മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ആദ്യ മാത്സരം, വൈരികളായ ലീഡ്സ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികൾ ആയ ലീഡ്സ് യുണൈറ്റഡിനെ ആകും മാഞ്ചസ്റ്റർ നേരിടുക. കഴിഞ്ഞ തവണ ലീഡ്സിനെ മാഞ്ചസ്റ്ററിൽ വെച്ച് വലിയ സ്കോറിന് തോൽപ്പിച്ചിരുന്നു എങ്കിലും ബിയെൽസയുടെ ടീമിനെ മറികടക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമായിരിക്കില്ല. ഓൾഡ്ട്രാഫോർഡിൽ ആരാധകർ തിരിച്ചെത്തുന്നത് യുണൈറ്റഡിന് ഇന്ന് മുൻതൂക്കം നൽകും.

രണ്ട് വലിയ ട്രാൻസ്ഫറുകൾ നടത്തി ടീം ശക്തമാക്കിയാണ് യുണൈറ്റഡ് ഈ സീസണിൽ ഇറങ്ങുന്നത്. എന്നാൽ ആ വലിയ സൈനിംഗിൽ ഒന്നായ വരാനെ ഇന്ന് യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. എന്നാൽ സാഞ്ചോ ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും. കവാനി, റാഷ്ഫോർഡ് എന്നിവരും ഇന്ന് മാഞ്ചസ്റ്റർ നിരയിൽ ഉണ്ടാകില്ല. ഡിഹിയ ആകും യുണൈറ്റഡ് വല കാക്കുക. ഡീൻ ഹെൻഡേഴ്സൺ കൊറോണയുടെ പാർശ്വഫലങ്ങൾ കാരണം വിശ്രമത്തിലാണ്.

വരാനെ ഇല്ലാത്തതിനാൽ മഗ്വയർ ലിൻഡെലോഫ് കൂട്ടുകെട്ടാകും സെന്റർ ബാക്കിൽ ഇറങ്ങുക. ലൂക് ഷോ, വാൻ ബിസാക എന്നിവർ ഫുൾ ബാക്കുകളായി ഇറങ്ങും. മധ്യനിരയിൽ ആരാകും ഇറങ്ങുക എന്ന് വ്യക്തമല്ല. വാൻ ഡെ ബീകിനെ മധ്യനിരയിൽ ഇറക്കാൻ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. പോഗ്ബ, ബ്രൂണോ, ഗ്രീൻവുഡ്, മാർഷ്യൽ, സാഞ്ചോ എന്നിവരൊക്കെ ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുന്നത്. കളി സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.