ചെന്നൈ സിറ്റിയെ എളുപ്പത്തിൽ കിരീടം നേടാൻ വിടില്ല, ഈസ്റ്റ് ബംഗാളിന് ഉറപ്പ് നൽകി മിനേർവ

- Advertisement -

ഐ ലീഗ് കിരീട പോരാട്ടം ശക്തമായിരിക്കെ അവസാന രണ്ട് മത്സരങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. ഈസ്റ്റ് ബംഗാളും ഗോകുലവും തമ്മിലുള്ള മത്സരവും, മിനേർവ പഞ്ചാബും ചെന്നൈ സിറ്റിയും തമ്മിൽ ഉള്ള മത്സരവും. മിനേർവയ്ക്ക് എതിരെ ചെന്നൈ സിറ്റി വിജയിച്ചാൽ കിരീടം ചെന്നൈ സിറ്റി സ്വന്തമാക്കും. ചെന്നൈ സിറ്റി വിജയിക്കാതിരിക്കുകയും ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്താൽ കിരീടം കൊൽക്കത്തയിലേക്കും പോകും.

ഇങ്ങനെയാണ് സ്ഥിതി എന്നിരിക്കെ മിനേർവ പഞ്ചാബിൽ ആണ് ഈസ്റ്റ് ബംഗാൾ ആരാധകരുടെ സർവ്വ പ്രതീക്ഷയും. മിനേർവ പഞ്ചാബിനോട് ശക്തമായ പോരാട്ടം നടത്താനും ചെന്നൈ സിറ്റിയെ ജയത്തിൽ നിന്ന് തടയാനും ഈസ്റ്റ് ബംഗാൾ ആരാധകർ ആവശ്യപ്പെടുന്നു. മൈന്ന് ലജോങ്ങ് പരാജയപ്പെട്ടതോടെ റിലഗേറ്റ് ആവില്ല എന്ന് ഉറപ്പായ മിനേർവയ്ക്ക് ചെന്നൈ സിറ്റിക്ക് എതിരായ മത്സരം വിജയിച്ചത് കൊണ്ട് നേട്ടം ഒന്നുമില്ല.

എന്നാൽ ചെന്നൈ സിറ്റിക്ക് എതിരായ മത്സരത്തിൽ ശക്തമായ ടീമിനെ തന്നെ മിനേർവ ഇറക്കും എന്ന് മിനേർവ ഉടമ രഞ്ജിത്ത് ബജാജ് പറഞ്ഞു. ചെന്നൈ സിറ്റി എളുപ്പത്തിൽ വിജയിക്കില്ല എന്ന് മിനേർവ ഉറപ്പിക്കും എന്നും രഞ്ജിത്ത് ബജാജ് ഈസ്റ്റ് ബംഗാൾ ആരാധകരോടായി ഇന്ന് ട്വിറ്ററിൽ പറഞ്ഞു‌. നേരത്തെ ചെന്നൈ സിറ്റിയെ കിരീടം നേടിയതിൽ അഭിനന്ദിക്കുന്നു എന്ന ട്വീറ്റ് ഇട്ട് ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിമർശനം രഞ്ജിത്ത് ബജാജ് ഏറ്റുവാങ്ങിയിരുന്നു.

മാർച്ച് 9നാണ് രണ്ട് മത്സരങ്ങളും നടക്കുന്നത്. ഈസ്റ്റ് ബംഗാളിന് 39 പോയന്റും ചെന്നൈ സിറ്റിക്ക് 40 പോയന്റുമാണ് ഇപ്പോൾ ഉള്ളത്.

Advertisement