ഡേവിഡ് ലൂയിസിന് ചെൽസി വിടണം, ആഴ്സണലിലേക് മാറാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ

- Advertisement -

ട്രാൻസ്ഫർ വിൻഡോ അവസാനത്തോട് അടുക്കുമ്പോൾ ചെൽസിയിൽ നിന്ന് അപ്രതീക്ഷിത വാർത്ത. ചെൽസി സെന്റർ ബാക്ക് ഡേവിഡ് ലൂയിസ് ചെൽസിക്ക് പുറത്തേക്ക് പോകാൻ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ സജീവമായി. താരം ആഴ്സണലിലേക്ക് മാറിയേക്കും എന്ന് ഫ്രഞ്ച് മാധ്യമമായ ല എക്വിപ്പെ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. വിവിധ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകരും ഈ വാർത്ത റിപ്പോർട്ട് ചെയ്തു.

ചെൽസിയിൽ ലംപാർഡിന് കീഴിൽ കൂടുതൽ കളികളിൽ കളിക്കാൻ അവസരം ലഭിച്ചേക്കില്ല എന്ന സംശയമാണ് താരത്തെ മറ്റൊരു ലണ്ടൻ ക്ലബ്ബായ ആഴ്സണലിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരം ഇന്ന് ചെൽസിക്ക് ഒപ്പം പരിശീലനം നടത്തിയില്ല എന്നും സൂചനയുണ്ട്. സൂമ ചെൽസിയിൽ തുടരും എന്ന് ഉറപ്പായതോടെ ഡേവിഡ് ലൂയിസിന്റെ ചെൽസി ആദ്യ ഇലവനിലെ സ്ഥാനം സംശയത്തിൽ ആയിരുന്നു. സീസൺ തുടങ്ങാൻ കേവലം 3 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ലൂയിസ് ലണ്ടനിലെ ശത്രുക്കളായ ആഴ്സണലിലേക് മാറിയാൽ അത് ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും എന്ന് ഉറപ്പാണ്.

2016 ലാണ് ലൂയിസ് പി എസ് ജി യിൽ നിന്ന് ചെൽസിയിലേക്ക് മടങ്ങി എത്തിയത്. അന്ന് പി എസ് ജി പരിശീലകൻ ആയിരുന്ന ഉനൈ എമറി ആണ് നിലവിലെ ആഴ്സണൽ പരിശീലകൻ.

Advertisement