ലെസ്റ്റർ വിടാൻ സോയുഞ്ചു, താരത്തിന് വേണ്ടി ഗലറ്റസരെ രംഗത്ത്

Nihal Basheer

തുർക്കിഷ് താരം ചാഗ്ലാർ സോയുഞ്ചു ലെസ്റ്റർ വിടും. ബ്രൈറ്റണെതിരെയുള്ള മത്സരത്തിൽ നിന്നും താരത്തെ കോച്ച് ബ്രണ്ടൻ റോജേഴ്‌സ് ഒഴിവാക്കിയിട്ടുണ്ട്. പ്രതിരോധ താരത്തിന് വേണ്ടി തുർക്കിയിൽ നിന്നും തന്നെ ആവശ്യക്കാർ ഉള്ളതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഗലറ്റ്സരെയാണ് നിലവിൽ താരത്തെ എത്തിക്കാൻ സന്നദ്ധരായിട്ടുള്ളത്. ടീമുകൾ തമ്മിലുള്ള ചർച്ച വരും ദിവസങ്ങളിൽ നടന്നേക്കും. ഇത്തവണ ലീഗിലെ ഒരു മത്സരത്തിൽ പോലും താരത്തിന് കളത്തിൽ ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല

2018ലാണ് സോയുഞ്ചു ലെസ്റ്ററിൽ എത്തുന്നത്. ആദ്യ സീസണിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തുടർന്ന് ടീമിലെ പ്രതിരോധത്തിലെ മുഖ്യ താരമായി. എന്നാൽ അടുത്ത കാലത്ത് ഫോം നഷ്ടത്തിലൂടെ കടന്ന് പോവുകയാണ് താരം. ഈ സീസണോടെ കരാറും അവസാനിക്കും എന്നതിനാൽ താരത്തെ ഒഴിവാക്കാൻ തന്നെ ആയിരുന്നു ലെസ്റ്ററിന്റെ തീരുമാനം. എങ്കിലും പ്രതിരോധത്തിലെ ആണിക്കല്ലായിരുന്ന മാർക്കാവോയെ അടക്കം നഷ്ടമായ ഗലറ്റ്സരെ, അനുഭവ സമ്പത്തുള്ള സോയുഞ്ചുവിനെ എത്തിക്കുന്നത് ടീമിന് ഗുണകരമാകുമെന്ന് കരുതുന്നു. ഇവരുടെ ആദ്യ ഓഫർ ലെസ്റ്റർ തള്ളിക്കളഞ്ഞതായും സൂചനകൾ ഉണ്ട്.