അബദ്ധങ്ങളുടെ ഘോഷയാത്രക്ക് ഒടുവിൽ വമ്പന്മാർ സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡിഫൻസീവ് അബദ്ധങ്ങളുടെ പെരുമഴ കണ്ട മത്സരത്തിൽ ഓൾഡ്ട്രാഫോർഡിൽ സമനില. ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും തമ്മിൽ നടന്ന പോരാട്ടമാണ് 2-2 എന്ന സ്കോറിൽ സമനിലയിൽ അവസാനിച്ചത്. മികച്ച ഫോമിൽ വന്ന ആഴ്സണൽ കഷ്ടപ്പെടുന്ന യുണൈറ്റഡിനെ തോൽപ്പിക്കാൻ ആവാതെ മടങ്ങുകയാണ്. 2006ന് ശേഷം ഇതുവരെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോമിൽ ആഴ്സണൽ വിജയിച്ചിട്ടില്ല.

ഇന്ന് കളി മികച്ച രീതിയിൽ തുടങ്ങിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിലും ലീഡ് എടുത്തത് ആഴ്സണൽ ആയിരുന്നു. ഗോൾ കീപ്പർ ഡിഹയ്ക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു ഗോളായി മാറിയത്. 26ആം മിനുട്ടിൽ മുസ്താഫിയുടെ ഹെഡറിൽ ആയിരുന്നു ഈ പിഴവ് ഡിഹിയയുടെ കൈകൾക്ക് പറ്റിയത്. പക്ഷെ അതിന് നാലു മിനുറ്റുകൾക്കകം യുണൈറ്റഡ് സമനില കണ്ടെത്തി. മാർഷ്യലിന്റെ വക ആയിരുന്നു ഈ സമനില. ഹെരേര കൊടുത്ത ഒരു ക്രോസിന് ആഴ്സണൽ ഡിഫൻസ് കാഴ്ചക്കാരായി നിന്നപ്പോൾ എളുപ്പത്തിൽ വലയിലേക്ക് കയറ്റേണ്ട പണിയെ മാർഷ്യലിന് ഉണ്ടായുള്ളൂ.

കളിയുടെ 68ആം മിനുട്ടിൽ മാഞ്ചസ്റ്റർ ഡിഫൻഡറിന്റെ രണ്ടു പിഴവുകൾ ആണ് കളിയിലെ അടുത്ത ഗോളായി മാറിയത്. ആദ്യ റോഹോയുടെ പാസ് ആഴ്സണൽ താരത്തിന്റെ കാലിൽ ആയി വീണത്. ആ പാസിൽ നിന്ന് അറ്റാക്ക് ചെയ്ത ആഴ്സണലിനെ പിന്തുടർന്ന റോഹോയുടെ ടാക്കിൾ പിഴച്ചപ്പോൾ ലകാസെറ്റെയുടെ ഷോട്ട് ഗതി മാറി യുണൈറ്റഡ് വലയിൽ വീണു. ആഴ്സണൽ 2-1 മാഞ്ചസ്റ്റർ.

ആ ഗോളിനും ഉടൻ യുണൈറ്റഡ് മറുപടി കൊടുത്തു. ഇത്തവണ ആഴ്സണൽ ഡിഫൻസ് ആണ് തപ്പിതടഞ്ഞത്. അവസരം മുതലാക്കി ലിംഗാർഡാണ് യുണൈറ്റഡിന് സമനിലഗോൾ നേടിക്കൊടുത്തത്. ഈ സമനില ആഴ്സണലിനെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തി. യുണൈറ്റഡ് ഇപ്പോൾ എട്ടാം സ്ഥാനത്താണ്.