെ അനുഭവപരിചയവും മികവും പുറത്തെടുത്ത ഹാമിൾട്ടൻ ജയം പിടിച്ചെടുക്കുക ആയിരുന്നു. അതേസമയം വലിയ നിരാശ തന്നെയാവും പോൾ പൊസിഷനിൽ റേസ് തുടങ്ങിയ മാക്‌സ് വെർസ്റ്റാപ്പനു ഉണ്ടാവുക. സീസണിൽ മെഴ്സിഡസിന് വലിയ വെല്ലുവിളി ഉടമസ്ഥരുടെ വിഭാഗത്തിൽ ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ചാലും സീസണിൽ വെർസ്റ്റാപ്പൻ അടക്കമുള്ളവരിൽ നിന്നു റെക്കോർഡ് എട്ടാം ലോക കിരീടം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ വലിയ വെല്ലുവിളി ആയിരിക്കും നേരിടുക എന്ന വലിയ സൂചനയാണ് സീസണിലെ ആദ്യ ഗ്രാന്റ് പ്രീ നൽകുന്നത്.

ഈ നേട്ടം ഏത് സ്വപ്നത്തിനും അപ്പുറം’ റെക്കോർഡ് നേട്ടത്തിൽ വികാരതീതനായി ഹാമിൾട്ടൻ

മൈക്കിൾ ഷുമാർക്കർ എന്ന ലോകം കണ്ട ഏറ്റവും മഹാനായ കാറോട്ടക്കാരന്റെ ഏഴു ഫോർമുല വൺ ലോക കിരീടങ്ങൾ എന്ന റെക്കോർഡിനു ഇനി ലൂയിസ് ഹാമിൾട്ടൻ എന്ന അവകാശി കൂടി. റെക്കോർഡ് നേട്ടത്തിൽ വികാരം അടക്കാൻ ആവാതെ ആനന്ദ കണ്ണീർ വീഴ്‌ത്തിയ ഹാമിൾട്ടൻ ഈ നേട്ടം തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ഒരിക്കലും ചിന്തിക്കാൻ പോലും ആവാത്ത ഈ നേട്ടത്തിൽ വലിയ പങ്ക് വഹിച്ച തന്റെ മെഴ്സിഡസ് ടീമിന് വലിയ നന്ദി പറഞ്ഞ ഹാമിൾട്ടൻ ഏത് നേട്ടവും മികച്ച ടീമിനൊപ്പം സാധ്യമാണ് എന്നും കൂട്ടിച്ചേർത്തു. കാറിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാം വലിയ നന്ദി പറഞ്ഞ ഹാമിൾട്ടൻ അവരാണ് യഥാർത്ഥ ജേതാക്കൾ എന്നും കൂട്ടിച്ചേർത്തു.

താൻ പണ്ട് ഫോർമുല വൺ കാണുമ്പോൾ സങ്കൽപ്പിക്കാൻ കൂടി സാധിക്കാത്ത ഈ നേട്ടം കൈവരിച്ചത് പോലെ വരും തന്നെ കാണുന്ന കുട്ടികൾക്കും ഈ നേട്ടങ്ങൾ കൈവരിക്കാൻ ആവുമെന്നും ഹാമിൾട്ടൻ പറഞ്ഞു. കുട്ടികളോട് സ്വപ്നം കാണാൻ ആഹ്വാനം ചെയ്ത ഹാമിൾട്ടൻ ഒരിക്കലും തന്നിൽ വിശ്വാസം നഷ്ടപ്പെടാതെ പരിശ്രമിച്ചാൽ ആ സ്വപ്നം ഒരിക്കൽ സാധ്യമാകും എന്നും പറഞ്ഞു. സാമൂഹിക രംഗത്ത് കായികമേഖലക്ക് വരുത്താൻ പറ്റുന്ന മാറ്റങ്ങൾക്ക് തുടക്കം മാത്രമേ ആയിട്ടുള്ളു എന്നു ഓർമ്മിപ്പിക്കാനും ഹാമിൾട്ടൻ മറന്നില്ല. ഏഴാം കിരീടവും 94 മത്തെ റേസ് ജയവും 163 മത്തെ പോഡിയവുമാണ് ഹാമിൾട്ടൻ ഇന്ന് സ്വന്തമാക്കിയത്. മെഴ്സിഡസിന്റെ മികച്ച കാറിന്റെ പിന്തുണ ഉണ്ടെങ്കിലും കാറോടിച്ച 13 സീസണിലും ഒരു ജയം എങ്കിലും കുറിക്കാൻ ആയ ഏക ഡ്രൈവർ എന്ന നേട്ടം അടക്കം ഹാമിൾട്ടനെ ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്ന വിശേഷണത്തിൽ എത്തിക്കുന്നുണ്ട്.

