ശ്രീലങ്കക്കെതിരെ അനായാസ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ശ്രീലങ്കക്കെതിരായ രണ്ടാം ടി20യിൽ അനായാസ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 9 വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 103 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ശ്രീലങ്കക്ക് വേണ്ടി 30 റൺസ് എടുത്ത കുശാൽ പെരേരയും 20 റൺസ് എടുത്ത ഭാനുക രാജപാക്‌സെയുമാണ് കുറച്ചെങ്കിലും പൊരുതിനോക്കിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി എയ്ഡൻ മാർക്രമും തബറൈസ്‌ ഷംസിയും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ബിജോൺ ഫോർടുയിൻ 2 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് എടുത്ത് വിജയം കാണുകയായിരുന്നു. 18 റൺസ് എടുത്ത റീസ ഹെൻഡ്രിക്സിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ക്വിന്റൺ ഡി കോക്ക് 58 റൺസ് എടുത്തും എയ്ഡൻ മാർക്രം 21 റൺസ് എടുത്തും പുറത്താവാതെ നിന്നു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ 14ന് നടക്കും.