പ്രീമിയർ ലീഗ്; പ്രീമിയർ ലീഗിലേക്ക് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം തിരികെയെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റിന് മറ്റൊരു മികച്ച ഫലം. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട നോട്ടിങ്ഹാം ഫോറസ് ലമ്പാർഡിന്റെ ടീമിനെ സമനിലയിൽ പിടിച്ചു. കഴിഞ്ഞ മത്സരത്തിൽ ഫോറസ്റ്റ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് തുടക്കം മുതൽ തങ്ങളുടെ പോരാട്ട വീര്യം കാണിച്ച ഫോറസ്റ്റ് എവർട്ടണെ തങ്ങളുടെ ഹോം ഗ്രൗണ്ടാണെന്ന സമാധാനം അനുഭവിക്കാൻ വിട്ടില്ല. ഗോർദന്റെ മിന്നലാട്ടങ്ങൾ മാത്രമായിരുന്നു ഫോറസ്റ്റ് ഡിഫൻസിന് ഭീഷണിയായി ഉണ്ടായിരുന്നത്. എങ്കിലും ഫോറസ്റ്റിന്റെ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണെ കീഴ്പ്പെടുത്താൻ എവർട്ടണ് ആയില്ല.
മത്സരം അവസാനിക്കാൻ പത്ത് മിനുട്ടുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ആയിരുന്നു ഫോറസ്റ്റിന്റെ ഗോൾ വന്നത്. 19കാരനായ ബ്രെന്നൻ ജോൺസന്റെ സ്ട്രൈക്ക് പിക്ഫോർഡിന് തടയാൻ ആയില്ല.സ്കോർ 1-0.
ഇതിനു ശേഷം ഉണർന്നു കളിച്ച എവർട്ടൺ 87ആം മിനുട്ടിൽ സമനില നേടി. പിക്ക്ഫോർഡിന്റെ ഒരു ലോങ് പാസ് സ്വീകരിച്ച് ഡിമാരി ഗ്രേ ഒറ്റയ്ക്ക് കുതിച്ച് സമനില നേടുകയായിരുന്നു.
എവർട്ടൺ ഈ പ്രീമിയർ ലീഗ് സീസണിൽ നേടുന്ന ആദ്യ പോയിന്റ് ആണിത്