ഏഴാം ലോകകിരീടം! ഷുമാർക്കറിന്റെ ലോക റെക്കോർഡിനു ഒപ്പമെത്തി ലൂയിസ് ഹാമിൾട്ടൻ

തുർക്കി ഗ്രാന്റ് പ്രീയിൽ ജയം കണ്ടു ചരിത്രം സ്വന്തം പേരിൽ കുറിച്ച് ബ്രിട്ടന്റെ മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള സഹ ഡ്രൈവർ വെറ്റാറി ബോട്ടാസിനെ മറികടന്നു ലോക കിരീടം ഉറപ്പിച്ചു. മഴയും മോശം കാലാവസ്ഥയും വില്ലനായ തുർക്കി ഗ്രാന്റ് പ്രീയിൽ ഇതിഹാസ താരങ്ങൾക്ക് ചേർന്ന വിധം വളരെ ബുദ്ധിപൂർവ്വം ആണ് ഹാമിൾട്ടൻ കാറോടിച്ചത്. ആറാമത് ആയി തുടങ്ങിയ ഹാമിൾട്ടൻ തന്റെ അനുഭവസമ്പത്ത് പുറത്ത് എടുത്താണ് ജയം കണ്ടത്. തുടർച്ചയായ നാലാം റേസ് ജയം കൂടിയായിരുന്നു ഹാമിൾട്ടനു ഇത്. ജയത്തിനു ശേഷം വളരെ വികാരാതീതനായ ഹാമിൾട്ടനെ ആണ് കാണാൻ സാധിച്ചത്.

ഹാമിൾട്ടൻ ഷുമാർക്കറിന്റെ റെക്കോർഡ് നേട്ടത്തിൽ എത്തിയ റേസിൽ ബോട്ടാസിന് വലിയ തിരിച്ചടി ആണ് നേരിട്ടത്. 14 മത് ആയാണ് ബോട്ടാസ് തുർക്കി റേസ് അവസാനിപ്പിച്ചത്. 11 മത് ആയി തുടങ്ങിയ റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് രണ്ടാമത് എത്തിയപ്പോൾ അവസാന ലാപ്പിൽ സഹ ഡ്രൈവർ ചാൾസ് ലേക്ലെർക്കിന്റെ പിഴവ് മുതലെടുത്ത് ഒരു ഇടവേളക്ക് ശേഷം ഫെരാരിയുടെ മുൻ ലോക ചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ മൂന്നാമത് ആയി പോഡിയം കണ്ടു. ഹാമിൾട്ടനെ റെക്കോർഡ് നേട്ടത്തിൽ ആദ്യം അഭിനന്ദിച്ചതും വെറ്റൽ ആയിരുന്നു. ലെക്ലെർക്ക് നാലാമത് ആയപ്പോൾ സൈൻസ് അഞ്ചാമതും വെർസ്റ്റാപ്പൻ ആറാമതും ആയി. അതേസമയം കരിയറിൽ ആദ്യമായി പോൾ പോസിഷനിൽ റേസ് തുടങ്ങിയ ലാൻസ് സ്ട്രോൾ ഒമ്പതാമത് ആയാണ് റേസ് അവസാനിപ്പിച്ചത്.

