റൗണ്ട് ഓഫ് 16 അഥവാ മരണ പതിനാറ്

shabeerahamed

Picsart 22 09 04 19 09 56 105
Download the Fanport app now!
Appstore Badge
Google Play Badge 1

സാധാരണ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ കളികൾക്ക് ആവേശം കൂടുക ക്വാർട്ടറിലാണ്. അതിന് മുൻപ് കൂടി വന്നാൽ ഒരു ‘ഷോക്കിങ് എക്സിറ്റ്’ ഒക്കെ വന്നേക്കും എന്നല്ലാതെ അപ്രതീക്ഷിത ജയങ്ങൾ ഒന്നും കാണാറില്ല. ഇത്തവണ യുഎസ് ഓപ്പണിൽ കാര്യങ്ങളുടെ കിടപ്പ് ആകെ മാറിയിട്ടുണ്ട്.

ക്വാർട്ടറിന് മുൻപുള്ള നാലാം റൗണ്ട് അഥവാ റൗണ്ട് ഓഫ് 16 ലൈനപ്പ് കാണുന്ന ഏതൊരു ടെന്നീസ് ആരാധകനും ഇത് മനസ്സിലാകും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8.30pm മുതൽ തുടങ്ങുന്ന ടെന്നീസ് കളികൾ അത്യധികം ആവേശകരമാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

20220904 190907

ഡേയ്വിടൊവിച് vs ബെറേറ്റിനി – 8.30pm
മൗടേറ്റ് vs റൂഡ് – 9.30pm
കരേനോ vs ഖാഷ്നോവ് – 11.45pm
മെദ്വദേവ് vs കിരിയോസ് – 4.30am
ഇവഷ്ക vs സിന്നർ – TBD
നോറി vs റുബ്ലേവ് – TBD
ടിയാഫോ vs നദാൽ – TBD
ചിലിച് vs അൽക്കറാസ് – TBD

ഇതിൽ ഏറ്റവും വാശിയേറിയത് ഏതാകും എന്നു പ്രവചിക്കുക അസാധ്യം. എങ്കിലും മെദ്വദേവ് – കിരിയോസ് പോരാട്ടമായിരിക്കും എന്റർടെയിന്മന്റ് വാല്യു കൊണ്ടു കാണികൾക്ക് പ്രിയങ്കരമാവുക എന്നത് ഉറപ്പ്. ഇത്തരം കളികൾക്കെങ്കിലും പഴയ രീതിയിൽ ലൈൻ ജഡ്ജസിനെ തിരികെ കൊണ്ടു വരണം എന്നു മസാല പടങ്ങൾ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെടുന്നുണ്ട്!

20220904 191053

നദാൽ ഈ റൗണ്ടിൽ അമേരിക്കൻ പവർ ഹൗസ് ടിയഫോയെ നേരിടുന്ന കളിയും കാണികളെ ആവേശം കൊള്ളിക്കും. അഞ്ചു സെറ്റിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കേണ്ട എന്നു വിദഗ്ധർ പറയുന്നുണ്ട്. ടിയഫോയെ സംബന്ധിച്ച് ഇത് ഹോം ഗ്രൗണ്ട് ആയത് കൊണ്ട്, കാണികളുടെ പിന്തുണ രണ്ടാൾക്കും ഒരു പോലെയാകും.

അടുത്തടുത്ത സീഡുകാരായ നോറിയും റുബ്‌ലെവും തമ്മിലുള്ള കളിയും വാശിയേറിയതാകും. ബ്രിട്ടീഷ് – റഷ്യൻ കളി എന്ന നിലക്ക് കുറച്ചു രാഷ്ട്രീയ പിരിമുറുക്കവും ഈ കളിക്കുണ്ടാകും. ബ്രിട്ടീഷ്‌കാരുടെ ആകെയുള്ള പ്രതീക്ഷയായത് കൊണ്ട്, നോറിക്ക് കാണികളിൽ കുറച്ചു അധികം ശബ്ദായനമായ പിന്തുണ ലഭിച്ചാൽ അത്ഭുതപ്പെടേണ്ട.

ഈ റൗണ്ടിലെ അവസാന മാച്ചായ ചിലിച് – അൽക്കറാസ് കളി തരള ഹൃദയർക്ക് താങ്ങാവുന്ന ഒന്നാകില്ല. ലോക ടെന്നീസിൽ സ്ഥാനം ഉറപ്പിക്കാൻ ഒരു ജയം ഈ രണ്ട് ചാമ്പ്യൻമാർക്കും അത്യാവശ്യമാണ്. ഇവരുടെ കളിയിൽ കോർട്ടിലെ ഓരോ ഇഞ്ച് സ്ഥലം പോലും ഉപയോഗപ്പെടുത്തുന്ന, അതിമാനുഷമായ അത്ലറ്റിസമാകും കാണാൻ കഴിയുക.

ഇതെല്ലാം കൊണ്ടു തന്നെ ടെന്നീസ് ആരാധകർക്ക് ഇന്ന് ആഘോഷരാവാണ്, യുഎസ് ഓപ്പണിൽ ഓണം നേരത്തെ വന്ന പ്രതീതിയാണ്. നല്ല ടെന്നീസിനായി നമുക്ക് കാത്തിരിക്കാം, ഭാഗ്യം നിറഞ്ഞവർ വിജയിക്കട്ടെ എന്നു ആശംസിക്കാം. കാരണം, ഇന്നത്തെ കളിയിൽ എല്ലാവരും സമൻമാരാണല്ലോ.