ഇന്റർ മിലാന്റെ പുതിയ സീരി എ സീസണ് ഒരു ത്രില്ലറിലൂടെ തന്നെ തുടക്കം. ഇന്ന് സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫിയൊറെന്റീനയെ നേരിട്ട ഇന്റർ മിലാൻ 4-3 എന്ന സ്കോറിന്റെ വിജയമാണ് സ്വന്തമാക്കിയത്. 87ആം മിനുട്ട് വരെ 2-3ന് പിറകിൽ നിന്ന ശേഷമായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. ആർടുറോ വിദാലിന്റെ ഇന്റർ മിലാൻ അരങ്ങേറ്റം കണ്ട മത്സരത്തിൽ വിദാലും നൈങോളനും സാഞ്ചസും ഇന്റർ മധ്യനിര ഒരുമിച്ച് കൈകാര്യം ചെയ്യുന്ന കാഴ്ചയും കാണാൻ ആയി.
ഇന്ന് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ കൗവമെയിലൂടെ ഫിയൊറെന്റീന ലീഡ് എടുത്തിരുന്നു. അതിന് മറുപടി കൊടുക്കാൻ വേണ്ടി 45ആം മിനുട്ട് വരെ ഇന്റർ മിലാൻ കാത്തു നിൽക്കേണ്ടി വന്നു. ലൗട്ടാരോ മാർട്ടിനെസിന്റെ വക ആയിരുന്നു സമനില ഗോൾ. പിന്നാലെ രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലൂടെ ഇന്റർ 2-1ന് മുന്നിൽ എത്തി. പിറകെ റിബറിയുടെ രണ്ട് അസിസ്റ്റുകൾ വന്നപ്പോൾ വീണ്ടും കളി മാറി. 63ആം മിനുട്ടിലേക്ക് ഫിയൊറെന്റീന 3-2 മുന്നിൽ. കാസ്ട്രോവിലിയും ചീസയുമായിരുന്നു ഗോൾ സ്കോറേഴ്സ്.
ഇതിനു ശേഷമാണ് കൊണ്ടെ മാറ്റങ്ങൾ വരുത്തിയത്. 87ആം മിനുട്ടിൽ പുതിയ സൈനിംഗ് ഹകീമിയുടെ അസിസ്റ്റിൽ ഇന്റർ സമനില പിടിച്ചത്. 90ആം മിനുട്ടിൽ ഡിആംബ്രോസിയോ ഇന്റർ മിലാൻ അർഹിച്ച വിജയം ഉറപ്പിച്ച നാലാം ഗോളുൻ നേടി. സാഞ്ചസ് ആയിരുന്നു ആ ഗോൾ ഒരുക്കിയത്.