കൊറോണ വൈറസ് പേടി, ചൈനീസ് ഗ്രാന്റ് പ്രീ നീട്ടി വച്ചു

കൊറോണ വൈറസ് ഭീതിയിൽ ഈ വർഷത്തെ ചൈനീസ് ഗ്രാന്റ് പ്രീ മാറ്റി വച്ചു. ഏപ്രിൽ 19 നു ഷാങ്ഹായിൽ വച്ച് ആയിരുന്നു എഫ്. 1 ചൈനീസ് ഗ്രാന്റ് പ്രീ നടത്താൻ നേരത്തെ നിക്ഷയിച്ച ദിവസം, എന്നാൽ അത് മാറ്റി വച്ചത് ആയി എഫ്.1 അധികൃതർ വ്യക്തമാക്കി. ചൈനീസ് ഗ്രാന്റ് പ്രീ ഈ വർഷം നടത്താൻ സാധ്യതയില്ല എന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ. കൂടാതെ ഹോങ്കോങ് ഗ്രാന്റ് പ്രീയും മാറ്റി വക്കാനുള്ള സാധ്യതകൾ അധികമാണ്. കൂടാതെ ഈ വർഷത്തെ ആദ്യ ഗ്രാന്റ് പ്രീ ആയ വിയറ്റ്‌നാം ഗ്രാന്റ് പ്രീയുടെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ചൈനയും അതിർത്തി പങ്കിടുന്ന വിയറ്റ്നാമിൽ ഏപ്രിൽ 5 നാണ് ആദ്യ ഗ്രാന്റ് പ്രീ നടക്കാൻ ഇരുന്നത്. എന്നാൽ ഇത് വരെ 15 കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിയറ്റ്നാമിൽ ഗ്രാന്റ് പ്രീ നടക്കാനുള്ള സാധ്യത കുറവാണ് എന്നാണ് നിലവിലെ സൂചനകൾ.

കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനീസ് പ്രദേശമായ വുഹാനുമായി വെറും 500 മൈൽ അടുത്ത് കിടക്കുന്ന സ്ഥലമാണ് റേസ് നടക്കാനിരുന്ന ഷാങ്ഹായ്. ഇത് വരെ ആയിരക്കണക്കിന് ആളുകളുടെ മരണം എടുത്ത കൊറോണ വൈറസ് ഏതാണ്ട് 50,000 അടുത്ത് ആളുകളെ ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയിൽ നടക്കാനിരുന്ന പല കായിക ഇനങ്ങളും ഇതിനകം മാറ്റി വെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ലോക ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്, വനിത ഫുട്‌ബോൾ ഒളിമ്പിക് യോഗ്യത മത്സരങ്ങൾ, ബാസ്ക്കറ്റ് ബോൾ ഒളിമ്പിക് യോഗ്യത മത്സരങ്ങൾ തുടങ്ങിയ പല ഇനങ്ങളും ഇതിനകം തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. 22 റേസുകൾ അടങ്ങിയ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിനു ചൈനീസ് ഗ്രാന്റ് പ്രീ ഉപേക്ഷിക്കുക ആണെങ്കിൽ മറ്റൊരു റേസ് നടത്തുക എന്നത് അത്ര എളുപ്പമുള്ള ഒന്നാവില്ല.

ഫോർമുല വണ്ണിൽ ആറാം ലോകകിരീടം സ്വന്തമാക്കി ലൂയിസ് ഹാമിൽട്ടൻ

ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോർഡിലേക്ക് അകലം കുറച്ച് വീണ്ടും മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ. അമേരിക്കയിൽ അത്ഭുതം ഒന്നും സംഭവിച്ചില്ല ഒരിക്കൽ കൂടി തുടർച്ചയായ മൂന്നാം പ്രാവശ്യവും മൊത്തം ആറാം തവണയും ഫോർമുല വണ്ണിന്റെ രാജാവ് ആയി ബ്രിട്ടീഷ് ഡ്രൈവർ മാറി. ഇതോടെ 7 ലോകകിരീടങ്ങൾ സ്വന്തമായുള്ള ജർമ്മൻ ഇതിഹാസതാരം മൈക്കൾ ഷുമാർക്കാറിന്റെ ഏഴു ലോകകിരീടങ്ങൾ എന്ന റെക്കോർഡിനു അടുത്തെത്തി ഹാമിൽട്ടൻ. അഞ്ചാമത് ആയി റേസ് തുടങ്ങിയ ഹാമിൽട്ടനു തന്റെ സ്ഥാനം നിലനിർത്തിയെങ്കിൽ കൂടെ കിരീടം ഉറപ്പായിരുന്നു. എന്നാൽ സഹതാരം ബോട്ടാസിന് പിറകിൽ രണ്ടാമത് ആയി റേസ് അവസാനിപ്പിച്ച ഹാമിൽട്ടൻ കിരീടം പോഡിയം നേട്ടത്തോടെ ആഘോഷിച്ചു.

പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ബോട്ടാസിന് മികച്ച തുടക്കം ലഭിച്ചപ്പോൾ രണ്ടാമത് തുടങ്ങിയ വെറ്റൽ തുടക്കത്തിൽ തന്നെ കാറിന്റെ പ്രശ്നങ്ങൾ മൂലം പിന്മാറുന്നത് ആണ് റേസിന്റെ തുടക്കത്തിൽ കണ്ടത്. എന്നാൽ മികച്ച തുടക്കം ലഭിച്ച ഹാമിൽട്ടൻ ഒന്നിന് പിറകെ ഒന്നായി ഡ്രൈവർമാറെ മറികടന്നു മുന്നേറുന്ന കാഴ്ച കണ്ടപ്പോൾ മികച്ച പോരാട്ടം ആണ് അമേരിക്കയിൽ കണ്ടത്. അമേരിക്കയിൽ ബോട്ടാസ് ഒന്നാമത് എത്തിയപ്പോൾ ഹാമിൽട്ടൻ രണ്ടാമത് എത്തി. റെഡ് ബുള്ളിന്റെ മാർക് വെർസ്റ്റാപ്പൻ മൂന്നാമത് എത്തിയപ്പോൾ ഫെരാറിയുടെ ചാൾസ്‌ ലെക്ലെർക്ക് നാലാമത് ആയി. സമീപകാലത്തെ ഫോർമുല വണ്ണിലെ മെഴ്‌സിഡസ്, ഹാമിൽട്ടൻ ആധിപത്യം ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടപ്പോൾ ലോകകിരീടം ഒരിക്കൽ കൂടി ബ്രിട്ടീഷ് ഡ്രൈവർ സ്വന്തം പേരിലാക്കി.

അമേരിക്കയിൽ ആറാം ലോകകിരീടം തേടി ഹാമിൽട്ടൻ, ബോട്ടാസിന് പോൾ പൊസിഷൻ

അമേരിക്കൻ ഗ്രാന്റ്‌ പ്രീയിൽ തന്റെ ആറാം ലോകകിരീടം തേടി ലൂയിസ് ഹാമിൽട്ടൻ. യോഗ്യതയിൽ പോൾ പൊസിഷൻ നേടിയ മെഴ്‌സിഡസ് സഹതാരം ബോട്ടാസ് പക്ഷെ ലക്ഷ്യം വക്കുക ഹാമിൽട്ടന്റെ കിരീടാനേട്ടം വൈകിപ്പിക്കാൻ തന്നെയാവും. എന്നാൽ യോഗ്യതയിൽ അഞ്ചാമത് ആയ ഹാമിൽട്ടനു ബോട്ടാസ് ഒന്നാമത് ആയാലും എട്ടാം സ്ഥാനത്തോ അതിനുള്ളിലോ ഫിനിഷ് ചെയ്താൽ കിരീടം ഉറപ്പിക്കാം. ഇത് വരെ സീസണിൽ 10 ഗ്രാന്റ്‌ പ്രീ ജയിച്ചിട്ടുണ്ട് ഹാമിൽട്ടൻ ഇത് വരെ. ആറാം ലോകകിരീടം നേടിയാൽ സാക്ഷാൽ മൈക്കൾ ഷുമാർക്കറിന്റെ 7 ലോകകിരീടങ്ങൾ എന്ന റെക്കോർഡിനു അടുത്ത് എത്തും ഹാമിൽട്ടൻ.

