യോഗ്യത മത്സരത്തിനിടെ എഫ് 2 ഡ്രൈവർ കൊല്ലപ്പെട്ടു, ബെൽജിയം ഗ്രാന്റ്പ്രി ഉപേക്ഷിച്ചു

എന്നും അപകടങ്ങൾ നിറഞ്ഞത് തന്നെയാണ് റേസിംഗ്. ഫോർമുല 1 മുൻ ലോകജേതാവ് സെന്ന അടക്കം കാറോട്ട അപകടങ്ങളിൽ പൊളിഞ്ഞ ജീവിതങ്ങൾ ഇന്നും ആരാധകർക്ക് നീറുന്ന ഓർമ്മകൾ ആണ്. ആ സങ്കടകരമായ ലിസ്റ്റിലേക്ക് ഇന്ന് ഒരാൾ കൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. എഫ് 2 വിലെ ഫ്രഞ്ച് ഡ്രൈവറായ ആന്തണി ഹുബർട്ട് ആണ് ആരാധകരുടെ കണ്ണീർ ആയി മാറിയത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റേസിംഗ് ട്രാക്ക് എന്നറിയപ്പെടുന്ന ബെൽജിയം ഗ്രാന്റ്‌ പ്രിക്ക് മുന്നോടിയായുള്ള യോഗ്യത റേസിൽ ആണ് താരത്തിന്റെ ജീവൻ എടുത്ത അപകടം ഉണ്ടായത്. എഫ് 2 വിൽ എട്ടാമത് ഉണ്ടായിരുന്ന BWT ആർഡൻ ഡ്രൈവറുടെ കാറും അമേരിക്കൻ താരം യുവാൻ മാന്യുവൽ കൊറേയയുടെ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിന് ശേഷം ഇരുവരെയും ഹോസ്പിറ്റലിൽ പ്രേവേശിച്ചു കുറച്ചു നേരത്തിനു ശേഷമാണ് ഫ്രഞ്ച് താരത്തിന്റെ മരണം എഫ്.ഐ.എ സ്ഥിരീകരിക്കുന്നത്. അമേരിക്കൻ താരത്തിന്റെ നില ഇപ്പോൾ തൃപ്തികരമായി തുടരുകയാണ്. അപകടത്തിനു ശേഷം റേസ് നിർത്തിവച്ചു. മരണം സ്ഥിരീകരിച്ച ഉടൻ തന്നെ റേസ് ഉപേക്ഷിക്കുന്നത് ആയി അധികൃതർ അറിയിച്ചു. ലൂയിസ് ഹാമിൾട്ടൻ,ഫെർണാണ്ടോ അലോൺസോ തുടങ്ങി ഡ്രൈവർമാരും ടീമുകളും തങ്ങളുടെ സങ്കടവും ഞെട്ടലും പങ്കുവച്ചു. ഈ കടുത്ത ആഘാതം അതിജീവിച്ചു വേണം ഡ്രൈവർമാർ ഇനിയുള്ള റേസിന് ഒരുങ്ങാൻ എന്നതും വസ്‌തുതയാണ്. സ്വന്തം ജീവിതം തന്നെ പണയം വച്ച് റേസിന് ഇറങ്ങുന്ന താരങ്ങൾക്ക് പലപ്പോഴും നൽകേണ്ടി വരിക സ്വന്തം ജീവൻ തന്നെയാണ് എന്നതിന്റെ അവസാനത്തെ ഉദാഹരണം കൂടിയാവുകയാണ് ഹുബർട്ട്. പ്രണാമം ഹുബർട്ട്!

വേർസ്റ്റാപ്പന്റെ വെല്ലുവിളി മറികടന്ന് തന്റെ ഏഴാം ഹംഗേറിയൻ ഗ്രാന്റ്‌ പ്രീ ജയിച്ച് ഹാമിൾട്ടൻ

വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്‌സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസ് തുടങ്ങിയത്, ജർമ്മനിയിൽ ജയം കണ്ടതിന്റെ ആത്മവിശ്വാസവും വേർസ്റ്റാപ്പനു ഉണ്ടായിരുന്നു. രണ്ടാമത് ആയി ബോട്ടാസും മൂന്നാമത് ആയി മെഴ്‌സിഡസ് സഹതാരം ഹാമിൾട്ടനും റേസ് തുടങ്ങിയപ്പോൾ അവർക്ക് പിറകിൽ ഫെറാരി ഡ്രൈവർമാരും അണിനിരന്നു. ബോട്ടാസിന്റെ മോശം തുടക്കം മുതലെടുത്ത ഹാമിൾട്ടനും ഫെരാരിയുടെ ചാൾസ്‌ ലെക്ലെർക്കും സഹതാരം സെബാസ്റ്റ്യൻ വെറ്റലും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇതിനിടെ മറ്റ് കാറിടിച്ച് കാറിനു കേടുവന്ന ബോട്ടാസ് പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമാവുകയും ചെയ്തതോടെ റേസിൽ പോൾ പൊസിഷനിൽ ഒരിക്കൽ കൂടി ബോട്ടാസിന്റെ സാധ്യത അടഞ്ഞു.

റേസിൽ തന്റെ ആധിപത്യം വേർസ്റ്റാപ്പൻ തുടർന്നപ്പോൾ ശക്തമായ വെല്ലുവിളിയാണ് ഹാമിൾട്ടൻ ഉയർത്തിയത്. പിറകിൽ മൂന്നാം സ്ഥാനത്തിനായി സമാനമായ പോരാട്ടം തന്നെയാണ് ഫെരാരി ഡ്രൈവർമാർ തമ്മിലും കണ്ടത്. എന്നാൽ 26 ലാപ്പിൽ വേർസ്റ്റാപ്പനെ മറികടന്ന ഹാമിൾട്ടനെ പക്ഷെ തൊട്ട്പിറകെ തന്നെ മറികടന്ന വേർസ്റ്റാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. ഇതിനിടെ വേർസ്റ്റാപ്പനിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിറ്റ് ഇടവേള എടുത്ത ഹാമിൽട്ടൻ പുതിയ ടയറുകളുമായി നന്നായി ഡ്രൈവ് ചെയ്തു. എന്നാൽ ലീഡ് പോകുമോ എന്ന ഭയത്താൽ രണ്ടാം പിറ്റ് ഇടവേള എടുക്കാൻ വേർസ്റ്റാപ്പനും റെഡ് ബുള്ളും മടിച്ചു. ഇത് അവസാനം വേർസ്റ്റാപ്പനു വിനയാകുന്നത് ആണ് റേസിന്റെ അവസാനം കണ്ടത്.

വേർസ്റ്റാപ്പന്റെ കാറിനെ 67 മത്തെ ലാപ്പിൽ കാണികൾക്ക് ആവേശമായി മറികടന്ന ഹാമിൾട്ടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സർക്യൂട്ടിൽ ഒന്നായ ഹംഗറിയിൽ മറ്റൊരു ജയം കുറിച്ചു. ഏറ്റവും വേഗതയേറിയ ലാപ്പ് റേസിൽ കുറിച്ച വേർസ്റ്റാപ്പൻ എട്ടാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയ ബോട്ടാസുമായുള്ള ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനത്തിനായുള്ള അകലം കുറിക്കുകയും ചെയ്തു. ഏതാണ്ട് സമാനമായ വാശിയേറിയ പോരാട്ടം മൂന്നാം സ്ഥാനത്തിനായും കണ്ടപ്പോൾ തന്റെ സഹതാരത്തെ അനുഭവസമ്പത്തുമായി മറികടന്ന സെബാസ്റ്റ്യൻ വെറ്റൽ തുടർച്ചയായ രണ്ടാം ഗ്രാന്റ്‌ പ്രീയിലും പോഡിയത്തിൽ മത്സരം അവസാനിപ്പിച്ചു. ജർമ്മനിയിൽ രണ്ടാമതായെങ്കിൽ ഇത്തവണ അത് മൂന്നാമത് ആയി. ചാമ്പ്യൻഷിപ്പിൽ ബഹുദൂരം മുന്നിലുള്ള ഹാമിൾട്ടനും മെഴ്‌സിഡസിനും ജർമ്മനിയിലെ ദുരന്തത്തിന് ശേഷം ജയം വലിയ ഊർജ്ജമായി. എന്നാൽ ആഴ്ച തോറും തന്റെ മൂല്യം തെളിയിക്കുന്ന വേർസ്റ്റാപ്പൻ ഹാമിൾട്ടനു സമീപഭാവിയിൽ തന്നെ വലിയ വെല്ലുവിളി ആവും എന്നുറപ്പാണ്.

