ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും നാപോളിക്ക് സമനില. ഇത്തവണ ലെകെക്ക് എതിരെ ഭാഗ്യം കൊണ്ടാണ് അവർ പരാജയം വഴങ്ങാത്തത്. പന്ത് കൈവശം വക്കുന്നതിൽ വലിയ ആധിപത്യം ആണ് നാപോളി പുലർത്തിയത്. എന്നാൽ 25 മത്തെ മിനിറ്റിൽ എന്റോബലെ പെനാൽട്ടി വഴങ്ങിയത് നാപോളിക്ക് തിരിച്ചടിയായി. എന്നാൽ പെനാൽട്ടി എടുത്ത ലോറൻസോ കൊളോമ്പോക്ക് പെനാൽട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
തുടർന്ന് 2 മിനിറ്റിനുള്ളിൽ പൊളിറ്റാനയുടെ പാസിൽ നിന്നു എൽമാസ് നാപോളിക്ക് ഗോൾ നേടി നൽകി. എന്നാൽ ഗോൾ വഴങ്ങി നാലു മിനിറ്റിനുള്ളിൽ ബോക്സിന് പുറത്ത് നിന്ന് പെനാൽട്ടി പാഴാക്കിയതിന് പകരമായി ഗോൾ നേടിയ കൊളോമ്പോ നാപോളിക്ക് ജയം നിഷേധിക്കുക ആയിരുന്നു. സന്ദോറിയക്ക് എതിരെ ലാസിയോയും സമനില വഴങ്ങി. സാവിച്ചിന്റെ പാസിൽ നിന്നു ഇമ്മബോയലിന്റെ ഗോളിൽ ലാസിയോ മത്സരത്തിൽ 21 മത്തെ മിനിറ്റിൽ മുന്നിലെത്തി. എന്നാൽ 92 മത്തെ മിനിറ്റിൽ ഗാബിയാഡിനി നേടിയ ഗോൾ അവർക്ക് ജയം നിഷേധിക്കുക ആയിരുന്നു. ലീഗിൽ നിലവിൽ നാപോളി മൂന്നാമതും ലാസിയോ ആറാമതും ആണ്.