ലുകാകു ഇനി ഇന്റർ മിലാനിൽ!!! ക്ലബുകൾ തമ്മിൽ ധാരണ

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകുവിനായുള്ള ഇന്റർ മിലാന്റെ ശ്രമങ്ങൾ അവസാനം വിജയിച്ചു. ഇന്ന് ഇന്റർ മിലാൻ സമർപ്പിച്ച പുതിയ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗീകരിച്ചു. 80 മില്യണോളം ആയിരിക്കും ലുകാകുവിനായി ഇന്റർ മിലാൻ ചിലവഴിക്കുക. നേരത്തെ 60 മില്യന്റെ ബിഡ് ഇന്റർ നടത്തിയപ്പോൾ യുണൈറ്റഡ് അത് നിരസിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിൽ നിന്ന് രണ്ട് വർഷം മുമ്പായിരുന്നു ലുകാകുവിനെ വാങ്ങിയത്. ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും രണ്ടാം സീസണിൽ യുണൈറ്റഡിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കാൻ ലുകാകുവിനായില്ല. സോൾഷ്യാർ പരിശീലകനായതോടെ ക്ലബിൽ അവസരവും കുറഞ്ഞു. അതോടെ ക്ലബ് വിടാനുള്ള ആഗ്രഹം താരം പരസ്യമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ മത്സരങ്ങളിൽ ഒന്നും ലുകാകു കളിച്ചിരുന്നില്ല. മാത്രമല്ല അവസാന രണ്ട് ദിവസമായി യുണൈറ്റഡിനൊപ്പം താരം ട്രെയിൻ ചെയ്യുന്നുമില്ല. കരാർ ധാരണയായതോടെ ഇന്ന് തന്നെ ലുകാകു മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. ലുകാകു പോയതോടെ അറ്റാക്കിംഗ് നിരയിൽ ഒരു 20 ഗോൾ നേടാൻ കഴിവുള്ള സ്ട്രൈക്കർ ഇല്ലാതെ നിൽക്കുകയാണ് യുണൈറ്റഡ്.