പി എസ് ജിയുടെ വലിയ ഒഫർ അലാബ നിരസിച്ചു, ലക്ഷ്യം ലാലിഗ മാത്രം

ബയേൺ മ്യൂണിച്ച് താരമായ ഡേവിഡ് അലാബ പി എസ് ജി നൽകിയ വലിയ ഓഫർ നിരസിച്ചു. ബയേൺ ക്ലബ് വിടുമെന്ന് ഉറപ്പായതോടെ താരത്തെ ലക്ഷ്യമിട്ട് വലിയ ഓഫർ തന്നെ പി എസ് ജി നൽകിയിരുന്നു. എന്നാൽ തനിക്ക് ലാലിഗ അല്ലാതെ വേറെ ഒരു ലീഗിലും കളിക്കാൻ താല്പര്യമില്ല എന്നാണ് അലാബയുടെ തീരുമാനം. റയൽ മാഡ്രിഡോ ബാഴ്സലോണയോ നൽകുന്ന ഓഫർ മാത്രമെ അലാബ സ്വീകരിക്കാൻ സാധ്യതയുള്ളൂ.

നേരത്തെ ചെൽസിയുടെ ഓഫറും അലാബ നിരസിച്ചിരുന്നു‌. താരത്തിനായി വലിയ ക്ലബുകൾ ഒക്കെ രംഗത്ത് വന്നിട്ടും ഇതുവരെ അലാബ ഒരു തീരുമാനം എടുത്തിട്ടില്ല. ജനുവരി മുതൽ അലാബ ഫ്രീ ഏജന്റാണ്. സെന്റർ ബാക്കായും ഫുൾബാക്കായും ഒപ്പം ഡിഫൻസീവ് മിഡായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് അലാബ. ബയേൺ അലാബയ്ക്ക് നൽകിയിരുന്ന പുതിയ കരാർ വാഗ്ദാനം ക്ലബ് പിൻവലിച്ചതായി ബയേൺ മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. അവസാന 12 വർഷങ്ങളായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ.