മിഡ്ഫീൽഡിൽ കാന്റെയുടെ റോൾ മാറി, തീരുമാനം മാറ്റാതെ സാരി

- Advertisement -

ലോകകപ്പ് ജേതാവായാണ് എൻഗോളോ കാന്റെ ചെൽസിയിൽ മടങ്ങി എത്തിയത്. പോഗ്ബകൊപ്പം ഫ്രഞ്ച് മധ്യനിരയിൽ ഉരുക്ക് പോലെ നിന്ന് ഫ്രാൻസിന്റെ പ്രയാണത്തിൽ നിർണായക ശക്തിയായ ഈ കുറിയ മനുഷ്യനെ പ്രത്യേകം പാട്ട് പാടിയാണ് സഹതാരങ്ങൾ പുകഴ്ത്തിയത്. ലോകത്തിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായി അറിയപ്പെട്ടു തുടങ്ങിയ കാൻറെക്ക് പക്ഷെ ഇത്തവണ ചെൽസിയിൽ വ്യത്യസ്തമായ ജോലിയാണ്. അത് തന്നെയാണ് ചെൽസി ആരാധകരെയും ഇംഗ്ലീഷ് ഫുട്‌ബോൾ വിലയിരുത്തലുകാരെയും രണ്ട് തട്ടിൽ ആക്കിയത്.

മൗറീസിയോ സാരി പരിശീലകനായി ചുമതലയേറ്റ അന്ന് തന്നെയാണ് നാപോളിയിൽ നിന്ന് ജോർജിഞ്ഞോയേയും ചെൽസി ടീമിൽ എത്തിക്കുന്നത്. ജോർജിഞ്ഞോ എത്തിയതോടെ കാൻറെയുടെ പൊസിഷൻ മാറി. പ്രതിരോധക്കാർക്ക് കവചമായിരുന്ന ഹോൾഡിങ് മിഡ്ഫീൽഡർ പൊസിഷനിൽ നിന്ന് മധ്യനിരയുടെ വലത് ഭാഗത്തായി കാന്റെയുടെ സ്ഥാനം. കൂടുതൽ ആക്രമണ ചുമതലയുള്ള പൊസിഷനിലേക്ക് കാന്റെ മാറിയപ്പോൾ ജോർജിഞ്ഞോ കാന്റെ കാലങ്ങളായി ചെൽസിയിൽ കളിച്ച ഹോൾഡിങ് പൊസിഷനിലേക്ക് മാറി.

സാരിക്ക് കീഴിൽ ചെൽസിയുടെ ആദ്യ ഗോൾ നേടിയ കാന്റെയുടെ ടീമിലെ റോൾ പിന്നീട് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. എതിർ കളിക്കാരിൽ നിന്ന് പന്ത് തട്ടി എടുക്കാനും ആക്രമണങ്ങളുടെ മുന ഒടിക്കാനും കരുത്തുള്ള ഒരു താരത്തെ കുറഞ്ഞ പ്രതിരോധ ചുമതലയുള്ള റോളിലേക്ക് മാറ്റിയത് ചെൽസി പ്രതിരോധത്തിൽ വിള്ളലുണ്ടാക്കി. കാന്റെ ആവട്ടെ തന്റെ നിലവിലെ പൊസിഷനിൽ കാര്യമായ അസിസ്റ്റോ ഗോളോ നേടാനും ആവാതെ വന്നതോടെ സാരി താരത്തെ കൈകാര്യം ചെയ്യുന്ന രീതി വിമർശിക്കപ്പെട്ടു. താരത്തിന് തന്റെ മധ്യനിരയിൽ ഏത് പൊസിഷനിലും കളിക്കാനുള്ള കഴിവ് ഉണ്ടെന്ന് സാരി പറയുന്നുണ്ടെങ്കിലും ജോർജിഞോയുടെ റോളിൽ കാന്റെയെ കളിപ്പിക്കാൻ സാരി തയ്യാറല്ല.

തന്റെ ടീമിൽ ഹോൾഡിങ് പൊസിഷനിൽ ടെക്‌നിക്കലി മികച്ച ജോർജിഞ്ഞോ അല്ലെങ്കിൽ ഫാബ്രിഗാസ് എന്നിവർ കളിക്കണം എന്നാണ് സാരിയുടെ ശൈലി. പക്ഷെ ടോട്ടൻഹാമിനെതിരെ ചെൽസി പ്രതിരോധം തകർന്നടിഞ്ഞതോടെ ഒരു പറ്റം ആരാധകരും ഫുട്‌ബോൾ പണ്ഡിതന്മാരും സാരിക്കെതിരെ അഭിപ്രായങ്ങൾ പറഞ്ഞു. എങ്കിലും കാന്റെയുടെ റോളിൽ മാറ്റം ഉണ്ടാവില്ല എന്ന് സാരി വ്യക്തമാക്കിയിട്ടുണ്ട്. കാന്റെയുടെ മികവ് മുതലാക്കാൻ സാരി പുതിയ തന്ത്രം കണ്ടെത്തും തന്നെയാണ് ചെൽസി ആരാധകരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അത് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകളെ തകിടം മറിക്കും എന്നുറപ്പാണ്.

Advertisement