പോരാട്ടം കടക്കുന്ന സീരി എ,അറ്റലാന്റ ഒന്നാമത്,ഒന്നാം സ്ഥാനം പിടിച്ചെടുക്കാൻ നാപോളി ഇന്നിറങ്ങും

ഇറ്റാലിയൻ സീരി എയിൽ രാത്രി നടന്ന മത്സരത്തിൽ സസുവോളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു അറ്റലാന്റ ലീഗിൽ ഒന്നാമത്. 41 മത്തെ മിനിറ്റിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു അറ്റലാന്റയുടെ തിരിച്ചു വരവ് ജയം. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് മരിയോ പാസാലിച് ഗോൾ നേടിയപ്പോൾ രണ്ടാം പകുതി തുടങ്ങിയ ഉടൻ അദമോള ലുക്മാൻ വിജയഗോൾ കണ്ടത്തി. രണ്ടു ഗോളിനും ബ്രാണ്ടൻ സോപ്പിയാണ് അവസരം ഒരുക്കിയത്.

അറ്റലാന്റ

തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് നൈജീരിയൻ താരമായ ലുക്മാൻ അറ്റലാന്റക്ക് ആയി ഗോൾ നേടുന്നത്. ജയത്തോടെ നാപോളിയെക്കാൾ ഒരു കളി കൂടുതൽ കളിച്ച അറ്റലാന്റ ലീഗിൽ ഒരു പോയിന്റ് മുന്നിൽ ഒന്നാമത് ആണ്. ഇന്ന് ബൊളോഗ്നയെ നേരിടുന്ന നാപോളി ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആവും ഇറങ്ങുക. മൂന്നാമത് നിൽക്കുന്ന ലാസിയോ നാലാമതുള്ള ഉഡിനിസയെ നേരിടുമ്പോൾ ഇന്റർ മിലാൻ സലറിറ്റാനെയും എ.സി മിലാൻ ഹെലാസ് വെറോണയെയും നേരിടും.