ഫെരാരിയുടെ സെബാസ്റ്റൃൻ വെറ്റൽ യോഗ്യതയിൽ രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാർക് വെർസ്റ്റാപ്പൻ ആണ് മൂന്നാമത് എത്തിയത്. ചാൾസ്‌ ലെക്ലെർക്ക് ആണ് നാലാമത് എത്തിയത്. ഇതിനിടയിൽ ഹാമിൽട്ടൻ അപകടകരമായി ഡ്രൈവ് ചെയ്തു എന്ന് ഹാമിൽട്ടനോട് കയർക്കുകയും ചെയ്തു വെർസ്റ്റാപ്പൻ. യുവ ഡ്രൈവർമാരുടെ ഒരു സംഘം തന്നെ അടുത്ത സീസണിൽ ഹാമിൾട്ടനു വെല്ലുവിളി ഉയർത്താൻ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

ഫോർമുല വൺ ലോകകിരീടത്തിലേക്ക് അകലം കുറച്ച് ഹാമിൽട്ടൻ

മെക്സിക്കോ ഗ്രാന്റ്‌ പ്രീയിലും ജയം കണ്ടതോടെ ലോക കിരീടം കയ്യെത്തും ദൂരെയാക്കി ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൻ. ആവേശകരമായ റേസിൽ മെഴ്‌സിഡസ് ഡ്രൈവർ ഹാമിൽട്ടൻ ഒന്നാമത് എത്തിയപ്പോൾ ഫെരാരിയുടെ സെബ്യാസ്റ്റ്യൻ വെറ്റൽ ആണ് രണ്ടാമത് എത്തിയത്. മൂന്നാമത് ഹാമിൽട്ടന്റെ സഹതാരം ബോട്ടാസ് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ്‌ ലെക്ലെർക്ക് നാലാമത് ആയി. അതേസമയം പോൾ പൊസിഷൻ നിഷേധിച്ച റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആറാമത് ആയി. ഇന്നലെ യോഗ്യതയിൽ ഒന്നാമത് എത്തിയ വേർസ്റ്റാപ്പനു പോൾ പൊസിഷൻ നിഷേധിച്ചത് വിവാദമായിരുന്നു. വെർസ്റ്റാപ്പൻ ഇതിനെതിരെ രൂക്ഷമായി ആണ് പ്രതികരിച്ചത്.

പോൾ പൊസിഷനിൽ തുടങ്ങിയ ലെക്ലെർക്കിന്റെയും ഫെരാരിയുടെയും കടുത്ത പോരാട്ടം അതിജീവിച്ചാണ് റേസ് മൂന്നാമത് ആയി തുടങ്ങിയ ഹാമിൽട്ടൻ മെക്സിക്കൻ ഗ്രാന്റ്‌ പ്രീ ജയിച്ചത്. ഇതോടെ തുടർന്ന് വരുന്ന അമേരിക്കൻ ഗ്രാന്റ്‌ പ്രീയിൽ അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കിൽ ഹാമിൽട്ടൻ ജേതാവ് ആവും എന്നുറപ്പായി. നിലവിൽ രണ്ടാമതുള്ള ബോട്ടാസ് അമേരിക്കയിൽ ഒന്നാമത് ആയാലും ആദ്യ 8 ൽ സ്ഥാനം പിടിക്കാൻ ആയാൽ ഹാമിൾട്ടനു തന്റെ ആറാം ലോകകിരീടം ഉയർത്താം. ഉടമസ്ഥരിൽ മുമ്പേ തന്നെ കിരീടം ഉറപ്പിച്ചിരുന്നു മെഴ്‌സിഡസ്. അമേരിക്കയിൽ ജയത്തോടെ കിരീടം ഉയർത്താൻ ആവും ഹാമിൽട്ടന്റെ ശ്രമം.

ചുഴലിക്കാറ്റിനെ മറികടന്ന് ജപ്പാൻ ഗ്രാന്റ്‌ പ്രീയിൽ ബോട്ടാസ്

ചുഴലിക്കാറ്റ് ജപ്പാനിൽ നടക്കുന്ന റഗ്ബി ലോകകപ്പ് ഫോർമുല വൺ റേസ് എന്നിവക്ക് വലിയ ഭീഷണി ആയെങ്കിലും ഒടുവിൽ ഉദ്ദേശിച്ച പോലെ റേസ് നടത്താൻ സംഘാടകർ ആയി. കഴിഞ്ഞ കുറേ ഗ്രാന്റ്‌ പ്രീ കളിൽ ഫെരാരി നേടിയ ആധിപത്യം തിരിച്ചു പിടിക്കുന്ന മെഴ്‌സിഡസിനെയാണ് ജപ്പാനിലും കാണാൻ സാധിച്ചത്. ജപ്പാനിൽ ഫെരാരിയുടേതും സഹതാരം ലൂയിസ് ഹാമിൾട്ടന്റെയും വെല്ലുവിളി അതിജീവിച്ച ബോട്ടാസ് ഒരു ഇടവേളയ്ക്ക് ശേഷം പോഡിയത്തിൽ ഒന്നാമത് എത്തുന്ന കാഴ്ചക്ക് ആണ് ജപ്പാൻ സാക്ഷിയായത്.

