ഗോകുലം- സാറ്റ് തീരൂർ സൗഹൃദ മത്സരം കൊണ്ട് ഒരുക്കിയ സ്‌നേഹവീട് നാളെ കൈമാറും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: ഗോകുലം കേരള എഫ് സി – എ ബി ബിസ്മി സാറ്റ് തിരൂർ സൗഹൃദ മത്സരത്തിലൂടെ മലപ്പുറം ജില്ലാ ഫുട്ബോൾ കൂട്ടായ്മ സ്വരൂപിച്ച തുക ഉപയോഗിച്ചു നിർമിച്ച “സ്നേഹ വീട്” പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഫുട്ബോൾ താരങ്ങളായ സഹോദരങ്ങൾക്കു ഇന്ന് (June 22 ) കൈമാറും.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ വെച്ചു ഒക്ടോബർ 12 നു നടന്ന സൗഹൃദ മത്സരത്തിൽ നിന്നും സമാഹരിച്ച തുകയായ ഒമ്പതു ലക്ഷം രൂപയും, ACTON എന്ന സംഘടന സംഭാവനയായി നൽകിയ ഒരു ലക്ഷത്തി എഴുപത്തിയേഴായിരം രൂപയും ചേർത്തു നിർമിച്ചതാണ് 850 sq ft വിസ്തൃതി ഉള്ള ഈ സ്നേഹ വീട്.

കഴിഞ്ഞ വർഷത്തിലെ പ്രളയത്തിൽ വീട് നഷ്‌ടമായ നിലബൂർ സ്വദേശികളായ മൂന്നു ഫുട്ബോൾ കളിക്കാരായ സഹോദരങ്ങൾക്കാണ് മലപ്പുറം ജില്ലാ ഫുട്ബോൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. ഈ വീടിന്റെ താക്കോൽ ദാന ഉദ്‌ഘാടനം മലപ്പുറം ജില്ലാ കളക്ടർ ശ്രീ കെ ഗോപാലകൃഷ്ണൻ IAS നിർവഹിക്കും. ചടങ്ങിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ പി എസ്, മുഖ്യ അതിഥി ആയിരിക്കും.

ശ്രീ മോഹനചന്ദ്രൻ DYSP സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, മലപ്പുറം ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ശ്രീ സുധീർ എന്നിവർ താക്കോൽ കൈമാറ്റ ചടങ്ങു നിർവഹിക്കും.

വിശിഷ്ട അതിഥികൾ ആയി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ , എ ബി ബിസ്മി സാറ്റിന്റെ സ്പോൺസർ അജ്മൽ ബിസ്മി എന്നിവർ പങ്കെടുക്കും.

“പ്രളയത്തിന്റെ ദുരിത കയത്തിൽ നിന്നും ഈ സഹോദരങ്ങളെ കൈ പിടിച്ചു ഉയർത്താൻ നടത്തിയ ഉദ്യമത്തിൽ ഞങ്ങൾക്കും ഒരു ഭാഗമാകുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ സഹോദരങ്ങളുടെ കഷ്ടപ്പാട് അറിഞ്ഞിട്ട് സഹായിച്ച ഫുട്ബോൾ പ്രേമികളും ഈ നന്മ നിറഞ്ഞ പ്രവർത്തിയുടെ ഭാഗമായി. ഫുട്ബോൾ മലപ്പുറത്തുകാർ എന്നും നെഞ്ചിൽ ഏറ്റുന്ന കളി ആണെന്നു ഒരിക്കൽ കൂടി ഓര്മപെടുത്തുന്നതാണ് ഈ പ്രവർത്തി,” ശ്രീ ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു.

വീട് നഷ്ടപെട്ട കുട്ടികൾക്ക് വളരെ വേഗത്തിൽ ഒരു വീട് നിർമിച്ചു നൽകാനും അവർക്ക് ഒരു താങ്ങായി തീരുവാനും മലപ്പുറം ജില്ലയിലെ ഫുട്ബോൾ കൂട്ടായ്മയ്ക്ക് സാധിച്ചു. ഇതിൽ ഏറെ സന്തോഷമുണ്ട്. ഇനിയും ഇത്തരം കൂട്ടായ്മകൾ സാമൂഹിക പ്രതിബദ്ധതയോടെ മുന്നോട്ടു വരണമെന്നും മുഖ്യ സംഘാടകന്‍ ആഷിഖ് കൈനിക്കര പറഞ്ഞു.

മലപ്പുറം ജില്ലാ ഫുട്ബോൾ കൂട്ടായ്മ

മുൻ ഫുട്ബോളർ യു അബ്ദുൽ കരീം, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ മെമ്പർ ആഷിഖ് കൈനിക്കര, ACTON ചെയർമാൻ Dr മുജീബ് റഹ്മാൻ, ബാവ സൂപ്പർ സ്റ്റുഡിയോ എന്നിവരും മലപ്പുറം ജില്ലയിലെ എല്ലാ ഫുട്ബോൾ പ്രേമികളും ചേർന്നിട്ടാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്.

താക്കോൽ കൈമാറ്റം ഒഴികെ ബാക്കി എല്ലാ പരിപാടികളും Zoom മീറ്റിംഗ് വഴി ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. Zoom meeting id: 95094486956, password: dpc2020