ബേൺലിയോട് തോറ്റ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്

പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആവുന്ന അവസാന ടീമായി മാറി ഫുൾഹാം. ഇന്ന് ബേൺലിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോറ്റതോടെയാണ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആയത്. നേരത്തെ തന്നെ ഷെഫീൽഡ് യുണൈറ്റഡും വെസ്റ്റ്ബ്രോമും പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആയിരുന്നു.

ജയത്തോടെ ബേൺലി ഒരു വർഷം കൂടി പ്രീമിയർ ലീഗ് തുടരുമെന്ന് ഉറപ്പായി. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ അവസാന നാല് മത്സരങ്ങൾ മുഴുവനും ജയിക്കേണ്ടിയിരുന്ന ഫുൾഹാം ബേൺലിക്കെതിരെ ആദ്യ പകുതിയിൽ തന്നെ 2 ഗോളിന് പിറകിൽ പോവുകയായിരുന്നു. ആഷ്‌ലി വെസ്റ്റ്വുഡിലൂടെ ആദ്യ ഗോൾ നേടിയ ബേൺലി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ക്രിസ് വുഡിലൂടെ മത്സരത്തിൽ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫുൾഹാം ശ്രമിച്ചെങ്കിലും ബേൺലി മികച്ച പ്രതിരോധം തീർത്ത് ലീഡ് നിലനിർത്തുകയായിരുന്നു. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ഫുൾഹാം പ്രീമിയർ ലീഗിൽ നിന്ന് റെലെഗേറ്റഡ് ആവുന്നത്. പ്രീമിയർ ലീഗിൽ വന്ന് ആദ്യ സീസണിൽ തന്നെ റെലെഗേറ്റഡ് ആവാനായിരുന്നു ഫുൾഹാമിന്റെ വിധി.