രണ്ടാം സ്ഥാനത്ത് ഫെരാരിയുടെ വെറ്റൽ എത്തിയപ്പോൾ മൂന്നാമത് ആയിരുന്നു ഹാമിൾട്ടന്റെ സ്ഥാനം. ഇതോടെ ഉടമസ്ഥരുടെ മത്സരത്തിൽ കിരീടം ഉറപ്പിക്കാനും മെഴ്‌സിഡസിന് ആയി. അതേസമയം കഴിഞ്ഞ കുറേ ഗ്രാന്റ്‌ പ്രീകളിൽ സ്വപ്നതുല്യ പ്രകടനം നടത്തിയ ഫെരാരിയുടെ യുവ ഡ്രൈവർ ചാൾസ്‌ ലെക്ലെർക്ക് അഞ്ചാം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്. അതേസമയം റെഡ് ബുള്ളിന്റെ യുവ ഡ്രൈവർ മാർക്‌സ് വേർസ്റ്റാപ്പനു റേസ് പൂർത്തിയാക്കാനും സാധിച്ചില്ല. ഡ്രൈവർമാരുടെ പോരാട്ടത്തിൽ ലീഡ് കുറക്കാൻ ജയത്തോടെ ബോട്ടാസിന് ആയെങ്കിലും ഹാമിൽട്ടൻ ഇപ്പോഴും ബഹുദൂരം മുന്നിൽ തന്നെയാണ്.

ഫെരാരി തമ്മിലടി മുതലെടുത്ത് ഹാമിൾട്ടൻ, റഷ്യയിൽ മെഴ്‌സിഡസ്

കഴിഞ്ഞ റേസിൽ എന്ന പോലെ ഫെരാരി ഡ്രൈവർമാർ ആയ ചാൾസ്‌ ലെക്ലെർക്കും സെബാസ്റ്റ്യൻ വെറ്റലും തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായപ്പോൾ ഫെരാരിക്ക് നഷ്ടം ഉറപ്പായ ആദ്യ രണ്ട് സ്ഥാനങ്ങൾ. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ലെക്ലെർക്കിനെ മറികടന്ന് മുന്നിലെത്തിയ മൂന്നാമത്തുള്ള വെറ്റൽ ആയിരുന്നു റേസിൽ ആധിപത്യം നേടിയത്. രണ്ടാമത് ഹാമിൾട്ടനും മൂന്നാമത് ലെക്ലെർക്കും നാലാമത് ബോട്ടാസും ഫെരാരി താരത്തെ പിന്തുടർന്നു. കഴിഞ്ഞ റേസിൽ ആദ്യം പിറ്റ് ബ്രൈക്ക് വെറ്റലിന് നൽകിയതിൽ ലെക്ലെർക്ക് അതൃപ്തി രേഖപ്പെടുത്തിയതിനാൽ തന്നെ ഇത്തവണ ലെക്ലെർക്കിന്‌ ശേഷം വളരെ വൈകി ആണ് വെറ്റലിന് പിറ്റ് ബ്രൈക്ക് എടുക്കാൻ സാധിച്ചത്. ഈ അവസരം മുതലെടുത്ത ഹാമിൽട്ടൻ റേസിൽ മുന്നിലെത്തിയപ്പോൾ 28 ലാപ്പിൽ എഞ്ചിൻ തകരാർ മൂലം റേസിൽ നിന്നു പിന്മാറേണ്ടി വന്നു വെറ്റലിന്.

ഇതോടെ ഹാമിൽട്ടൻ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ സഹ ഡ്രൈവർ മെഴ്‌സിഡസിന്റെ ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തി. റേസിൽ ഉടനീളം രണ്ടാമത് തുടർന്ന ലെക്ലെർക്ക് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് നാലാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയത്. ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ ഫെരാരിയിൽ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നു കണ്ടറിയണം. ജയത്തോടെ റഷ്യയിൽ തുടർച്ചയായ ആറാം ജയം ആണ് മെഴ്‌സിഡസ് നേടിയത്. ജയത്തോടെ ഡ്രൈവർമാരുടെ പോരാട്ടത്തിൽ 73 പോയിന്റുകൾ ബോട്ടാസിനെക്കാൾ മുന്നിലെത്താൻ ഹാമിൾട്ടനു ആയി. തന്റെ ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ഹാമിൾട്ടനെക്കാൾ 107 പോയിന്റ് പിറകിൽ ആണ് ഫെരാരിയുടെ ലെക്ലെർക്ക് ഇപ്പോൾ.

