അണ്ടർ 16 ഏഷ്യൻ കപ്പ് യോഗ്യത, തകർപ്പൻ ജയത്തോടെ ഇന്ത്യ തുടങ്ങി

2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള ഇന്ത്യയുടെ യോഗ്യത റൗണ്ട് പോരാട്ടം ആരംഭിച്ചു. ഉസ്ബെകിസ്താനിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ ഇന്ത്യ ഇന്ന് തുർക്ക്മെനിസ്താനെ ആണ് നേരിട്ടത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി ശുഭോയും ശ്രീദർത്തും ഇരട്ട ഗോളുകൾ നേടി.

കളിയുടെ 24ആം മിനുട്ടിൽ ആയിരുന്നു ശുഭോയുടെ ആദ്യ ഗോൾ. ശ്രീദർത്ത് ഷോട്ട് തുർക്ക്മെനിസ്താൻ കീപ്പർ സേവ് ചെയ്തു എങ്കിലും ശുഭോ ടാപിൻ ചെയ്ത് ഗോൾ ആക്കുകയായിരുന്നു. 41ആം മിനുട്ടിൽ ടെയ്സൺ സിങിന്റെ അസിസ്റ്റിൽ നിന്ന് ശ്രീദർത്ത് ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു ടെയ്സൺ സിംഗിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ശുഭോയുടെ രണ്ടാം ഗോൾ. കളിയുടെ അവസാന നിമിഷത്തിൽ ഹിമാൻഷുവിലൂടെ ഇന്ത്യ നാലാം ഗോളും നേടി. കളിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ശ്രീദർത്തിന്റെ രണ്ടാം ഗോൾ. സെപ്റ്റംബർ 20ന് നടക്കുന്ന മത്സരത്തിൽ ബഹ്റൈനെ ആണ് ഇന്ത്യക്ക് അടുത്ത മത്സരത്തിൽ നേരിടാൻ ഉള്ളത്.