ഇന്റർ മിലാന് ലീഗിലെ ആദ്യ പരാജയം സമ്മാനിച്ച് ലാസിയോ

സീരി എയിൽ ഈ സീസണിൽ ആദ്യമായി ഇന്റർ മിലാൻ പരാജയപ്പെട്ടു. ഇന്ന് ലാസിയോ ആണ് ഇന്ററിനെ മുട്ടുകുത്തിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സാരിയുടെ ടീമിന്റെ വിജയം. റോമിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്റർ മിലാൻ ഒരു ഗോളിന് മുന്നിൽ എത്തിയിരുന്നു. 12ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് പെരിസിച് ആണ് ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ലാസിയോയുടെ തിരിച്ചടി.

64ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഇമ്മൊബിലെ സമനില നേടിക്കൊടുത്തു. 81ആം മിനുട്ടിൽ ഫിലിപ്പെ ആൻഡേഴ്സൺ ഇന്ററിന് ലീഡും നൽകി. കളിയുടെ ഇഞ്ച്വറി ടൈമിൽ മിലിങ്കോവിച് സാവിച് ആണ് ലാസിയോയുടെ മൂന്നാം ഗോൾ നേടിയത്. ഈ വിജയത്തോടെ ലാസിയോ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 17 പോയിന്റുള്ള ഇന്റർ മൂന്നാമത് നിൽക്കുന്നുണ്ട്.