റഷ്യയിലും ലെക്ലെർക്ക്, തുടർച്ചയായി നാലാം തവണയും പോൾ പൊസിഷൻ

ഫോർമുല വണ്ണിലെ പുതിയ രാജകുമാരൻ ചാൾസ്‌ ലെക്ലെർക്ക് തുടർച്ചയായ നാലാം തവണയും ഗ്രാന്റ്‌ പ്രി പോൾ പൊസിഷൻ സ്വന്തമാക്കി. റഷ്യയിലും ചരിത്രം കുറിച്ച ഫെരാരിയുടെ യുവ ഡ്രൈവർ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടന്റെ കടുത്ത പോരാട്ടമാണ് അതിജീവിച്ചത്. റഷ്യയിൽ കഴിഞ്ഞ 5 ഗ്രാന്റ്‌ പ്രീയും ജയിച്ച മെഴ്‌സിഡസ് നാളെ രണ്ടാം സ്ഥാനത്ത് ആവും തങ്ങളുടെ ആധിപത്യം തുടരാൻ റേസിന് ഇറങ്ങുക.

ഹാമിൽട്ടൻ രണ്ടാമത് എത്തിയപ്പോൾ 13 മാസത്തെ തോൽവിക്ക് സിംഗപ്പൂർ ഗ്രാന്റ്‌ പ്രീയിലൂടെ അന്ത്യം കുറിച്ച ഫെരാരിയുടെ മുൻ ലോക ജേതാവ് സെബ്യാസ്റ്റൃൻ വെറ്റൽ ആണ് മൂന്നാം സ്ഥാനത്ത് എത്തിയത്. റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പന്റെ കടുത്ത പോരാട്ടം ആണ് വെറ്റൽ അതിജീവിച്ചത്. അതേസമയം ഹാമിൾട്ടന്റെ മെഴ്‌സിഡസ് സഹ ഡ്രൈവർ ബോട്ടാസ് അഞ്ചാമത് ആയി ആവും നാളെ റഷ്യയിൽ റേസ് തുടങ്ങുക.

സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ലെക്ലെർക്ക് ആയിരുന്നു മുന്നിൽ രണ്ടാം സ്ഥാനത്ത് വെറ്റലും പിറകെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും. വെറ്റലിന്റെ കാറിന്റെ ടയർ ആദ്യം മാറ്റാനുള്ള ഫെരാരിയുടെ തീരുമാനം റേസിൽ നിർണായകമായപ്പോൾ വെറ്റൽ റേസിൽ ലീഡ് നേടി. ഈ തീരുമാനത്തോട് റേഡിയോയിൽ രൂക്ഷമായി പ്രതികരിച്ച ലെക്ലെർക്ക് തന്റെ പ്രതിഷേധം ടീമിനെ അറിയിക്കുകയും ചെയ്തു.

ഇതോടെ സെബ്യാസ്റ്റൃൻ വെറ്റൽ ഒന്നാമത് എത്തിയപ്പോൾ ലെക്ലെർക്ക് രണ്ടാമത് ആയി. നന്നായി ഡ്രൈവ്‌ ചെയ്ത റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ ആണ് റേസിൽ മൂന്നാമത് എത്തിയത്. മെഴ്‌സിഡസ് ഡ്രൈവർമാരായ ഹാമിൾട്ടൻ, ബോട്ടാസ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. നാലാമത് ആയെങ്കിലും ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസുമായുള്ള ലീഡ് കൂട്ടാൻ ഹാമിൾട്ടനു ആയി. നിർമാതാക്കളിൽ സമീപഭാവിയിൽ മെഴ്‌സിഡസ് ആധിപത്യം ചെറുക്കാൻ തങ്ങൾക്ക് ആവും എന്ന ശക്തമായ സൂചനയാണ് ഫെരാരി തുടർച്ചയായി നൽകുന്നത്.

