പ്രീ സീസണിൽ രണ്ടാം സന്നാഹ മത്സരത്തിന് ഇറങ്ങിയ ലിവർപൂളിന് സമനില. എട്ടു ഗോളുകൾ കണ്ട മത്സരത്തിൽ 89ആം മിനിറ്റിൽ സല രക്ഷകനായി അവതരിച്ചപ്പോൾ ക്ലോപ്പും സംഘവും ബുണ്ടസ്ലീഗ രണ്ടാം ഡിവിഷൻ ടീമായ ഗ്ര്യൂത്തർ ഫുർതിനോട് തോൽവി ഒഴിവാക്കുകയായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ രണ്ടാം പ്രീ സീസൺ മത്സരമായിരുന്നു ഇത്. സല, ലൂയിസ് ഡിയാസ് എന്നിവർ ഓരോ ഗോളുകൾ നേടിയപ്പോൾ ഡാർവിൻ ന്യൂനസ് രണ്ടു തവണ വല കുലുക്കി. തുടർന്നുള്ള പ്രീ സീസൺ ഒരുക്കങ്ങൾക്ക് വേണ്ടി ലിവർപൂൾ സിംഗപ്പൂരിലേക്ക് തിരിക്കും.
പരിക്ക് മൂലം പുതിയ താരം ഡൊമിനിക് സോബോസ്ലായി ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങിയത്. അർനോൾഡ് മധ്യനിരയിൽ ഇടം കണ്ടെത്തിയപ്പോൾ ഗാക്പോ, ജോട്ട, ഡിയാസ്, വാൻ ഡൈക്ക്, റോബിൻസൻ, അലിസൻ എന്നിവരും ആദ്യ ഇലവനിൽ തന്നെ എത്തി. 22ആം മിനിറ്റിൽ ഡ്രിബ്ബിൾ ചെയ്തു ബോക്സിലേക്ക് കയറി വല കുലുക്കിയ ഡിയാസിലൂടെ ലിവർപൂൾ ആണ് ആദ്യം ഗോൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരൻ കീപ്പർ അഡ്രിയന്റെ പിഴവിൽ ജർമൻ ടീം സമനില നേടി. എന്നാൽ 50ആം മിനിറ്റിൽ ന്യൂനസ് ടീമിന്റെ ലീഡ് തിരിച്ചു പിടിച്ചു. സലയാണ് അസിസ്റ്റ് നൽകിയത്. പിന്നീട് ഒരിക്കൽ കൂടി സല ഉയർത്തി നൽകിയ ബോൾ പിടിച്ചെടുത്തത് കുതിച്ച് ന്യൂനസ് ലിവർപൂളിന്റെ മൂന്നാം ഗോളും കണ്ടെത്തി. എന്നാൽ പിന്നീട് ഫുർത്ത് തുടർച്ചായി തിരിച്ചടിക്കുന്നതാണ് കണ്ടത്. വെറും ഒൻപത് മിനിറ്റുകൾക്കുള്ളിൽ അവർ മൂന്ന് ഗോളുകൾ ലിവർപൂൾ വലയിൽ നിക്ഷേപിച്ചു. ലൂക്കാസ് പെറ്റ്കോവ് ഒരു ഗോൾ നേടിയപ്പോൾ അർമിന്റോ സിയെബ് രണ്ടു തവണ വല കുലുക്കി സ്വന്തം ടീമിന് ലീഡും സമ്മാനിച്ചു. 89ആം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ന്യൂനസ് നൽകിയ ബോൾ അനായാസം വലയിൽ എത്തിച്ച് സല ലിവർപൂളിനെ തോൽവിയിൽ നിന്നും കരകയറ്റി.