ജർമ്മൻ ഗ്രാന്റ്‌ പ്രീയിൽ വേർസ്റ്റാപ്പൻ ഒന്നാമത്, താരമായി സെബാസ്റ്റ്യൻ വെറ്റൽ

മഴ മൂലം നനഞ്ഞ ട്രാക്കിൽ സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി സ്വന്തം രാജ്യത്തിൽ മെഴ്‌സിഡസിന് ഏറ്റപ്പോൾ ഫോർമുല 1 ഇന്ന് സാക്ഷിയായത് നാടകീയതയും ആവേശവും നിറഞ്ഞ ഒരു ഗ്രാന്റ്‌ പ്രീക്ക്. 7 ഡ്രൈവർമാർ അപകടത്തിൽ പെട്ടു പിന്മാറിയ റേസിൽ ഒന്നാം പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടൻ തുടങ്ങിയത്. രണ്ടാമത് റെഡ് ബുള്ളിന്റെ മാർക്ക് വേർസ്റ്റാപ്പനും മൂന്നാമത് ഹാമിൾട്ടന്റെ സഹതാരവും മുഖ്യഎതിരാളിയും ആയ ബോട്ടാസും. ഏറ്റവും അവസാനത്തിലാണ് ഫെരാരി താരവും മുൻ ലോകജേതാവും ആയ സെബ്യാസ്റ്റൃൻ വെറ്റൽ റേസ് തുടങ്ങിയത്. തുടക്കം മുതലെ ഡ്രൈവർമാർ പിന്മാറുന്നത് കണ്ടു റേസിൽ. ഏതാണ്ട് റേസിന്റെ പകുതിയിൽ വച്ച് അത് വരെ നന്നായി ഡ്രൈവ് ചെയ്ത ഫെരാറിയുടെ ചാൾസ്‌ ലെക്ലെർക്ക് അപകടത്തിൽ പെട്ടു പിന്മാറിയപ്പോൾ തുടർച്ചയായ രണ്ടാം വർഷവും ജർമനിയിൽ തങ്ങളുടെ കാർ അപകടത്തിൽ പെട്ട് പിന്മാറുന്ന ദുർഗതി ഫെരാരി നേരിട്ടു.

എന്നാൽ തോട്ട് അടുത്ത നിമിഷം തന്നെ സമാനമായ അപകടത്തിൽ പെട്ട ഹാമിൽട്ടൻ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. ഇത് മുതലെടുത്ത് അത് വരെ മുമ്പിൽ ഉണ്ടായിരുന്ന ഹാമിൽട്ടനെ മറികടന്ന വെർസ്റ്റാപ്പൻ റേസിൽ ആധിപത്യം നേടി. ഇതിനിടയിൽ പിറ്റ് ഇടവേള എടുക്കാൻ തെറ്റായ രീതിയിൽ പ്രവേശിച്ച ഹാമിൽട്ടനു 5 സെക്കന്റ് പിഴയും ലഭിച്ചു. പലപ്പോഴും സുരക്ഷാകാറിന്റെ സഹായത്തിൽ നടന്ന റേസിൽ ഹാമിൾട്ടൻ കാർ തകരാർ മൂലം പുറകോട്ടു പിന്തള്ളപ്പോൾ ബോട്ടാസിനെ മറികടന്ന ഡാനിയേൽ ക്യുവിറ്റും ലാൻസ് സ്ട്രോളും പോഡിയം സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇടക്ക് അവസാന സ്ഥാനത്തേക്കു വരെ ഹാമിൽട്ടൻ പിന്തള്ളപ്പെട്ടപ്പോൾ ഇന്നത്തെ ദിവസം ബ്രിട്ടീഷ് ഡ്രൈവറുടെ അല്ലെന്നു വ്യക്തമായി. ഇതിനിടയിൽ സുരക്ഷാകാറിന്റെ സാന്നിധ്യത്തിൽ ബോട്ടാസിന്റെ കാറും നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് പിന്മാറിയപ്പോൾ ഇന്നത്തെ ദിവസം മെഴ്‌സിഡസ് കുറെ കാലങ്ങൾക്കു ശേഷം പോഡിയത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി.

