സൂപ്പർ കപ്പ് ഫൈനൽ ഇന്ന്, കിരീടം ലക്ഷ്യമിട്ട് ഗോവയും ചെന്നൈയിനും

- Advertisement -

ഐ എസ് എല്ലിലെ നിരാശ തീർക്കാൻ ഇന്ന് സൂപ്പർ കപ്പ് ഫൈനലിൽ ഇറങ്ങുകയാണ് എഫ് സി ഗോവയും ചെന്നൈയിനും. ഐ എസ് എൽ ഫൈനലിൽ ഏറ്റതു പോലൊരു പരാജയം കൂടെ ഫൈനലിൽ ഏറ്റുവാങ്ങാനുള്ള ശേഷി ലൊബേറയുടെ എഫ് സി ഗോവയ്ക്ക് ഉണ്ടായേക്കില്ല. ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ട്രോഫി ഇന്ന് തന്നെ നേടും എന്ന് ഉറപ്പിച്ചാണ് അവർ ഇറങ്ങുന്നത്.

സെമിയിൽ കരുത്തരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ചായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം. കിരീടത്തിനായി ഒരു ചെന്നൈ ടീമിനെ കൂടെ അവർക്ക് പരാജയപ്പെടുത്തേണ്ടതുണ്ട്. 2015 ഐ എസ് എൽ ഫൈനലിന്റെ ആവർത്തനം കൂടിയാണിത്. അന്ന് ചെന്നൈയിൻ നാടകീയമായി വിജയിച്ചിരുന്നു. ചെന്നൈയിനെ പരാജയപ്പെടുത്തുക വളരെ പ്രയാസമാണെന്ന് ഗോവ പരിശീലകൻ ലൊബേര ഇന്നലെ പറഞ്ഞു.

എഡു ബേഡിയ സസ്പെൻഷൻ മാറി വരുന്നതും കൊറോയുടെ മിന്നും ഫോമും ആണ് ഗോവയുടെ ഇന്നത്തെ പ്രതീക്ഷ. സെമിയിൽ എ ടി കെയെ തോൽപ്പിച്ചാണ് ചെന്നൈയിൻ വരുന്നത്. ഐ എസ് എല്ലിൽ തകർന്നടിഞ്ഞ ചെന്നൈയിനല്ല ഇപ്പോൾ സൂപ്പർ കപ്പിൽ കാണുന്നത്. എങ്കിലും തങ്ങളല്ല ഗോവയാണ് ഫേവറിറ്റ്സ് എന്നാണ് ചെന്നൈയിൻ പരിശീലകൻ പറയുന്നത്. സി കെ വിനീത് വന്നതോടെ ഗോൾ നേടാൻ ബുദ്ധിമുട്ടിയിരുന്ന ചെന്നൈയിനിൽ നിന്ന് മാറി എളുപ്പം ഗോൾ കണ്ടെത്തുന്ന ടീമായി ചെന്നൈയിൻ മാറി. അനിരുദ്ധ താപയുടെ ഗംഭീര ഫോമും ചെന്നൈയിനെ പഴ താളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റും താപ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement