ഹാട്രിക്കുമായി മുന്നിൽ നിന്നും നയിച്ച് സോൺ; ബേൺലിയെ തകർത്ത് ടോട്ടനം

Nihal Basheer

20230902 212703
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാട്രിക്കുമായി ക്യാപ്റ്റൻ സോൺ കളം നിറഞ്ഞ മത്സരത്തിൽ ബേൺലിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കിക്കൊണ്ട് ടോട്ടനത്തിന് തകർപ്പൻ വിജയം. ക്രിസ്റ്റ്യൻ റൊമേറോ, ജെയിംസ് മാഡിസൻ എന്നിവർ മറ്റു ഗോളുകൾ കണ്ടെത്തി. ബേൺലിക്ക് വേണ്ടി ഫോസ്റ്റർ, ബ്രൗൺഹിൽ എന്നിവർ ആണ് വല കുലുക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് സ്പർസ്.
20230902 212706
നാലാം മിനിറ്റിൽ തന്നെ ടോട്ടനം വലയിൽ പന്തെത്തുന്നത് കണ്ടാണ് മത്സരം ഉണർന്നത്. ബോളുമായി ബോക്സിലേക്ക് കുതിച്ച കോലെഷോ നൽകിയ പാസിൽ ഫോസ്റ്റർ നിലം പറ്റെ തൊടുത്ത ഷോട്ട് വലയിലേക്ക് കയറി. എന്നാൽ ഇതോടെ ടോട്ടനം മത്സരത്തിലേക്ക് തിരിച്ചു വന്നു. 16ആം മിനിറ്റിൽ സോണിലൂടെ അവർ സമനില ഗോൾ കണ്ടെത്തി. ലോങ് ബോൾ പിടിച്ചെടുത്തു സോളോമന് കൈമാറിയ താരം ബോക്സിനുള്ളിൽ തിരിച്ചു പാസ് സ്വീകരിച്ച് ചിപ്പ് ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. മാഡിസന്റെ ഷോട്ട് ട്രാഫോർഡ് സേവ് ചെയ്തു. മാഡിസനും തകർപ്പൻ ഫോമിലായിരുന്നു മത്സരത്തിൽ. ഇഞ്ചുറി സമയത്ത് റൊമേറോയിലൂടെ ടോട്ടനം ലീഡ് നേടി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ശക്തിയേറിയ ഷോട്ട് വലയിൽ പതിക്കുമ്പോൾ കീപ്പർക്ക് നോക്കി നിൽക്കാനെ സാധിച്ചുള്ളൂ.

രണ്ടാം പകുതിയിൽ ടോട്ടെനം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 54ആം മിനിറ്റിൽ മാഡിസണിലൂടെ അവർ ലീഡ് വർധിപ്പിച്ചു. ഇടത് വിങ്ങിൽ ബോൾ തിരിച്ചു പിടിച്ച ഉദോഗി മാർക്ക് ചെയ്യപ്പെടാതെ നിന്ന മാഡിസന് പാസ് നൽകിയപ്പോൾ ബോക്സിന് പുറത്തു വെച്ചു തന്നെ അതിമനോഹരമായ ഷോട്ടിലൂടെ താരം വല കുലുക്കി. പിറകെ ഒരു കൗണ്ടർ നീക്കത്തിൽ നിന്നും ഫോസ്റ്ററിന്റെ ഷോട്ട് തടുത്ത് വിസെറിയോ സന്ദർശകരുടെ രക്ഷക്കെത്തി. 63ആം മിനിറ്റിൽ ഒരിക്കൽ കൂടി സോളോമന്റെ അസിസ്റ്റിൽ നിന്നും സോൺ ഗോൾ കണ്ടെത്തി. മൂന്ന് മിനിറ്റിനു ശേഷം സോൺ മത്സരത്തിൽ ഹാട്രിക്കും സ്വന്തമാക്കി. എതിർ പകുതിയുടെ മധ്യത്തിൽ നിന്നായി ബേൺലി പ്രതിരോധത്തെ കീറി മുറിച്ച് പെഡ്രോ പൊറോ നൽകിയ ത്രൂ ബോൾ പിടിച്ചെടുത്ത് താരം വല കുലുക്കുകയായിരുന്നു. പിന്നീട് മാഡിസൺ, സോൺ എന്നിവരെ കോച്ച് പിൻവലിച്ചു. അവസാന മിനിറ്റികളിൽ ഹൊയ്‌ബെർഗിന്റെ പെനാൽറ്റി അപ്പീൽ റഫറി അനുവദിച്ചില്ല. ഇഞ്ചുറി ടൈമിൽ ബോക്സിനുള്ളിൽ നിന്നും ബ്രൗൺഹിൽ വല കുലുക്കിയതോടെ ബേൺലി തോൽവി ഭാരം കുറച്ചു. ഇതോടെ കോമ്പാനിയും സംഘവും പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് താഴ്ന്നു.