സിംഗപ്പൂർ ഗ്രാന്റ്‌ പ്രീയിലും പോൾ പൊസിഷനിൽ ചാൾസ്‌ ലെക്ലെർക്ക്

തന്റെ മിന്നും ഫോമിൽ തുടർന്ന് ഫെരാരിയുടെ യുവ ഡ്രൈവർ ചാൾസ്‌ ലെക്ലെർക്ക്. കഴിഞ്ഞ രണ്ട് ഗ്രാന്റ്‌ പ്രീയും ജയിച്ച ലെക്ലെർക്ക് സിംഗപ്പൂരിലും പോൾ പൊസിഷൻ സ്വന്തമാക്കി. തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയം ആവും യുവ ഫെരാരി ഡ്രൈവർ നാളെ സിംഗപ്പൂരിൽ ലക്ഷ്യമിടുക.

യോഗ്യതയിൽ ലെക്ലെർക്ക് ഒന്നാമത് എത്തിയപ്പോൾ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ ആണ് രണ്ടാമത് എത്തിയത്. മൂന്നാമത് ഫെരാരിയുടെ ലെക്ലെർക്കിന്റെ സഹതാരം സെബാസ്റ്റ്യൻ വെറ്റൽ എത്തിയപ്പോൾ നാലാമത് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ആണ് എത്തിയത്. അതേസമയം നാളെ അഞ്ചാമത് ആയി ആവും മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസ് റേസ് തുടങ്ങുക.

ഇറ്റലിയിലും ലെക്ലെർക്ക്, ഇവൻ ഫെരാരിയുടെ പുതിയ രാജകുമാരൻ

സമീപകാലത്ത് നേരിട്ട തിരിച്ചടികളും നിരാശകളും മറക്കാൻ സമയം ആയെന്ന് ഫെരാരിക്ക് തോന്നാൻ തുടങ്ങിയാൽ അവരെ കുറ്റം പറയാൻ ആവില്ല, എന്ത് കൊണ്ടെന്നാൽ ഇതിഹാസങ്ങൾ ഡ്രൈവ് ചെയ്ത ആ ചുവപ്പ് കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് അവർക്ക് പുതിയൊരു രാജകുമാരനെ ലഭിച്ചിരിക്കുന്നു. മൊണോക്കക്കാരൻ ആയ 21 കാരൻ ചാൾസ് ലെക്ലെർക്ക് ആണ് ആ പുതിയ താരോദയം. കഴിഞ്ഞ തവണ ബെൽജിയത്ത് ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ണീര് തുടച്ച് ആഘോഷിച്ച ലെക്ലെർക്ക് ഇത്തവണ ജയം നന്നായി തന്നെ ആഘോഷിച്ചു. തന്റെ കരിയറിലെ തുടർച്ചയായ രണ്ടാം ജയം അതും ഫെരാരിയുടെ ജന്മനാട്ടിൽ കുറിച്ചു ലെക്ലെർക്ക്. 2010 ൽ ആലോൺസോക്ക് ശേഷം ആദ്യമായാണ് ഒരു ഫെരാരി ഡ്രൈവർ ഇറ്റാലിയൻ ഗ്രാന്റ്‌ പ്രീ ജയിക്കുന്നത്. ഫെരാരിക്കായി ഇറ്റാലിയൻ ഗ്രാന്റ്‌ പ്രീ ജയിച്ച ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്ക് കയറാനും യുവ ഡ്രൈവർക്ക് ജയത്തോടെ ആയി.

പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ലെക്ലെർക്കിനെ രണ്ടാമത് തുടങ്ങിയ മെഴ്‌സിഡസിന്റെ ഹാമിൾട്ടനും മൂന്നാമത് തുടങ്ങിയ ബോട്ടാസും ഒരു ടീം ആയി തുടർച്ചയായി ആക്രമിക്കുന്നത് ആണ് റേസിൽ കണ്ടത്. ലെക്ലെർക്കിന്‌ ആദ്യം ഹാമിൾട്ടൻ നിരന്തരം ഭീഷണി ഉയർത്തിയപ്പോൾ പിന്നീട്‌ ബോട്ടാസ് ആ സ്ഥാനം ഏറ്റെടുത്തു. എന്നാൽ അനുഭവസമ്പന്നനായ ഒരു ഡ്രൈവറെ പോലെ റേസ് ചെയ്ത ലെക്ലെർക്ക് ഇവരുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ജയം സ്വന്തമാക്കിയപ്പോൾ ഗാലറി നിറഞ്ഞ ഫെരാരി ആരാധകർക്ക് അത് ആഘോഷിക്കാനുള്ള വക നൽകി. ബോട്ടാസ് രണ്ടാമതും ഹാമിൾട്ടൻ മൂന്നാമതും എത്തി. നേരത്തെ ആദ്യ ലാപ്പിൽ തന്നെ കാറിന് പ്രശ്നം നേരിട്ട ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഒരു ഘട്ടത്തിൽ അവസാനസ്ഥാനത്ത് പോയെങ്കിലും പിന്നീട് 13 സ്ഥാനത്തേക്ക് എത്തി. 19 മതായി തുടങ്ങിയ റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ 8 മത് എത്തിയതും ശ്രദ്ധേയമായി. മികച്ച റേസ് ആണ് ഡച്ച് താരം പുറത്തെടുത്തത്.

