ഫോർമുല വൺ റെക്കോർഡ് തകർത്തു ലൂയിസ് ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡനിലും ക്രിക്കറ്റ് ലോകകപ്പിലും അവിസ്മരണീയ ഫൈനലുകൾ പിറന്ന ഇന്നലെ തന്നെ ചരിത്രത്തിലേക്ക് കാറോടിച്ച് കയറി ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് തന്റെ ലോകകിരീടം ഉറപ്പിച്ച ഹാമിൾട്ടൻ തന്റെ സ്വന്തം ഗ്രാന്റ്‌ പ്രിക്സ് ആയ ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സിൽ ആണ് ചരിത്രം കുറിച്ചത്. തന്റെ ടീം അംഗം കൂടിയായ മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസിനെ രണ്ടാം സ്ഥാനത്ത് പിന്തള്ളിയാണ് ഹാമിൾട്ടൻ തന്റെ 6 മത്തെ ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സ് ജയം കണ്ടത്‌. ഇതോടെ മുമ്പ് 5 തവണ വീതം ബ്രിട്ടീഷ് ഗ്രാന്റ്‌ പ്രിക്സിൽ ജയം കണ്ട ജിം ക്ലാർക്കിന്റേതും അലൻ പ്രോസ്റ്റിന്റേതും റെക്കോർഡ് പഴം കഥയായി. തന്റെ മരണം വരെ ഓർമ്മിക്കാവുന്ന അവിസ്മരണീയ നേട്ടം എന്നായിരുന്നു റേസിന് ശേഷം ഹാമിൾട്ടന്റെ പ്രതികരണം.

റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പന്റെ കാറിലിടിച്ച മുൻ ലോക ചാമ്പ്യൻ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് ഇത് മറ്റൊരു മോശം ദിവസമായി. എന്നാൽ മൂന്നാം സ്ഥാനത്ത് തന്നെ റേസ് അവസാനിപ്പിച്ച വേർസ്റ്റാപ്പൻ നടത്തിയത് മികച്ച പ്രകടനം ആയിരുന്നു. ഫെരാരിയുടെ തന്നെ ചാൾസ് ലെക്ലെർക് വേർസ്റ്റാപ്പൻ പോരാട്ടം ഫോർമുല വൺ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം എന്ന വിശേഷണം നേടി. ഏതാണ്ട് 20 ലാപ്പുകളിൽ അധികം വേർസ്റ്റാപ്പൻ ലെക്ലെർക് പൂച്ചയും എലിയും കളി നടന്നപ്പോൾ ഫോർമുല വൺ ആരാധകർക്ക് ലഭിച്ചത് അവിസ്മരണീയ പോരാട്ടം. ആരാധകരുടെ മികച്ച ഡ്രൈവർ ആയി തിരഞ്ഞെടുക്കപ്പെട്ട ലെക്ലെർക് താൻ ഒരു ഗ്രാന്റ്‌ പ്രിക്സ് ജയത്തിൽ നിന്ന് അത്ര ദൂരയല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു റെസിലൂടെ.