മാഞ്ചസ്റ്റർ യുണൈറ്റഡിൽ വേഗതയുള്ള അറ്റാക്കിംഗ് ഫുട്ബോൾ ഒക്കെ ചെറിയ രീതിയിൽ കൊണ്ടു വരാനും യുണൈറ്റഡ് ആരാധകർക്ക് കഴിഞ്ഞ സീസണിൽ ചെറിയ സന്തോഷങ്ങൾ നൽകാനും ഒക്കെ ഒലെ ഗണ്ണാർ സോൾഷ്യാറിന് ആയിരുന്നു. എങ്കിലും മാഞ്ചസ്റ്ററിലെ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ ഭാവി ഈ വരുന്ന മാസം അറിയാൻ ആകും. ഈ സീസൺ വളരെ മോശം രീതിയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. രണ്ട് ഹോം ഗ്രൗണ്ട് പരാജയങ്ങൾ.
അതിൽ ഒന്ന് ക്രിസ്റ്റൽ പാലസിനെതിരെയും ഒന്ന് സ്പർസിനെതിരെ 6-1ന്റെ ചരിത്രത്തിൽ ഇല്ലാത്ത പരാജയവും. പെട്ടെന്ന് തന്നെ മാഞ്ചസ്റ്ററിലെ കാര്യങ്ങൾ നേരെ ആക്കിയില്ല എങ്കിൽ ഒലെയുടെ ജോലി പോകും എന്ന് ഉറപ്പാണ്. അടുത്ത ആറു മത്സരങ്ങൾ ഒലെയ്ക്ക് നിർണായകമാണ്. അത്രയ്ക്ക് വലിയ മത്സരങ്ങൾ ആണ് ഒലെയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡും മുന്നിൽ ഉള്ളത്. ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലുമായി ആറു വൻ മത്സരങ്ങൾ.
ആദ്യം മികച്ച ഫോമിൽ ഉള്ള ന്യൂകാസിൽ ആണ് യുണൈറ്റഡ് എതിരാളികൾ. അതിനു പിന്നാലെ വമ്പന്മാരായ പി എസ് ജി, പിറകെ ചെൽസി, ലെപ്സിഗ്, ആഴ്സണൽ പിന്നെ ഇസ്താംബുൾ ബസക്ഷയറും. ഇതിൽ ഒന്ന് പോലും എളുപ്പത്തിലോ തട്ടിമുട്ടിയോ വിജയിക്കാൻ ആകുന്ന മത്സരമല്ല. ഈ വെല്ലുവിളി അതിജീവിച്ചാൽ ഒലെയെ ഈ സീസണിൽ മുഴുവൻ മാഞ്ചസ്റ്ററിൽ കാണാൻ ആകും. അല്ല എങ്കിൽ പോചടീനോ എന്ന പകരക്കാരനെ തേടി ഗ്ലേസേഴ്സും വുഡ്വാർഡും പോകും. ഡിഫൻസ് ശക്തമാക്കാത്തതും വലതു വിങ്ങിൽ സാഞ്ചോയെ എത്തിക്കാത്തതും ഒക്കെ മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് എങ്കിലും എല്ലാ കുറ്റവും ഏറ്റെടുത്ത് ഒലെ പുറത്ത് പോകേണ്ടി വരും. എന്നാൽ മുമ്പ് ഇത്തരം വിഷമ സാഹചര്യങ്ങളും വെല്ലുവിളികളും ഒക്കെ അതിജീവിക്കാൻ ഒലെയ്ക്ക് ആയിട്ടുണ്ട്. ആ വിശ്വാസം യുണൈറ്റഡ് ആരാധകരിലും ചെറുതായുണ്ട്.