മൊ സലായും ഫർമീനോയും തീ!!! വാറ്റ്ഫോർഡ് കത്തിച്ച് ലിവർപൂൾ കുതിപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ ഗംഭീര പ്രകടനങ്ങൾ തുടരുന്നു. ഇന്ന് വാറ്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ ഒരു ദയയും ഇല്ലാതെ ഗോളുകൾ അടിച്ചു കൂട്ടി വിജയിച്ചു. റനിയേരി പരിശീലകനായി എത്തി എങ്കിലും വാറ്റ്ഫോർഡിന്റെ പ്രകടനം ഒട്ടും മെച്ചപ്പെട്ടില്ല. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ലിവർപൂളിനായി ഹാട്രിക്ക് ഗോളുകൾ അടിച്ച് ഫർമീനോ തിളങ്ങി. ഒപ്പം സലായും തിളങ്ങി. ഈജിപ്ഷ്യൻ മജീഷ്യന്റെ ഒരോ ചുവടും മാന്ത്രികമായിരുന്നു എന്ന് തന്നെ പറയാം.

ഇന്ന് മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ആണ് ലിവർപൂളിന്റെ ആദ്യ ഗോൾ വന്നത്. പുറം കാലു കൊണ്ട് സലാ കൊടുത്ത ഒരു അത്ഭുത പാസ് സ്വീകരിച്ച് സാഡിയോ മാനെ ആണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്. മാനെയുടെ പ്രീമിയർ ലീഗ് കരിയറിലെ നൂറാം ഗോളായിരുന്നു ഇത്. 37ആം മിനുട്ടിൽ മിൽനറിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ഫർമീനോ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ വാറ്റ്ഫോർഡിന്റെ ഗോൾകീപ്പർ ഫോസ്റ്ററിന്റെ പിഴവ് മുതലെടുത്ത് ഫർമീനോ വീണ്ടും ഗോൾ നേടി. 54ആം മിനുട്ടിൽ ആയിരുന്നു സലായുടെ ബൂട്ടിൽ നിന്ന് അത്ഭുത ഗോൾ വന്നത്. വാറ്റ്ഫോർഡ് ഡിഫൻസിനെ ആകെ കബളിപ്പിച്ച് സലാ നേടിയ ഗോൾ കളിയിലെ തന്നെ ഏറ്റവും മികച്ച ഗോളായി. ഇത് തുടർച്ചയായ എട്ടാം മത്സരത്തിൽ ആണ് സലാ ഗോൾ നേടുന്നത്. മത്സരത്തിന്റെ അവസാന നിമിഷമാണ് ഫർമീനോ ഹാട്രിക്ക് പൂർത്തിയാക്കിയത്.

ഈ വിജയത്തോടെ എട്ടു മത്സരങ്ങളിൽ 18 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ലിവർപൂൾ ലീഗിൽ ഇതുവരെ ഒരു പരാജയം പോലും വഴങ്ങിയിട്ടില്ല.