ജയത്തോടെ ഡ്രൈവർമാരുടെ ലോകചാമ്പ്യൻഷിപ്പിൽ നാലാമത് എത്താനും ലെക്ലെർക്കിന്‌ ആയി. ഇപ്പോഴും 63 പോയിന്റുകൾ ബോട്ടാസിനെക്കാൾ മുന്നിലുള്ള ലൂയിസ് ഹാമിൾട്ടൻ ഡ്രൈവർമാരിൽ വളരെ മുന്നിൽ തന്നെയാണ്. വേർസ്റ്റാപ്പൻ ആണ് മൂന്നാം സ്ഥാനത്ത്. കാറുടമകളുടെ മത്സരത്തിൽ മെഴ്‌സിഡസ് ബഹുദൂരം മുന്നിലാണ്. എന്നാൽ സമീപകാലത്തെ മെഴ്‌സിഡസിന്റെ ആധിപത്യത്തിനു വലിയ ഭീഷണി ആവും ചാൾസ്‌ ലെക്ലെർക്കിലൂടെ ഫെരാരി അടുത്ത സീസൺ മുതൽ ഉയർത്തുക എന്നുറപ്പാണ്. നിക്കി ലൗഡ, മൈക്കൾ ഷുമാർക്കർ തുടങ്ങിയ ഫെരാരി ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയരാൻ ചാൾസ്‌ ലെക്ലെർക്കിന്‌ ആവുമോ എന്നത് തന്നെയാവും ഫോർമുല വൺ റേസിൽ സമീപഭാവിയിൽ ഉയർന്നു കേൾക്കാൻ പോകുന്ന പ്രധാനചോദ്യം.

ഇറ്റാലിയൻ ഗ്രാന്റ്‌ പ്രീയിലും പോൾ പൊസിഷൻ നേടി ഫെരാരിയുടെ ലെക്ലെർക്ക്

7 ദിവസങ്ങൾക്ക് ഉള്ളിൽ തുടർച്ചയായി തന്റെ രണ്ടാം പോൾ പൊസിഷൻ നേടി ഫെരാരിയുടെ യുവ ഡ്രൈവർ ചാൾസ്‌ ലെക്ലെർക്ക്. ബെൽജിയം ഗ്രാന്റ്‌ പ്രീയിൽ തന്റെ ജയം ആദ്യ ജയം കുറിച്ച 21 കാരൻ അപകടവും ആശയക്കുഴപ്പവും കണ്ട ഇറ്റാലിയൻ ഗ്രാന്റ്‌ പ്രീ യോഗ്യതയിൽ ഒന്നാമത് എത്തുകയായിരുന്നു. ഇറ്റലിയിലും തന്റെ ജയം തുടരാൻ ആവും യുവ ഡ്രൈവറുടെ ശ്രമം.

ലോകചാമ്പ്യൻ ആയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ രണ്ടാമത് എത്തിയപ്പോൾ സഹതാരം ബോട്ടാസ് മൂന്നാമത് എത്തി. ലെക്ലെർക്കിന്റെ ഫെരാരി ടീം അംഗം മുൻചാമ്പ്യൻ സെബാസ്റ്റ്യൻ വേറ്റൽ നാലാമതും ഡാനിയേൽ റിക്കാർഡോ അഞ്ചാമതും എത്തി. തുടർച്ചയായ രണ്ടാം ഗ്രാന്റ്‌ പ്രീയിലും ജയം ആവും ലെക്ലെർക്കിന്റെ ലക്ഷ്യം. നാളെയാണ് ഇറ്റാലിയൻ ഗ്രാന്റ്‌ പ്രീ നടക്കുക.

