ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻഫീൽഡിൽ, ലിവർപൂളിനെ തടയാൻ ആകുമോ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രാത്രി അതിനിർണായക മത്സരമാണ് നടക്കാൻ ഉള്ളത്. ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരുന്നു. ലിവർപൂളിനെ തടയാനുള്ള കരുത്ത് ഇപ്പോഴത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടോ എന്ന ചോദ്യത്തിന് അപ്പുറം പ്രസ്കതമാണ് ഈ മത്സരം. ലിവർപൂളിന്റെ കിരീടം തേടിയുള്ള യാത്രക്കും മാഞ്ചസ്റ്ററിന്റെ ടോപ് 4നായുള്ള ശ്രമങ്ങൾക്കും ഈ മത്സരം വിധി എഴുതിയേക്കും.

ഇന്ന് വിജയിച്ചാൽ ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമത് എത്താം. ഇരുപതാം ലീഗ് കിരീടം എന്ന വലിയ ലക്ഷ്യത്തിലേക്ക് ലിവർപൂളിന് അടുക്കാൻ ഈ വിജയം സഹായിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് 4ന് അപ്പുറം ലിവർപൂളിനെ തടയേണ്ടതിനുള്ള കാരണം ഈ ഇരുപതാം ലീഗ് കിരീടം എന്നതാകും. ഇപ്പോൾ ഇംഗ്ലണ്ടിൽ ഇരുപത് ലീഗ് കിരീടങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ ഏറ്റവും മികച്ച ക്ലബെന്ന റെക്കോർഡിൽ നിൽക്കുകയാണ്. ലിവർപൂൾ ഇത്തവണം കിരീടം നേടിയാൽ ആ റെക്കോർഡിനാകും കോട്ടം തട്ടുക. അതുകൊണ്ട് എന്ത് വില കൊടുത്തും ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തടയാൻ ശ്രമിക്കും.

എന്നാൽ ആൻഫീൽഡ് ലിവർപൂളിന്റെ കോട്ടയാണ് അവരെ അവിടെ ചെന്ന് വീഴ്ത്തുക ഒട്ടും എളുപ്പമല്ല. നിലവിലെ ഫോം വെച്ച് ലിവർപൂളിന് തന്നെയാണ് ഇന്ന് മുൻതൂക്കം. പൊതുവെ ദയനീയമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ഇന്ന് ലിവർപൂൾ അറ്റാക്കിന് മുന്നിൽ എങ്ങനെ പിടിച്ചു നിൽക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്‌. ഇന്ന് പാത്രിരാത്രി 12.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലൂടെയും സ്റ്റാർസ്പോർട്സ് വഴിയും തത്സമയം കാണാം.