ഇതിനിടയിൽ ബോട്ടാസിന്റെ അസാന്നിധ്യം മുതലെടുത്ത് സ്വപ്നതുല്യമായ ഡ്രൈവിങ് പുറത്തെടുത്ത വെറ്റൽ സ്വന്തം നാട്ടുകാർക്ക് മുമ്പിൽ ഫെരാരി ടീമിനെയും ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അപാരമായി മുന്നേറിയ വെറ്റൽ ക്യുവിറ്റിനെ മറികടന്നു രണ്ടാം സ്ഥാനത്തിലേക്ക്. എന്നാൽ തന്റെ 7 മത്തെ ഗ്രാന്റ്‌ പ്രീ ജയം കുറിച്ച വേർസ്റ്റാപ്പൻ ഡച്ച് ആരാധകരെ ആവേശത്തിലാക്കി ജയം റെഡ് ബുള്ളിനു സമ്മാനിച്ചു. കരിയറിലെ മൂന്നാമത്തെ മാത്രം പോഡിയം ജയം കണ്ട ടോറോ റോസോയുടെ ക്യുവിറ്റ് മൂന്നാം സ്ഥാനത്തിൽ തൃപ്തനായി. വേർസ്റ്റാപ്പന്റെ ജയത്തെക്കാളും മെഴ്‌സിഡസിനേറ്റ തിരിച്ചടിയേക്കാളും വെറ്റലിന്റെ അവിസ്മരണീയമായ ഡ്രൈവിങ് തന്നെയായിരുന്നു ജർമ്മൻ ഗ്രാന്റ്‌ പ്രീയിലെ കാഴ്ച. തിരിച്ചടി നേരിട്ടെങ്കിലും ഡ്രൈവർമാരിൽ ഹാമിൽട്ടനും നിർമ്മാതാക്കളിൽ മെഴ്‌സിഡസും വളരെ മുന്നിൽ തന്നെയാണ് ഇപ്പോഴും.

ഫോർമുല വൺ റെക്കോർഡ് തകർത്തു ലൂയിസ് ഹാമിൾട്ടൻ

വിംബിൾഡനിലും ക്രിക്കറ്റ് ലോകകപ്പിലും അവിസ്മരണീയ ഫൈനലുകൾ പിറന്ന ഇന്നലെ തന്നെ ചരിത്രത്തിലേക്ക് കാറോടിച്ച് കയറി ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് തന്റെ ലോകകിരീടം ഉറപ്പിച്ച ഹാമിൾട്ടൻ തന്റെ സ്വന്തം ഗ്രാന്റ്‌ പ്രിക്സ് ആയ ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സിൽ ആണ് ചരിത്രം കുറിച്ചത്. തന്റെ ടീം അംഗം കൂടിയായ മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസിനെ രണ്ടാം സ്ഥാനത്ത് പിന്തള്ളിയാണ് ഹാമിൾട്ടൻ തന്റെ 6 മത്തെ ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സ് ജയം കണ്ടത്‌. ഇതോടെ മുമ്പ് 5 തവണ വീതം ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സിൽ ജയം കണ്ട ജിം ക്ലാർക്കിന്റേതും അലൻ പ്രോസ്റ്റിന്റേതും റെക്കോർഡ് പഴം കഥയായി. തന്റെ മരണം വരെ ഓർമ്മിക്കാവുന്ന അവിസ്മരണീയ നേട്ടം എന്നായിരുന്നു റേസിന് ശേഷം ഹാമിൾട്ടന്റെ പ്രതികരണം.

റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പന്റെ കാറിലിടിച്ച മുൻ ലോക ചാമ്പ്യൻ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് ഇത് മറ്റൊരു മോശം ദിവസമായി. എന്നാൽ മൂന്നാം സ്ഥാനത്ത് തന്നെ റേസ് അവസാനിപ്പിച്ച വേർസ്റ്റാപ്പൻ നടത്തിയത് മികച്ച പ്രകടനം ആയിരുന്നു. ഫെരാരിയുടെ തന്നെ ചാൾസ് ലെക്ലെർക് വേർസ്റ്റാപ്പൻ പോരാട്ടം ഫോർമുല വൺ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം എന്ന വിശേഷണം നേടി. ഏതാണ്ട് 20 ലാപ്പുകളിൽ അധികം വേർസ്റ്റാപ്പൻ ലെക്ലെർക് പൂച്ചയും എലിയും കളി നടന്നപ്പോൾ ഫോർമുല വൺ ആരാധകർക്ക് ലഭിച്ചത് അവിസ്മരണീയ പോരാട്ടം. ആരാധകരുടെ മികച്ച ഡ്രൈവർ ആയി തിരഞ്ഞെടുക്കപ്പെട്ട ലെക്ലെർക് താൻ ഒരു ഗ്രാന്റ്‌ പ്രിക്സ് ജയത്തിൽ നിന്ന് അത്ര ദൂരയല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു റെസിലൂടെ.