ഫോർമുല വണ്ണിലെ ആദ്യജയം ഹുബർട്ടിനു സമർപ്പിച്ചു ലെക്ലെർക്ക്

കണ്ണീരിൽ കുതിർന്നു നിന്ന റേസിംഗ് ട്രാക്കിൽ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ചരിത്രം എഴുതി. നേരത്തെ ഫോർമുല 2 ബെൽജിയം ഗ്രാന്റ്‌ പ്രി ഉപേക്ഷിച്ചെങ്കിലും ഫോർമുല 1 വിചാരിച്ചത് പോലെ നടത്താൻ എഫ്. എ. ഐ തീരുമാനിക്കുകയായിരുന്നു. തന്റെ ആദ്യ ഗ്രാന്റ്‌ പ്രി ജയം ആണ് മൊണോക്കയുടെ യുവ ഡ്രൈവർ ഇന്ന് ബെൽജിയം ഗ്രാന്റ്‌ പ്രീയിൽ കുറിച്ചത്. ഇന്നലെ യോഗ്യതക്കിടെ അപകടത്തിൽ മരിച്ച ആന്തണി ഹുബർട്ടിനു അനുശോചനം അർപ്പിച്ചാണ് റേസ് തുടങ്ങിയത്. എല്ലാവരും കാറിൽ ‘ആന്തണിക്കായി റേസ് ചെയ്യുക’ എന്നും കുറിച്ച് വച്ചു. 19 മത്തെ ലാപ്പിൽ ഹുബർട്ടിനായി കാണികളും എണീറ്റ് നിന്നു കയ്യടിച്ചു. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ഫെരാരിയുടെ ലെക്ലെർക്കിന്‌ മികച്ച തുടക്കം ആണ് ലഭിച്ചത്.

രണ്ടാമത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും മൂന്നാമത് ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലും റേസ് തുടങ്ങി. ആദ്യം മുന്നിൽ കയറാൻ വെറ്റലിന് ആയെങ്കിലും ഹാമിൾട്ടൻ ലീഡ് തിരിച്ചു പിടിച്ചു. തുടക്കത്തിൽ തന്നെ റെയ്ക്കോന്റെ കാറുമായി കൂട്ടിയിടിച്ച റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസിൽ നിന്ന് പുറത്തായത് ഡച്ച് ആരാധകർക്ക് വലിയ നിരാശ പകർന്നു. റേസിൽ ഉടനീളം വലിയ വെല്ലുവിളി ആണ് ലെക്ലെർക്കിന്‌ ഹാമിൾട്ടൻ നൽകിയത്. ഇതിനിടയിൽ വെറ്റലിനെ മറികടന്ന ഹാമിൾട്ടന്റെ ടീം അംഗം ബോട്ടാസ് മൂന്നാം സ്ഥാനത്തേക്കും എത്തി. അവസാന ലാപ്പിൽ വരെ ലെക്ലെർക്കിന്റെ ഫെരാരിക്ക് വലിയ വെല്ലുവിളി ഉയർത്തി ലോകജേതാവ്.

എന്നാൽ ഹാമിൾട്ടന്റെ വെല്ലുവിളി അതിജീവിച്ച ലെക്ലെർക്ക് തന്റെ ആദ്യ ഗ്രാന്റ്‌ പ്രി ജയം കുറിച്ചു. റേസിന് ശേഷം ആകാശത്തിലേക്ക് കൈകൾ ഉയർത്തി ലെക്ലെർക്ക്. കാറിൽ എഴുതിയ ‘ആന്തണിക്കായി റേസ് ചെയ്യുക’ എന്നു കാറിൽ എഴുതിയതിൽ ചൂണ്ടികാണിക്കുകയും ചെയ്തു യുവ ഡ്രൈവർ. തന്റെ സ്വപ്നം സഫലമായെങ്കിലും ഈ ജയം തനിക്ക് ആസ്വദിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞ ലെക്ലെർക്ക് ജയം സുഹൃത്ത് കൂടിയായ ഹുബർട്ടിനു സമർപ്പിക്കുകയും ചെയ്തു. വരും വർഷങ്ങളിലെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ലെക്ലെർക്കിന്റെ ആദ്യ ജയം ആണിത്. രണ്ടാമത് എത്തിയ ഹാമിൾട്ടൻ മൂന്നാമത് എത്തിയ ബോട്ടാസിനെക്കാൾ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ലീഡ് 65 പോയിന്റ് ആയി ഉയർത്തി. അതേസമയം 326 പോയിന്റുകൾ ഉള്ള ഫെരാരിയേക്കാൾ 471 പോയിന്റുകളുമായി ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്.

Exit mobile version