ഹംഗേറിയൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ സ്വന്തമാക്കി ലോക ജേതാവ് ലൂയിസ് ഹാമിൾട്ടൻ. മെഴ്‌സിഡസിലെ തന്റെ സഹ ഡ്രൈവർ വെറ്റാരി ബോട്ടാസ് നിലവിൽ ലോക ചാമ്പ്യൻഷിപ്പിൽ മുന്നിൽ നിൽക്കുന്ന റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ എന്നിവരെ പിന്തള്ളിയാണ് കരിയറിലെ 101 മത്തെ പോൾ പൊസിഷൻ നേടിയ ഹാമിൾട്ടൻ ഇത് ഒമ്പതാം തവണയാണ് ഹംഗറിയിൽ പോൾ പൊസിഷൻ നേടുന്നത്. മൂന്നു മാസങ്ങൾക്ക് ശേഷമാണ് ഹാമിൾട്ടൻ ഒരു ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടുന്നത്.
ഹംഗറിയിൽ ഇത് വരെ 8 തവണയും ജയം കണ്ട ഹാമിൾട്ടൻ ഒരേ വേദിയിൽ ഒമ്പത് തവണയും ജയം കണ്ട ആദ്യ താരമാവാൻ ആണ് നാളെ ഇറങ്ങുക. നാളെ ജയിക്കാൻ ആയാൽ അത് കരിയറിലെ നൂറാം ജയം ആവും ബ്രിട്ടീഷ് ഡ്രൈവർക്ക്. നിലവിൽ വെറും 8 പോയിന്റുകൾ മാത്രം വെർസ്റ്റാപ്പനു പിറകിലുള്ള ഹാമിൾട്ടൻ നാളെ അത് കുറക്കാൻ ആവും ശ്രമിക്കുക. യോഗ്യതയിൽ നാലാമത് ആണ് റെഡ് ബുള്ളിന്റെ സെർജിയോ പെരസ്. അതേസമയം വിവാദമായ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ വെർസ്റ്റാപ്പനു സംഭവിച്ച അപകടത്തിൽ ഹാമിൾട്ടനെ ആക്ഷേപിക്കുന്ന വലിയ കൂട്ടമായി എത്തിയ വെർസ്റ്റാപ്പൻ ആരാധകർ ആയ ‘ഓറഞ്ചു പട’ ഹാമിൾട്ടനെ നിരന്തരം കൂവിയാണ് എതിരേറ്റത്. എന്നാൽ അതിനു പോൾ പൊസിഷൻ സ്വന്തമാക്കിയാണ് താരം മറുപടി പറഞ്ഞത്.