തുടർച്ചയായ ഏഴാം കിരീടം ഉയർത്തി ചരിത്രം എഴുതി മെഴ്‌സിഡസ്,ഒന്നാമത് എത്തി ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ തുടർച്ചയായ ഏഴാം തവണയും ഉടമസ്ഥരുടെ കിരീടം ഉയർത്തി മെഴ്‌സിഡസ്. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇരു ടീമിനു ഇത്രയും വലിയ ആധിപത്യം ലഭിക്കുന്നത്. ഇന്ന് നടന്ന എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ മെഴ്‌സിഡസ് ഡ്രൈവർമാർ ആയ ലൂയിസ് ഹാമിൾട്ടൻ, വെറ്റാറി ബോട്ടാസ് എന്നിവർ എത്തുകയും രണ്ടാമതുള്ള റെഡ് ബുള്ളിനു കനത്ത തിരിച്ചടി നേരിടേണ്ടിയും വന്നതോടെയാണ് മെഴ്‌സിഡസ് കിരീടം ഉയർത്തിയത്. പോൾ പൊസിഷനിലുള്ള ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് തുടങ്ങിയ ഹാമിൾട്ടനു മോശം തുടക്കം ആണ് ലഭിച്ചത്. ആദ്യം തന്നെ മൂന്നാമത് തുടങ്ങിയ വെർസ്റ്റാപ്പനും പിറകിൽ മൂന്നാം സ്ഥാനത്ത് ഹാമിൾട്ടൻ പിന്തള്ളപ്പെട്ടു. എന്നാൽ ബോട്ടാസിനും വെർസ്റ്റാപ്പനും വ്യത്യസ്തമായി കൂടുതൽ നേരം പഴയ ടയറുകളിൽ റേസ് ചെയ്യാനുള്ള ഹാമിൾട്ടന്റെ തന്ത്രം വിജയം കാണുന്നത് ആണ് റേസിൽ കണ്ടത്. ഒരു ഘട്ടത്തിൽ ബോട്ടാസിനെ മറികടന്നു രണ്ടാമത് എത്തുമെന്ന് കരുതിയ വെർസ്റ്റാപ്പനു പിറകിലെ ടയർ പഞ്ചർ ആയതിനെ തുടർന്നു റേസ് അവസാനിപ്പിക്കാൻ ആയില്ല.

വർഷങ്ങൾക്ക് മുമ്പ് ആർട്ടയൻ സെന്നക്ക് ജീവൻ നഷ്ടമായ എമിലിയ റോമഗ്ന ട്രാക്കിൽ ഹാമിൾട്ടൻ മികച്ച ഡ്രൈവ് ആണ് പുറത്ത് എടുത്തത്. ഇനി നടക്കാനിരിക്കുന്ന തുർക്കിഷ് ഗ്രാന്റ് പ്രീയിൽ ജയിക്കാൻ ആയാൽ ഹാമിൾട്ടൻ തന്റെ ഏഴാം കിരീടവും ഉറപ്പിക്കും. ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെനാൽട്ടിന്റെ ഡാനിയേൽ റിക്കാർഡോ ആണ് റേസിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഡാനിൽ കയറ്റ് നാലാമത് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അഞ്ചാമത് ആയി. സെർജിയോ പെരസ് ആറാമത് ആയപ്പോൾ വീണ്ടും മറ്റൊരു നിരാശജനകമായ പ്രകടനം ആണ് റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ അൽബോണിൽ നിന്നുണ്ടായത്. ഹാമിൾട്ടന്റെ കരിയറിലെ 93 മത്തെ കരിയർ ഗ്രാന്റ് പ്രീ ജയം ആണിത്.

റഷ്യൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷനായി ഹാമിൾട്ടൻ

റഷ്യൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഏഴാം ലോക കിരീടം ലക്ഷ്യമിടുന്ന മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ്‌ ഹാമിൾട്ടൻ ഒന്നാമത് എത്തി. രണ്ടാം യോഗ്യത റേസിൽ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ കാറ് കൂട്ടിയിടിച്ച് പുറത്തായപ്പോൾ നേരിട്ട തിരിച്ചടി അതിജീവിച്ച് ആണ് ഹാമിൾട്ടൻ പോൾ പൊസിഷൻ നേടിയത്. രണ്ടാം യോഗ്യത റേസിൽ രണ്ടര മിനിറ്റ് അവശേഷിക്കുന്ന സമയത്ത് ചുവപ്പ് കാർഡ് കണ്ട് റേസ് പുനരാരംഭിക്കേണ്ടി വന്നപ്പോൾ പതിനഞ്ചാം സ്ഥാനത്ത് ആയിരുന്നു ബ്രിട്ടീഷ് ഡ്രൈവർ, ഇവിടെ നിന്നാണ് ഹാമിൾട്ടൻ തിരിച്ചു വന്നത്.