ആവേശം,വിവാദം,3 മണിക്കൂർ കാത്തിരിപ്പ് ഒടുവിൽ ആസ്ട്രിയയിൽ ജയം വേർസ്റ്റാപ്പന്റെ തന്നെ

വിവാദങ്ങൾക്കൊടുവിൽ ആസ്ട്രിയ ഗ്രാന്റ്‌ പ്രിക്സിൽ ജയം റെഡ്‌ ബുള്ളിന്റെ വേർസ്റ്റാപ്പനു. ഫോർമുല 1 ലെ ഈ സീസണിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ റെസിനാണ് ഇന്ന് ആസ്ട്രിയ സാക്ഷിയായത്. പോൾ പൊസിഷനിൽ ഒന്നാമതായി തുടങ്ങുകയും റേസിൽ ഉടനീളം മുന്നിട്ട് നിൽക്കുകയും ചെയ്ത ഫെരാരിയുടെ ചാൾസ് ലെക്ളെർക്കിനെ അവസാന ലാപ്പുകളിലാണ് വേർസ്റ്റാപ്പൻ ഓടി പിടിച്ചത്. എന്നാൽ ചാൾസിനെ മറികടന്നത് നിയമപ്രകാരമാണോ എന്ന സംശയമാണ് മത്സരഫലം 3 മണിക്കൂർ വൈകിപ്പിച്ചത്. ഒടുവിൽ തീരുമാനം വേർസ്റ്റാപ്പനു അനുകൂലമായിരുന്നു. റേസ് ട്രാക്കിന്‌ പുറത്ത് തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഡച്ച് ആരാധകരുടെ പിന്തുണയുടെ ആവേശം വേർസ്റ്റാപ്പന്റെ ഡ്രൈവിങിലും പ്രതിഫലിച്ചു.

പോൾ പൊസിഷനിൽ രണ്ടാമതായിട്ടായിരുന്നു വേർസ്റ്റാപ്പന്റെ തുടക്കം. യോഗ്യതറേസിൽ മികച്ച രണ്ടാമത്തെ സമയം കുറിച്ചെങ്കിലും യോഗ്യത സമയത്ത് നിയമലംഘിച്ച് കാറോടിച്ചതിനാൽ 5 മതായിട്ടാണ് നിലവിലെ ചാമ്പ്യൻ ലൂയിസ് ഹാമിൾട്ടൻ തുടങ്ങിയത്. ഹാമിൾട്ടന്റെ മെഴ്‌സിഡസ് ടീം പങ്കാളി ബോട്ടാസാണ് റേസിൽ മൂന്നാമത് എത്തിയത്. ഫെരാരിയുടെ വെറ്റൽ 4 മത്തെത്തിയപ്പോൾ 5 മത് പൂർത്തിയാക്കാനെ ഹാമിൾട്ടനു ആയുള്ളൂ. ഇതോടെ നിർമാതാക്കളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗ്രാന്റ്‌ പ്രിക്സ് ജയം എന്ന മക്ളാരന്റെ റെക്കോർഡിനു ഒപ്പമെത്താൻ മെഴ്‌സിഡസിന് സാധിച്ചില്ല. 1988 ൽ തുടർച്ചയായ 11 റേസുകളിലാണ് മക്ളാരൻ ഒന്നാമത് എത്തിയത്.

ഈ വർഷം റെഡ് ബുള്ളിന്റെ ആദ്യജയമാണ് ഇത്. ഹോണ്ടയുടെ എൻജിനുകൾ കാറിൽ ഉപയോഗിച്ച്‌ തുടങ്ങിയ ശേഷമുള്ള ആദ്യ ജയം. 5 സീസനിലേക്കു കടന്ന വേർസ്റ്റാപ്പന്റെ കരിയറിലെ 6 മത്തെ ജയം. വേഗമേറിയ ലാപ്പും സ്വന്തമാക്കിയ വേർസ്റ്റാപ്പൻ ഇതോടെ ഡ്രൈവർമാരിൽ മൂന്നാമതെത്തി. മെഴ്‌സിഡസിന്റെ ഹാമിൾട്ടനും ബോട്ടാസും തന്നെയാണ് ഇപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 5 മതായെങ്കിലും ഇപ്പോഴും ബോട്ടാസിനെക്കാൾ 31 പോയിന്റും വേർസ്റ്റാപ്പനേക്കാൾ 71 പോയിന്റും മുന്നിലാണ് ഹാമിൾട്ടൻ. നിർമാതാക്കളുടെ മത്സരത്തിൽ മെഴ്‌സിഡസ് ഫോർമുല 1 ൽ ഇപ്പോൾ എതിരാളികളെയില്ല.

ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ല, എന്നാല്‍ നിന്റെ ഭാവി അത് അതുല്യമായിരിക്കും

ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച ശേഷം തനിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചാള്‍സ് ലെക്ലെര്‍ക്കിനോട് മത്സര ശേഷം ലൂയിസ് ഹാമിള്‍ട്ടണ്‍ പറഞ്ഞ വാക്കുകളാണിത് – “ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ലായിരിക്കാം എന്നാല്‍ നിന്റെ ഭാവി അതുല്യമാണ്. നീ മികച്ച രീതിയിലാണ് റേസ് ചെയ്തത്”. തന്റെ കന്നി പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ചാള്‍സ് എന്ന യുവ താരം മികച്ച രീതിയിലാണ് ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ മുഴുവന്‍ റേസ് ചെയ്തത്.

എന്നാല്‍ 48ാം ലാപ്പില്‍ തന്റെ റേസ് കാറിന്റെ എഞ്ചിന്റെ പ്രശ്നങ്ങള്‍ കാരണം താരത്തെ മറികടക്കുവാന്‍ ലൂയിസ് ഹാമിള്‍ട്ടണ് സാധിക്കുകയായിരുന്നു. അതിനു ശേഷം റേസ് അവസാനിപ്പിക്കുമ്പോള്‍ മൂന്നാം സ്ഥാനം വരെ എത്തുവാന്‍ ചാള്‍സിനു സാധിച്ചു.

ഹാമിള്‍ട്ടണും ബോട്ടാസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ച ചാള്‍സ് ലെക്ലെര്‍ക്ക് മൂന്നാം സ്ഥാനത്ത് എത്തി. തന്റെ കന്നി പോള്‍ പൊസിഷനാണ് ബഹ്റൈനില്‍ ചാള്‍സ് സ്വന്തമാക്കിയത്.

നാലാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനും അഞ്ചാം സ്ഥാനത്ത് ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും എത്തി. ഡ്രൈവര്‍മാരുടെ റേസില്‍ 44 പോയിന്റുമായി ബോട്ടാസ് ആണ് മുന്നില്‍ തൊട്ടു പുറകെ 43 പോയിന്റുമായി ഹാമിള്‍ട്ടണുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള മാക്സ് വെര്‍സ്റ്റാപ്പന് 27 പോയിന്റും നാലില്‍ നില്‍ക്കുന്ന ചാള്‍സ് ലെക്ലെര്‍ക്കിനു 26 പോയിന്റുമാണുള്ളത്.

ഷൂമാക്കറിന്റെ മകൻ അരങ്ങേറുന്നു

മൈക്കിൾ ഷൂമാക്കറിന്റെ മകൻ മിക്ക് ഷൂമാക്കർ എഫ് വണിൽ അരങ്ങേറ്റം നടത്തുന്നു. ഫോർമുല വൺ ടെസ്റ്റ് അരങ്ങേറ്റമാണ് മിക്ക് അടുത്ത മാസം ആദ്യം നടത്തുക. 20കാരനായ മിക്ക് ഫെരാറിയുടെ അക്കാദമിയുമായി നേരത്തെ കരാർ ഒപ്പിട്ടിരുന്നു. ഫെറാറിക്ക് വേണ്ടു തന്നെയാണ് മിക് ഇറങ്ങുന്നത്. ബഹ്റൈനിൽ ആകും ആദ്യ ദിവസം മൈക് ഫെറാറി ഡ്രൈവ് ചെയ്യുക. ഈ ആഴ്ച ബഹ്റൈനിൽ വെച്ച് തന്നെ ഷൂമാക്കറിന്റെ മകൻ ഫോർമുല ടു സീരീസിലും അരങ്ങേറ്റം നടത്തും.

