ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയില്ലെങ്കിലും ഖേദമില്ലെന്ന് ഗ്വാർഡിയോള

- Advertisement -

ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേടിയില്ലെങ്കിലും തനിക്കോ തന്റെ കളിക്കാർക്കോ ഖേദമുണ്ടാവില്ലെന്ന് പരിശീലകൻ ഗ്വാർഡിയോള. കഴിഞ്ഞ തവണ നിരവധി റെക്കോർഡുകൾ മറികടന്ന പോരാട്ടം മാഞ്ചസ്റ്റർ സിറ്റി പുറത്തെടുത്തുവെങ്കിലും ഈ വർഷം മാഞ്ചസ്റ്റർ സിറ്റിയുടെ പ്രകടനം കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതാണെന്ന് ഗ്വാർഡിയോള പറഞ്ഞു. പ്രീമിയർ ലീഗ് കിരീടം പോരാട്ടത്തിൽ കഴിഞ്ഞ ദിവസം ലിവർപൂളിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഫുട്ബോൾ പ്രേമികൾ ഒന്നാം സ്ഥാനക്കാർക്കും മാത്രമേ പരിഗണന നൽകുന്നുള്ളുവെന്നും രണ്ടാം സ്ഥാനക്കാരെ തോറ്റവരായിട്ടാണ് കണക്കാക്കുന്നതെന്നും ഗ്വാർഡിയോള പറഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയാലും തന്റെ കളിക്കാർ മികച്ച താരങ്ങളാണെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മേഴ്സി സൈഡ് ഡെർബിയിൽ ലിവർപൂൾ സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ 10 പോയിന്റിന് ലിവർപൂൾ മുൻപിൽ ആയിരുന്നിടത്ത് നിന്നാണ് മാഞ്ചസ്റ്റർ സിറ്റി ഒരു പോയിന്റിന്റെ ലീഡ് നേടി പോയിന്റ് പട്ടികയിൽ തലപ്പത്ത് എത്തിയത്.

Advertisement