രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം മിലാന് ജയം, ഇറ്റലിയിൽ ഒന്നാമത്

സീരി എയിൽ എ സി മിലാൻ അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്നലെ സാൻസിരോയിൽ നടന്ന മത്സരത്തിൽ ഹെല്ലാസ് വെറോണയെ നേരിട്ട എ സി മിലാൻ തുടക്കത്തിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം സ്വന്തമാക്കി. ആദ്യ 24 മിനുട്ടിൽ തന്നെ വെറോണ ഇന്നലെ രണ്ടു ഗോളുകൾ അടിച്ചിരുന്നു. ഏഴാം മിനുട്ടിൽ കാപ്രരിയും 24ആം മിനുട്ടിൽ ബരകും ആണ് വെറോണയ്ക്ക് ആയി വല കുലുക്കിയത്. ആദ്യ പകുതി 2-0ന്റെ ലീഡിൽ അവസാനിപ്പിക്കാൻ സന്ദർശകർക്ക് ആയി.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. 59ആം മിനുട്ടിൽ ജിറൂദ് ആണ് മിലാനെ ഒരു ഗോളുമായി കളിയിലേക്ക് തിരികെ കൊണ്ടു വന്നത്. 76ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കെസ്സി മിലാന് സമനില നൽകി. സ്കോർ 2-2. പിന്നെ വിജയ ഗോളിനായി മിലാൻ ശ്രമിക്കുന്നതിനിടയിൽ പിറന്ന സെൽഫ് ഗോളിൽ 78ആം മിനുട്ടിൽ മിലാൻ ലീഡും എടുത്തു. ഈ വിജയത്തോടെ 8 മത്സരങ്ങളിൽ 22 പോയിന്റുമായി മിലാൻ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച നാപോളി 21 പോയിന്റുമായി പിറകിൽ ഉണ്ട്.