ഫെറാറിക്ക് ഒപ്പം റെക്കോർഡുകൾ കുറിച്ചിട്ടുള്ള ഇതിഹാസമായിരുന്നു മൈക്കിൽ ഷൂമാക്കർ. അദ്ദേഹത്തിന്റെ മകനു ഫെറാറിയിൽ അരങ്ങേറുന്നത് പ്രതീക്ഷയോടെ ആണ് റൈസിംഗ് ലോകം നോക്കികാണുന്നത്. 2012ൽ റൈസിംഗിൽ നിന്ന് വിരമിച്ച മൈക്കിൾ ഷൂമാക്കർ 2013ൽ അപകടത്തിൽ പെട്ടിരുന്നു. ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ് ഷൂമാക്കർ ‌

ഹാമിള്‍ട്ടണെ പിന്തള്ളി വാള്‍ട്ടേരി ബോട്ടാസ് ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ ജേതാവ്

ഫോര്‍മുല വണ്‍ പുതിയ സീസണിനു ആവേശതുടക്കം. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡേസിന്റെ തന്നെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് വാള്‍ട്ടേരി ബോട്ടാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സെക്കന്‍ഡ് മുന്‍തൂക്കത്തോടെയാണ് ബോട്ടാസ് റേസ് അവസാനിപ്പിച്ചത്. വിജയത്തെ തന്റെ ഏറ്റവും മികച്ച റേസ് എന്നാണ് ബോട്ടാസ് വിശേഷിപ്പിച്ചത്.

പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയത് ലൂയിസ് ഹാമിള്‍ട്ടണ്‍ ആയിരുന്നു. ഇന്നലെ നടന്ന യോഗ്യത റൗണ്ടുകളില്‍ ദശാംശ വ്യത്യാസത്തിലാണ് പോള്‍ പൊസിഷന്‍ ലഭിയ്ക്കാതെ ബോട്ടാസ് പിന്നിലായത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യം തന്നെ ലീഡ് കരസ്ഥമാക്കിയ ബോട്ടാസ് പിന്നീട് റേസ് നിയന്തരിക്കുന്ന രീതിയാണ് കണ്ടത്.

ആദ്യ അഞ്ച് ലാപ്പുകള്‍ക്ക് ശേഷമാണ് താന്‍ കൂടതല്‍ ആത്മവിശ്വാസത്തോടെ ലീഡ് വര്‍ദ്ധിപ്പിച്ചതെന്ന് ബോട്ടാസ് മത്സരശേഷം പറഞ്ഞു. ഏറ്റവും വേഗതയേറിയ ലാപ്പിനു ഇത്തവണ മുതല്‍ പോയിന്റ് ലഭിയ്ക്കും എന്നതാണ് ഫോര്‍മുല വണ്‍ പുതിയ സീസണിന്റെ പ്രത്യേകത.

2017ല്‍ അബുദാബി ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ബോട്ടാസിന്റെ കരിയറിലെ ആദ്യ വിജയമാണ്. താരത്തിനു ഇന്ന് സ്വന്തമാക്കാനായത് തന്റെ കരിയറിലെ നാലാമത്തെ വിജയവുമാണ്.

റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ മൂന്നാം സ്ഥാനത്തും ഫെരാരിയുടെ ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും ചാള്‍സ് ലെക്ലെര്‍ക്കും നാലും അഞ്ചും സ്ഥാനങ്ങളില്‍ റേസ് അവസാനിപ്പിച്ചു.

ഫോർമുല വൺ കലണ്ടറിൽ ഇടം നേടി വിയറ്റ്നാം ജിപിയും

ഫോർമുല വൺ കലണ്ടറിൽ ഇടം നേടി വിയറ്റ്നാം ജിപി. 2020. ലെ കലണ്ടറിലായിരിക്കും വിയറ്റ്നാമിനെ ഉൾപ്പെടുത്തുക. 5.5 കിലോമീറ്റർ സ്ട്രീറ്റ് സർക്യൂട്ട് ആണിത്. ഈസ്റ്റേൺ ഏഷ്യയിലെ നാലാം റെയിസ് ആണിത്. ലിബർട്ടി മീഡിയയുടെ ടേക്ക് ഓവറിനു ശേഷം വരുന്ന ആദ്യത്തെ സുപ്രധാന തീരുമാനമാണിത്.

