വനിതാ ഫുട്ബോൾ ലീഗ് മെയ് 5 മുതൽ, ഐ ലീഗ് – ഐ എസ് എല്ലിൽ നിന്ന് ഏക ക്ലബായി ഗോകുലം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിന്റെ മൂന്നാം സീസണ് ഫൈനൽ റൗണ്ടിന് മെയ് 5 മുതൽ തുടക്കമാകും. ടൂർണമെന്റിന്റെ ഫിക്സ്ചറുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. പഞ്ചാബിലെ ലുധിയാന ആകും വനിതാ ലീഗിന് വേദിയാവുക. 14 ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുന്നത്. 7 ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളിൽ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടർച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ് സി വനിതാ ലീഗിൽ മത്സരിക്കുന്നുണ്ട്.

ഗ്രൂപ്പ് എയിലാണ് ഗോകുലം കേരള എഫ് സി ഉള്ളത്. നിലവിലെ ചാമ്പ്യന്മാരായ റൈസുംഗ് സ്റ്റുഡന്റ്സ് ഉൾപ്പെടെയുള്ള ശക്തരായ ക്ലബുകൾ ഗ്രൂപ്പ് എയിൽ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഏക ക്ലബ് എന്നതിനപ്പുറം ഇന്ത്യയിലെ ദേശീയ ലീഗുകളായ ഐ ലീഗിൽ നിന്നും ഐ എസ് എല്ലിൽ നിന്നുമുള്ള ക്ലബുകളെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് ഗോകുലം കേരള എഫ് സി എന്ന പ്രത്യേകതയും ഉണ്ട്. ഐ ലീഗിലെയോ ഐ എസ് എല്ലിലെയോ മറ്റൊരു ക്ലബിനും ഒരു നല്ല വനിതാ ടീമിനെ ഒരുക്കാനോ വനിതാ ലീഗിന് അയക്കാനോ സാധിച്ചില്ല. എഫ് സി ഗോവ, പൂനെ സിറ്റി എന്നിവർക്ക് വനിതാ ടീം ഉണ്ടെങ്കിലും ഇന്ത്യൻ വനിതാ ലീഗിൽ കളിക്കാനുള്ള ടീം ഒരുക്കാൻ അവർക്ക് ഒന്നും ആയില്ല. കഴിഞ്ഞ തവണത്തെ ഫൈനൽ റൗണ്ടിലും ഗോകുലം മാത്രമേ ദേശീയ ലീഗുകളെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ സീസണിൽ സെമി ഫൈനൽ യോഗ്യത നേടാൻ പറ്റാതിരുന്ന ഗോകുലം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. മികച്ച ടീമാണ് ഗോകുലത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ ദലീമ ചിബർ, സഞ്ജു എന്നിവർ ഒക്കെ ഇതിനകം തന്നെ ഗോകുലം നിരയിൽ എത്തിയിട്ടുണ്ട്. വിദേശ താരങ്ങൾ അടക്കം ഇനി ടീമിൽ എത്താനും ഉണ്ട്‌. ഇത്തവണ റൈസിംഗ് സ്റ്റുഡന്റ്സിനും ഈസ്റ്റേൺ സ്പോർടിംഗിനുമൊക്കെ ശക്തമായ വെല്ലുവിളിയായി തന്നെ ഗോകുലം മാറും.

Advertisement