ഞായറാഴ്ച 91 മത്തെ ഗ്രാന്റ് പ്രീ ജയം ലക്ഷ്യമിടുന്ന ഹാമിൾട്ടൻ ജയത്തിൽ സാക്ഷാൽ മൈക്കിൾ ശുമാർക്കറിന്റെ റെക്കോർഡ് ആണ് ലക്ഷ്യം വക്കുന്നത്. യോഗ്യതയിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ തന്നെ വാൽറ്ററി ബോട്ടാസ് ആണ് മൂന്നാമത് എത്തിയത്. റേസിംഗ് പോയിന്റിന്റെ സെർജിയോ പെരസ് ഞായറാഴ്ച നാലാമത് നിന്നു റേസ് തുടങ്ങുമ്പോൾ 11 മത് ആയി ആണ് ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് റേസ് തുടങ്ങുക.

വംശീയതക്ക് എതിരായ ടീ ഷർട്ട്, ലൂയിസ് ഹാമിൾട്ടൻ ഫോർമുല വൺ അന്വേഷണം നേരിട്ടേക്കും.

ടുസ്കാൻ ഗ്രാന്റ് പ്രീയിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു എതിരെ ഫോർമുല വൺ അധികൃതർ അന്വേഷണം നടത്തിയേക്കും. ടുസ്കാൻ ഗ്രാന്റ് പ്രീയിൽ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനും ‘ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം’ എന്നു എഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. പോലീസ് അതിക്രമങ്ങൾക്കും വംശീയതക്കും എതിരായ വലിയ സന്ദേശം ആയിരുന്നു ഹാമിൾട്ടൻ നൽകിയത്. ആറു മാസം മുമ്പ് പൊലീസുകാരാൽ 8 തവണ വെടിയേറ്റു സ്വന്തം വീട്ടിൽ വച്ചാണ് ബ്രെയോണ ടൈലർ എന്ന കരുത്തവർഗ്ഗക്കാരി കൊല്ലപ്പെടുന്നത്. ലോകം മുഴുവൻ ഉയർന്നു വന്ന പ്രതിഷേധത്തിന്റെ ഭാഗം ആവുക ആയിരുന്നു ഹാമിൾട്ടൻ.

അവരുടെ പേര് പറയുക എന്നു എഴുതിയ ബ്രെയോണ ടൈലറിന്റെ ഫോട്ടോയും ടീ ഷർട്ടിൽ ഉണ്ടായിരുന്നു. അതേസമയം രാഷ്ട്രീയകാര്യങ്ങൾ ഫോർമുല വണ്ണിൽ പ്രകടമാക്കരുത് എന്ന നിയമം ഹാമിൾട്ടൻ ലംഘിച്ചോ എന്ന കാര്യം ആണ് ഫോർമുല വൺ അധികൃതർ അന്വേഷിക്കുക. എന്നാൽ ഇത് രാഷ്ട്രീയം അല്ല മാനുഷിക വിഷയം ആണെന്ന നിലപാട് ആണ് മെഴ്‌സിഡസിന്. എല്ലാ അർത്ഥത്തിലും ഹാമിൾട്ടനെ പിന്തുണക്കും എന്നും അവർ അറിയിച്ചു. സ്വന്തം വീട്ടിൽ കൊല്ലപ്പെടാൻ മാത്രം വംശീയത കാരണം ആവുന്നു എങ്കിൽ ആ കൊലപാതകം ചെയ്തവ വംശീയ വെറിയന്മാർ സ്വതന്ത്രരായി നടക്കുന്നു എങ്കിൽ അതിനു എതിരെ ശ്രദ്ധ ക്ഷണിക്കേണ്ടത് തന്റെ കടമ ആണെന്നാണ് ഹാമിൾട്ടൻ പറഞ്ഞത്. വംശീയതക്ക് എതിരെ നിരവധി നിലപാടുകൾ ആണ് ഫോർമുല വൺ ഈ സീസണിൽ എടുത്തത്, ഹാമിൾട്ടൻ ആവട്ടെ അതിന്റെ മുന്നണി പോരാളിയും ആയിരുന്നു. ഈ നിലപാട് കാരണം ഹാമിൾട്ടനെ ഫോർമുല വൺ ശിക്ഷിക്കുമോ എന്നു കണ്ടറിയണം.

‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ രാഷ്ട്രീയം പറഞ്ഞു ഹാമിൾട്ടൻ

ഫോർമുല വൺ വേദിയിൽ തന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചു പറഞ്ഞു ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് ആറു മാസം മുമ്പ് അമേരിക്കൻ പോലീസിനാൽ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരി ആയ ബ്രെയോണ ടൈലറിനു നീതിക്കായി ആണ് ഹാമിൾട്ടൻ തന്റെ റേസ് ട്രാക്ക് ഉപയോഗിച്ചത്. വംശീയതക്ക് എതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സമരങ്ങളും കണ്ട സമീപകാലത്ത് കായിക ലോകവും ഇതിനൊപ്പം ചേർന്ന് നിന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങളിൽ മുന്നിൽ എന്നും ആറു തവണ ലോക ജേതാവ് ആയ ലൂയിസ് ഹാമിൾട്ടനും ഉണ്ടായിരുന്നു. ഇത്തവണ ടുസ്കാൻ ഗ്രാന്റ് പ്രീ തുടങ്ങുന്നതിനു മുമ്പ് ‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ എന്നു മുന്നിൽ എഴുതിയ ടീഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. ടീഷർട്ടിന്റെ പിന്നിൽ ആവട്ടെ ബ്രെയോണ ടൈലറിന്റെ ചിത്രവും പതിച്ചിരുന്നു. റേസിൽ ജയം കണ്ട ശേഷവും ഈ ടീഷർട്ട് അണിഞ്ഞു തന്നെയാണ് ഹാമിൾട്ടൻ ട്രോഫി മേടിക്കാനും എത്തിയത്.

ഈ ധൈര്യം തന്നെയാവും ഹാമിൾട്ടനെ എല്ലാവരിൽ നിന്നും വ്യത്യസ്തനയിക്കുന്നത്. ചിലപ്പോൾ ഫോർമുല വൺ ചരിത്രത്തിൽ ലൂയിസ് ഹാമിൾട്ടൻ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, ശുമാർക്കറും, ഫ്രോസ്റ്റും, സെന്നയും, നിക്കി ലൗഡയും സമീപകാലത്തെ ഇതിഹാസങ്ങൾ ആയ വെറ്റലും അലോൺസോയും ഒക്കെ ബ്രിട്ടീഷ് ഡ്രൈവറെക്കാൾ മികച്ചവർ ആയേക്കാം. പക്ഷെ അവരാരെ പോലെയും അല്ല ഹാമിൾട്ടൻ, ഒരുപാട് തവണ ആവർത്തിച്ചു പറഞ്ഞപോലെ അയ്യാൾ ചിലപ്പോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, അതെ ഒപ്പം അയ്യാളുടെ ജയങ്ങൾക്ക് മെഴ്‌സിഡസിന്റെ ഏറ്റവും മികച്ച, മറ്റ് കാറുകളെ നാണിപ്പിക്കുന്ന കാറും കൂട്ടുണ്ട്, എന്നാൽ അയ്യാളെ പോലൊരു ഡ്രൈവർ ചരിത്രത്തിൽ വേറെയില്ല, ഇനി ചിലപ്പോൾ മതിരാൾ ഇങ്ങനെ ഉയർന്നു വന്നാലും അയ്യാളുടെ പ്രചോദനം ഹാമിൾട്ടൻ തന്നെയാവും. അയ്യാൾ ഉയർന്നു വന്നു കാണിച്ച പോലൊരു ഹീറോയിസവും ഫോർമുല വണ്ണിൽ വേറെ കണ്ടിട്ടില്ല. ഒരു അഭിമുഖത്തിൽ തനിക്ക് ഒരു കുട്ടി എന്ന നിലക്ക് എത്ര അപ്രാപ്യമായ സ്വപ്നം ആയിരുന്നു ഫോർമുല വൺ ഡ്രൈവർ ആവുക എന്നത് എന്നു അയ്യാൾ പറയുന്നത് കേട്ടിട്ടുണ്ട്.

