ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ, ലോക കിരീടത്തിനു ആയി പോരാടുന്ന മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടന്റെ കാറും റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും കൂട്ടിയിടിച്ച് പുറത്ത് പോയ റേസിൽ മക്ലാരന്റെ ഡാനിയേൽ റിക്കാർഡോ ആണ് ജേതാവ് ആയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനെ ആദ്യ ലാപ്പിൽ തന്നെ രണ്ടാമത് റേസ് തുടങ്ങിയ റിക്കാർഡോ മറികടന്നിരുന്നു. ഓസ്‌ട്രേലിയൻ ഡ്രൈവർക്ക് പിറകിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച മക്ലാരന്റെ തന്നെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് ആണ് രണ്ടാമത് ആയത്. റേസിലെ 26 ലാപ്പിന്റെ പിറ്റ് ഇടവേളയുടെ സമയത്ത് മുൻതൂക്കം നിലനിർത്താനുള്ള ഹാമിൾട്ടന്റെ ശ്രമത്തെ മറികടക്കാൻ ശ്രമിച്ച വെർസ്റ്റാപ്പൻ നിയന്ത്രണം വിട്ട് മെഴ്‌സിഡസിന്റെ കാറിൽ ഇടിക്കുക ആയിരുന്നു. ഹെൽമറ്റ് ആണ് വലിയ അപകടം കൂടാതെ ഹാമിൾട്ടനെ രക്ഷിച്ചത്. തനിക്ക് ഇടം നൽകാത്തത് കൊണ്ടാണ് അപകടം നടന്നത് എന്നു ദേഷ്യത്തോടെ പറഞ്ഞ വെർസ്റ്റാപ്പൻ അപകടത്തിന് ശേഷം ഹാമിൾട്ടനെ ഒന്നു നോക്കുക പോലും ചെയ്യാതെ കളം വിടുക ആയിരുന്നു.
അതേസമയം പിന്നീട് അപകടം ഒന്നുമില്ലാതെ ഹാമിൾട്ടൻ കാറിൽ നിന്നു ഇറങ്ങിയതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. നേരത്തെ ഈ സീസണിൽ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും ഇരു താരങ്ങളുടെയും കാറുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. റിക്കാർഡോ ആദ്യം മുതൽ ആധിപത്യം നേടിയ റേസിൽ ഹാമിൾട്ടൻ ഒരു ഘട്ടത്തിൽ നോറിസിന് മുന്നിലായിരുന്നു. എന്നാൽ അപകടം എല്ലാം മാറ്റി മറിച്ചു. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആണ് മൂന്നാമത് എത്തിയത് എങ്കിലും 5 സെക്കന്റ് ടൈം പെനാൽട്ടി ലഭിച്ച പെരസ് അഞ്ചാം സ്ഥാനക്കാരനായി. അതേസമയം യോഗ്യതയിലെ പിഴ കാരണം അവസാനക്കാരനായി റേസ് തുടങ്ങിയ മെഴ്‌സിഡസിന്റെ വെറ്റാരി ബോട്ടാസ് നാലാമത് എത്തിയതിനാൽ ഇതോടെ മൂന്നാം സ്ഥാനം നേടി. അഞ്ചാമത് എത്തിയ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് നാലാം സ്ഥാനം കരസ്ഥമാക്കിയത്.