കലണ്ടറിൽ മൊണാകോ, സിങ്കപ്പൂർ, അസർബൈജാൻ എന്നിവയ്ക്ക് ശേഷമാണ് വിയറ്റ്നാമിലെ ഹാനോയ് വരുന്നത്. ഏപ്രിൽ 2020 ത്തിൽ ആയിരിക്കും വിയറ്റ്നാം ഗ്രാൻഡ് പ്രിക്‌സിന്റെ ഉദ്‌ഘാടന മത്സരം. ഫോർമുല വൺ കലണ്ടറിൽ ഇടം നാലാം ഏഷ്യൻ രാജ്യമാണ് വിയറ്റ്നാം. ജപ്പാൻ, ചൈന,സിംഗപ്പൂർ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

ജപ്പാനിലും ഹാമിള്‍ട്ടണ്‍, വെറ്റല്‍ ആറാമത്

വീണ്ടും വിജയക്കൊടി പാറിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍. ഈ സീസണില്‍ തന്നെ മറികടക്കുവാന്‍ ആര്‍ക്കും ഇനിയാകില്ലെന്ന് ഉറപ്പിച്ചുകൊണ്ട് 67 പോയിന്റ് ലീഡാണ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണ്‍ വെറ്റലിനു മേല്‍ നേടിക്കഴിഞ്ഞത്. ഹാമിള്‍ട്ടണിനു പിറകിലായി മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ മൂന്നാം സ്ഥാനത്തെത്തി.

വെറ്റലും വെര്‍സ്റ്റാപ്പെനും കൂട്ടിയിടിച്ചതാണ് വെറ്റലിന്റെ സാധ്യതകളെ ബാധിച്ചിരുന്നതെങ്കിലും മത്സരത്തിനു മുമ്പ് തന്നെ 50 പോയിന്റ് ലീഡ് കൈവശപ്പെടുത്തിയിരുന്ന ഹാമിള്‍ട്ടണിനു യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാന്‍ വെറ്റലിനൊ മറ്റു ഡ്രൈവര്‍മാര്‍ക്കോ ആയിരുന്നില്ല. രണ്ട് ആഴ്ചകള്‍ക്ക് ശേഷമുള്ള യുഎസ് ഗ്രാന്‍ഡ് പ്രീയില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ മെഴ്സിഡസ് കാറുകള്‍ റേസ് അവസാനിപ്പിച്ചാല്‍ ഈ സീസണ്‍ കിരീടവും ഹാമിള്‍ട്ടണ് സ്വന്തമാകും.

ജയിക്കേണ്ടിയിരുന്നത് ബോട്ടാസ്: ലൂയിസ് ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍‍ ജയം സ്വന്തമാക്കി ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടിയ ഹാമിള്‍ട്ടണ്‍ തന്നെക്കാള്‍ ബോട്ടാസ് ആയിരുന്നു വിജയത്തിനു അര്‍ഹനെന്ന് സമ്മതിച്ചു. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസിനോട് സഹ ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടണെ മുന്നില്‍ കയറ്റി വിടുവാന്‍ മെഴ്സിഡസ് ടീം ഉത്തരവിടുകയായിരുന്നു. 26ാം ലാപ്പില്‍ താരത്തിനെ മുന്നില്‍ കയറ്റിവിടുവാന്‍ ബോട്ടാസിനോട് മെഴ്സിഡസ് ഉത്തരവിടുകയായിരുന്നു. സെബാസ്റ്റ്യന്‍ വെറ്റല്‍ ഹാമിള്‍ട്ടണെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ലീഡ് കുറയാതിരിക്കുവാനായിരുന്നു മെഴ്സിഡസിന്റെ വിവാദ തീരുമാനം.

തന്നെ മുന്നില്‍ കയറ്റി വിട്ടത് വഴി വാള്‍ട്ടേരി ബോട്ടാസ് തികഞ്ഞൊരു ജെന്റില്‍മാന്‍ ആണെന്നാണ് ഹാമിള്‍ട്ടണ്‍ ആദ്യം പ്രതികരിച്ചത്. തന്റെ വിജയങ്ങളില്‍ തനിക്ക് ഏറ്റവും കുറവ് അഭിമാനം തോന്നുന്ന ഒരു വിജയമാണ് റഷ്യയില്‍ ഇന്ന് തനിക്ക് ലഭിച്ചതെന്ന് ഹാമിള്‍ട്ടണ്‍ കൂട്ടിചേര്‍ത്തു.

Exit mobile version