തന്റെ മുഖത്തോട് സാമ്യമുള്ള ഒരു മുഖവും ഫോർമുല വൺ ഡ്രൈവിങ് സീറ്റിൽ താൻ കണ്ടിട്ടില്ല എന്നു ആ അഭിമുഖത്തിൽ പറഞ്ഞ ഹാമിൾട്ടൻ തന്റെ അച്ഛൻ 4,5 ജോലികൾ ചെയ്തു തന്റെ സ്വപ്നത്തിനു കൂടെ നിന്ന കഥയും പറയുന്നുണ്ട്. അന്നത്തെക്കാൾ ഭീകരമായി പാവപ്പെട്ടവന്, സാധാരണക്കാരന് സ്പോർട്സ് വെറും സ്വപ്നം മാത്രം ആവുന്ന ദുരവസ്ഥയും ഹാമിൾട്ടൻ അവിടെ പറയുന്നുണ്ട്. തന്റെ ലക്ഷ്യങ്ങൾ ഒന്ന് കായികരംഗത്ത് കഴിവുള്ളവർക്ക് സാമ്പത്തിക നില അവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാവരുത് എന്നതാണ് എന്നു ആവർത്തിക്കുന്ന ഹാമിൾട്ടൻ അതിനായി ആണ് റേസ് ട്രാക്കിന്‌ പുറത്ത് കൂടുതൽ സമയം നൽകുന്നത് എന്നും അറിയുക. തന്റെ രാഷ്ട്രീയം പറയാൻ അത് ആരെ ചൊടിപ്പിച്ചാലും ഒരു കൂസലും ഇല്ല എന്നിടത്ത് കൂടിയാണ് ഹാമിൾട്ടൻ ഏറ്റവും പ്രിയപ്പെട്ടവൻ ആവുന്നത്. ബ്രെയോണ ടൈലറിനെ പോലെ വംശീയതക്ക് വിധേയരാവുന്ന ആർക്ക് വേണ്ടിയും സംസാരിക്കാൻ, അവർക്ക് നീതി ഉറപ്പിക്കാൻ അയ്യാൾ എന്നും മുന്നിൽ കാണും. അതിന്റെ പേരിൽ ആരാധകരെ നഷ്ടം ആയാലോ, സ്പോൺസർഷിപ്പ് നഷ്ടമായാലോ ഒന്നും അയ്യാൾക്ക് വിഷയമല്ല. അയ്യാൾ അയ്യാളുടെ രാഷ്ട്രീയം ലോകം ജയിച്ച് കൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറയും. അതിനാൽ തന്നെ ഫോർമുല വൺ ചരിത്രം കണ്ട ഏറ്റവും മികച്ച എന്നല്ല ഫോർമുല വണ്ണിൽ ഇന്നെ വരെ ഡ്രൈവ്‌ ചെയ്ത എക്കാലത്തെയും പ്രധാനപ്പെട്ട ഡ്രൈവർ ഹാമിൾട്ടൻ മാത്രം ആണ്. കാരണം ഹാമിൾട്ടൻ തുറന്നത് വലിയ ഒരു ലോകം ആണ്, സ്വപ്നം കാണാൻ പോലും പേടിയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയ ലോകം. എല്ലാർക്കും പ്രചോദനം ആയി ഏഴാം ലോക ചാമ്പ്യൻഷിപ്പിന് അടുക്കുന്ന ഹാമിൾട്ടനു അത് സാധിക്കട്ടെ എന്നാശംസിക്കുന്നു.

Exit mobile version