ചെൽസി ചരിത്രത്തിൽ ലംപാർഡിനും ദ്രോഗ്ബക്കും ഒപ്പം ഇനി ഹസാർഡും

- Advertisement -

ചെൽസി ചരിത്രത്തിലെ നിർണായക റെക്കോർഡ് സ്വന്തമാക്കി ഈഡൻ ഹസാർഡ്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോളുകളും 50 അസിസ്റ്റും നേടിയ താരങ്ങളുടെ പട്ടികയിലേക്ക് ഇന്ന് ഹസാർഡും നടന്നു കയറി. ഫുൾഹാമിനെതിരെ ചെൽസിയുടെ വിജയം ഉറപ്പിച്ച ജോർജിഞ്ഞോയുടെ ഗോളിന് വഴി ഒരുക്കിയാണ് ഹസാർഡ് ചരിത്രം സൃഷ്ടിച്ചത്. ചെൽസി ചരിത്രത്തിൽ മുൻപ് ലംപാർഡും ദ്രോഗ്ബയും മാത്രമാണ് സമാന റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

2012 ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിൽ നിന്ന് ലണ്ടനിൽ എത്തിയ ഹസാർഡ് ഇതുവരെ 131 ലീഗ് ഗോളുകളിൽ പങ്കാളിയായി. 81 ഗോളുകളും 50 അസിസ്റ്റുകളും. ഈ സീസണിൽ ഇതുവരെ 12 ലീഗ് ഗോളുകൾ നേടിയ താരം 11 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. 2016-2017 സീസണിൽ നേടിയ 16 ഗോളുകൾ എന്ന നേട്ടം താരം മറികടന്നാൽ ഈ സീസൺ താരത്തിന്റെ ചെൽസി കരിയറിലെ മികച്ച ഒന്നാകും എന്നുറപ്പാണ്‌.

Advertisement