നോർവെയെ വീഴ്ത്തി ഓസ്ട്രിയ യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ

വനിത യൂറോ കപ്പിൽ ഗ്രൂപ്പ് എയിൽ നോർവെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ഓസ്ട്രിയ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ടിന് പിറകിൽ രണ്ടാം സ്ഥാനക്കാരായി ആണ് ഓസ്ട്രിയ ക്വാർട്ടർ ഫൈനലിൽ എത്തിയത്. ക്വാർട്ടറിൽ എത്താൻ സമനില മാത്രം മതിയായിരുന്ന ഓസ്ട്രിയ ജയിച്ചു തന്നെ അവസാന എട്ടിൽ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. പന്ത് കൈവശം വക്കുന്നതിൽ നോർവെ മുന്നിട്ട് നിന്നെങ്കിലും ഓസ്ട്രിയ ആണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്.

ആദ്യ പകുതിയിൽ 37 മത്തെ മിനിറ്റിൽ വെറെന ഹാൻഷായുടെ അപകടകരമായ ക്രോസിൽ നിന്നു ഹോഫൻഹെയിം താരം നിക്കോൾ ബില്ല ഹെഡറിലൂടെ ഓസ്ട്രിയക്ക് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നോർവെ ഉണർന്നു കളിച്ചു എങ്കിലും അത് പരാജയം ഒഴിവാക്കാൻ മതിയായിരുന്നില്ല. ഇതോടെ ടൂർണമെന്റിൽ നിന്നു നോർവെ പുറത്തായി. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയ ജൂലൈ 21 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ജർമ്മനിയെ നേരിടും.