മെൻഡിയും ഗോൾ പോസ്റ്റും രക്ഷിച്ചു, ബ്രെന്റ്ഫോർഡിൽ നിന്ന് 3 പോയിന്റുമായി ചെൽസി രക്ഷപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം ചെൽസി നിലനിർത്തി‌. ഇന്ന് ബ്രെന്റ്ഫോർഡിനെ ഏക ഗോളിന് തോൽപ്പിച്ച് കോണ്ടാണ് ചെൽസി ലീഗിന്റെ തലപ്പത്തേക്ക് വീണ്ടും എത്തിയത്. ബ്രെന്റ്ഫോർഡിന്റെ തുടർ ആക്രമണങ്ങളിൽ നിന്ന് കഷ്ടപ്പെട്ടു രക്ഷപ്പെട്ടാണ് ചെൽസി ബ്രെന്റ്ഫോർഡിൽ നിന്ന് മടങ്ങിയത്. ഇന്ന് രണ്ട് തവണയാണ് ബ്രെന്റ്ഫോർഡിന്റെ താരം എമുബുവെമോയുടെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഷോട്ട് പോസ്റ്റിൽ തട്ടുക ആയിരുന്നു. ഈ സീസണിൽ ഇതുവരെ 6 തവണയാണ് എമ്പുവെമോയുടെ ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങിയിട്ടുള്ളത്.

ഇത് കൂടാതെ രണ്ടാം പകുതിയിൽ ചെൽസി ഗോൾ കീപ്പർ മെൻഡിയുടെ മൂന്ന് ലോകോത്തര സേവുകളും ചെൽസിയുടെ വിജയം ഉറപ്പിക്കാൻ കാരണമായി. ഇതിൽ 93ആം മിനുട്ടിലെ ഒരു ബൈസൈക്കിൾ കിക്കിൽ നിന്നുള്ള സേവും ഉണ്ടായിരുന്നു. ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ആയിരുന്നു ചിൽവെലിലൂടെ ചെൽസി ലീഡ് എടുത്തത്. ഈ വിജയത്തോടെ ചെൽസിക്ക് 8 മത്സരങ്ങളിൽ 19 പോയിന്റായി. 12 പോയിന്റുമായി ബ്രെന്റ്ഫോർഡ് 7ആം സ്ഥാനത്താണ് ഉള്ളത്.