സാഫ് കപ്പിൽ ഇന്ന് ഇന്ത്യ പാകിസ്താൻ സെമി

സാഫ് കപ്പിന്റെ സെമി ഫൈനലിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് പാകിസ്ഥാനാണ് എതിരാളികൾ. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. തങ്ങളുടെ എട്ടാമത് സാഫ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാകിസ്ഥാന്റെ ലക്ഷ്യം ആദ്യ സാഫ് കപ്പ് ഫൈനലാകും.

ഇതിനു മുമ്പ് മൂന്ന് തവണ പാകിസ്ഥാൻ സെമിയിൽ എത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ പാകിസ്ഥാന് സാഫിൽ സെമി കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാൻ സെമിയിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാൻ ബംഗ്ലാദേശിനോട് ഒരു മത്സരം തോറ്റിരുന്നു. ഫിഫയുടെ വിലക്ക് നേരിട്ട നീണ്ടകാല ഇടവേളയ്ക്ക് ശേഷം പാകിസ്ഥാൻ ഔദ്യോഗികമായി പങ്കെടുത്ത് ആദ്യ ടൂർണമെന്റാണിത്.

യുവ നിരയുമായി എത്തിയ ഇന്ത്യക്ക് സാഫ് കിരീടത്തിൽ കുറഞ്ഞത് എന്തും നിരാശ ആയിരിക്കും എന്നത് കൊണ്ട് കോൺസ്റ്റന്റൈൻ ശക്തമായ ടീമിനെ തന്നെ ഇന്ന് ഇറക്കും. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു എങ്കിലും അത്ര മികച്ച പ്രകടനം ഇന്ത്യൻ യുവനിരക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. ഡി സ്പോർട് ചാനലിൽ കളി തത്സമയം കാണാം.

ഇതുവരെ 31 തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഫുട്ബോളിൽ നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 18 തവണയും ഇന്ത്യക്കായിരുന്നു ജയം. അഞ്ചു തവണ മത്സരം സമനില ആവുകയും ചെയ്തു.