ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വലിയ ഒരു പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഓൾഡ്ട്രാഗോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരും. ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികൾ ഇന്ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ രണ്ട് ടീമുകളുടെയും ലക്ഷ്യം ആദ്യ വിജയം ആകും. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് നിൽക്കുന്നത്. രണ്ട് പരാജയങ്ങളും വന്നത് താരതമ്യേന ദുർബലരായ ബ്രൈറ്റണും ബ്രെന്റ്ഫോർഡിനും എതിരെ ആയിരുന്നു.
അതിൽ ബ്രെന്റ്ഫോർഡിന് എതിരായ 4-0ന്റെ പരാജയം യുണൈറ്റഡ് ആരാധകർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തത് ആകും. യുണൈറ്റഡ് ഇപ്പോൾ ലീഗിൽ അവസാന സ്ഥാനത്താണ്. ഇന്ന് ടെൻ ഹാഗ് ടീമിൽ വലിയ മാറ്റങ്ങൾ നടത്തിയേക്കും. റൊണാൾഡോ പുറത്ത് ഇരുന്നാലും അത്ഭുതപ്പെടേണ്ടതില്ല. മാർഷ്യൽ പരിക്ക് മാറി ഇന്ന് ടീമിൽ എത്തിയേക്കും. പുതിയ സൈനിംഗ് കസെമിറോക്ക് ഇന്ന് കളിക്കാൻ ആകില്ല.
ലിവർപൂൾ കളിച്ച രണ്ട് മത്സരങ്ങളിലും സമനിലയുമായാണ് ഓൾഡ്ട്രാഫോർഡിൽ എത്തുന്നത്. ഇതുവരെ വിജയം ഇല്ല എങ്കിലും ഇന്ന് ലിവർപൂൾ ആണ് ഫേവറിറ്റ്സ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വലിയ വിജയം നേടാൻ ലിവർപൂളിനായിരുന്നു. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് വാങ്ങിയ നൂനിയസ് ഇന്ന് ലിവർപൂളിന് ഒപ്പം ഉണ്ടാകില്ല. പരിക്ക് കാരണം പല പ്രധാന താരങ്ങളും ലിവർപൂൾ നിരയിൽ ഇല്ല എന്നതും ക്ലോപ്പിന് തലവേദന ആകും.
ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.